സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാരടക്കം 23 പേര്‍ മരിച്ചു

Posted on: December 4, 2019 7:48 pm | Last updated: December 5, 2019 at 12:13 pm

ഖാര്‍ത്തൂം | സുഡാനില്‍ ഒരു സെറാമിക് ഫാക്ടറിയില്‍ നടന്ന എല്‍പിജി ടാങ്കര്‍ സ്‌ഫോടനത്തില്‍ 18 ഇന്ത്യക്കാരടക്കം 23 പേര്‍ മരിച്ചു. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ തലസ്ഥാനമായ കാര്‍ട്ടൂമിലെ ബഹ്രി പ്രദേശത്തെ സീല സെറാമിക് ഫാക്ടറിയില്‍ ചൊവ്വാഴ്ചയായിരുന്നു സ്‌ഫോടനം. 16 ഇന്ത്യക്കാരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. 18 ഇന്ത്യക്കാര്‍ മരിച്ചത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ആശുപത്രിയില്‍ പ്രവേശിച്ചവരുടെയും, കാണാതായവരുടെയും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെയും വിശദമായ പട്ടിക ബുധനാഴ്ച ഇന്ത്യന്‍ എംബസി പുറത്തിറക്കിയിട്ടുണ്ട്. 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ നാലുപേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ട മുപ്പത്തിനാല് ഇന്ത്യക്കാരെ സലൂമി സെറാമിക്‌സ് ഫാക്ടറിയിലെ താമസ സ്ഥലത്ത് പാര്‍പ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 130 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതത്താണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ അനധികൃതമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നു. ഇത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.