നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണംവരെ തടവ് ശിക്ഷ

Posted on: December 4, 2019 5:02 pm | Last updated: December 5, 2019 at 12:06 pm

കാസര്‍കോട് | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസര്‍കോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

2018 ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതി പോലീസ് അന്വേഷിച്ചപ്പോള്‍ പ്രതി നേരത്തെ രണ്ട് തവണകൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

2018 ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.