Connect with us

Kerala

ഉന്നത വിദ്യാഭ്യാസ സ്ഥിതി അതീവ ഗരുതരം; മന്ത്രി ജലീല്‍ രാജിവെക്കണം- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | എം ജി യൂണിവേഴ്‌സിയിറ്റിലെ മാര്‍ക്ക്ദാന വിവാദം തെറ്റാണെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇതിന് ഒത്താശ ചെയ്ത ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച, കേരളത്തിലെ സാമ്പത്തിക തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടി 12ന് യു ഡി എഫ് കലക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും. 20ന് കെ പി സി സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും പ്രതിഷേധം നടത്തുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രതികരണമുണ്ടാകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതി അതീവ ഗുരുതരമായതിനാലാണ് ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്. സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെട്ട്് ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ്. കേരളത്തില്‍ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചെയ്യാത്ത ക്രമക്കേടുകളാണ് ജലീല്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറയുന്ന ന്യായങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്ന അവസ്ഥയിലാണ്. ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നത്. കൂടാതെ ഹെലികോപ്ടറും ബുള്ളറ്റ്പ്രൂഫ് കാറുകളും വാങ്ങാനിരിക്കുന്നു. കെടുകാര്യസ്ഥത മുഖമദ്രയായ സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.