Connect with us

Kerala

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകില്ല: മന്ത്രി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം |  എം ജി സര്‍വ്വകലാശാലയുടെ മാര്‍ക്ക് ദാനത്തില്‍ താനോ, തന്റെ സെക്രട്ടറിയോ ഇടപെട്ടതായി സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി ഗവര്‍ണര്‍ ആരിഫ്ഖാന്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍.  ഗവര്‍ണര്‍ തനിക്കെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തിയതായി അറിയില്ല. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്നും മന്ത്രി പറഞ്ഞു. മാര്‍ക്ക്ദാന വിഷയത്തില്‍ എം ജി സര്‍വ്വകലാശാലക്ക് വീഴ്ച സംഭവിച്ചതായ ഗവര്‍ണറുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഗവര്‍ണറുടെ സെക്രട്ടറി മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരന്നു. എന്നാല്‍ അത്തരം ഒരു റിപ്പോര്‍ട്ട് ലഭിച്ചതായി ഗവര്‍ണര്‍ സര്‍ക്കാറിനേയോ, പ്രോ വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ തന്നെയോ അറിയിച്ചിട്ടില്ല. ഇന്ന് മാധ്യമങ്ങളോട് പറഞ്ഞപ്പോഴും അത്തരം ഒരു റിപ്പോര്‍ട്ട് ലഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ എന്തെങ്കിലും തന്നെ അറിയിച്ചാല്‍ താന്‍ പ്രതികരിക്കും. ഇതിനാല്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ താന്‍ പ്രതികരിക്കേണ്ട ആവശ്യമില്ല.

മാര്‍ക്ക് ദാന വിവാദത്തില്‍ തനിക്ക് പങ്കില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. മാര്‍ക്ക്ദാനം ലഭിച്ച വിദ്യാര്‍ഥിയെ എന്തുകൊണ്ട് മാധ്യമങ്ങള്‍ പോയി കാണുന്നില്ലെന്നും ജലീല്‍ ചോദിച്ചു. ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. നടക്കുകയുമില്ല. താന്‍ ഒന്നും ചെയ്യുകയുമില്ല. ഇതിനാല്‍ തനിക്ക് ഒരു ഭയപ്പാടുമില്ല. സര്‍വ്വകലാശാലകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് തിരുത്തി മുന്നോട്ടുപോകണം. ഇത്തരം കേസുകളില്‍ കോടതിയില്‍ പോകുമ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരാണ് പ്രതികരിക്കേണ്ടത്. ഇത് തന്റേ പേരില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.