Connect with us

National

ജസ്റ്റിസ് ലോയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണത്തിന് സാധ്യത

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ അധികാരമേറ്റതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണത്തിന് സാധ്യത. ശിവസേനയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുകൂല നിലപാടെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തേ, മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ലോയുടെ കുടുംബമാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യം രംഗത്തുവന്നത്.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതോടെ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. സൊഹ്‌റാബുദ്ദീന്‍ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ നല്‍കിയ ഹരജി പരിഗണിച്ചു വരുന്നതിനിടെ, 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍വെച്ച് ജഡ്ജി ബി എച്ച് ലോയ മരിക്കുന്നത്.

സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റ് ജഡ്ജിമാര്‍ക്കൊപ്പം നാഗ്പൂരില്‍ ചെന്നതായിരുന്നു അദ്ദേഹം. ഹൃദയാഘാതമെന്നാണ് ഔദ്യോഗിക ഭാഷ്യം.മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട ഹരജികളില്‍ വിധി വരും മുമ്പ് 2018 ജനുവരിയില്‍ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായി വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നും ഉദ്ധവ് അന്ന് പറഞ്ഞു. ലോയയുടെ മരണശേഷം അമിത് ഷായെയും 15 െഎ പി എസ് ഉദ്യോഗസ്ഥരെയും കേസില്‍നിന്ന് ഒഴിവാക്കിയ സി ബി ഐ കോടതി പിന്നീട് ശേഷിച്ച മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയും ചെയ്തു.