Connect with us

Gulf

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്: കണ്ണൂരിനെ ഒഴിവാക്കി; കേരളത്തിന് വീണ്ടും തിരിച്ചടി

Published

|

Last Updated

ദമാം: 2020ലെ ഹജ്ജ് കരാര്‍ പൂര്‍ത്തിയായതോടെ കേരളത്തിന് പുതുതായി എംബാര്‍കേഷന്‍ പോയിന്റ് അനുവദിക്കില്ലെന്ന കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന കേരളത്തിലെ വ്യോമ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ സഊദി അറേബ്യയുമായി ഒപ്പുവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ പുതുതായി ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രി ഒക്ടോബറില്‍ കേന്ദ്ര ഹജ്ജ് മന്ത്രി, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂര്‍ കേന്ദ്രമായി യാത്രാ സൗകര്യം വരുന്നതോടെ കര്‍ണാടകയിലെ തീര്‍ഥാടകര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ഏറെ പ്രതീക്ഷയിലായിരുന്നു കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ ഈ ജില്ലയിലെ ഹജ്ജ് തീര്‍ഥാടകര്‍ ഈ വര്‍ഷം കോഴിക്കോട് എംബാര്‍കേഷന്‍ വഴി ഹജ്ജിന് യാത്ര പുറപ്പെടേണ്ടി വരും. 1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയായി 2018 ഡിസംബറിലാണ് കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചത്.

Latest