Connect with us

International

എണ്ണ വില വര്‍ധനക്കെതിരായ പ്രക്ഷോഭം അമര്‍ത്താന്‍ വെടിവച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇറാന്‍

Published

|

Last Updated

ടെഹ്റാന്‍: എണ്ണ വില വര്‍ധനക്കെതിരെ ഇറാനില്‍ നടന്ന പ്രക്ഷോഭം അമര്‍ത്താന്‍ സൈന്യം വെടിവെച്ചിരുന്നതായി വെളിപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ രാജ്യത്തുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലധികമാളുകള്‍ കൊല്ലപ്പെട്ടുവെന്ന ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്റെ വെളിപ്പെടുത്തല്‍. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇറാന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ പ്രക്ഷോഭത്തിനിടെ നിരവധിയാളുകള്‍ വെടിയേറ്റ് മരിച്ചുവെന്ന് ആദ്യമായി സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. അക്രമാസക്തമായ പ്രക്ഷോഭം നടത്തിയ കലാപകാരികളെ കൊന്നിട്ടുണ്ടെന്നാണ് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം 15 മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൊവാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രതികരണമെന്നോണം നല്‍കിയ വിശദീകരണത്തിലാണ് പ്രക്ഷോഭകരെ വെടിവെച്ചു കൊന്ന കാര്യം ഇറാന്‍ സ്ഥിരീകരിച്ചത്. ബോംബും കത്തിയുമായി സൈന്യത്തിനെതിരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ന്യായീകരിക്കുന്നു. തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളിലാണ് പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഇതാദ്യമായാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. പ്രധാന സ്ഥാപനങ്ങളെയോ സൈന്യത്തെയോ ആയുധങ്ങളുമായി ആക്രമിക്കുന്നവരെയാണ് സൈന്യം പ്രധാനമായും വെടിവെക്കുന്നത്. മറ്റു ചിലര്‍ അബദ്ധത്തില്‍ സൈന്യത്തിന്റെയോ പ്രക്ഷോഭകരുടെയോ വെടിയേറ്റ് മരിക്കുകയാണുണ്ടായത്.

സായുധരായ വിഘടനവാദികളുമായി മഹ്ശര്‍ നഗരത്തില്‍ സൈന്യം ഏറ്റുമുട്ടിയതായും ഏതാനും പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്ര പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
അതേസമയം, ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 208 പേര്‍ കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ പറയുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മരണനിരക്ക് കണക്കാക്കിയതെന്ന് ആംനസ്റ്റി പറയുന്നു. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും വലുതായിരിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആംനസ്റ്റി പുറത്തുവിട്ട കണക്കുകള്‍ ഇറാന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. അവര്‍ വെറുതെ കുറെ സംഖ്യകളും പേരുകളും പറയുകയാണ്. കെട്ടിച്ചമച്ച കണക്കുകളാണ് അവര്‍ പുറത്തുവിടുന്നതെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇറാന്‍ വക്താവ് പറഞ്ഞത്.
അതിനിടെ, ഇറാനില്‍ നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടുവെന്ന ആരോപണവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ വിലക്കേര്‍പ്പെടുത്തിയതിനെയും രൂക്ഷമായ ഭാഷയില്‍ ട്രംപ് വിമര്‍ശിച്ചു.

എണ്ണ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അടുത്തിടെ ഇത്തരത്തിലൊരു ജനകീയ പ്രക്ഷോഭം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പ്രക്ഷോഭത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതും പരാമാവധി അധികൃതര്‍ തടഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച ഒരു കണക്കും ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രക്ഷോഭത്തിന്റെ പേരില്‍ ഇറാനെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് യു എസും സഖ്യരാജ്യങ്ങളും ശ്രമിക്കുന്നത്. പ്രക്ഷോഭകരെ കൊന്നിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ഇതിന് കൂടുതല്‍ ശക്തിപകരും.

Latest