Connect with us

International

പീഡനം സഹിക്കവയ്യാതെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം: മൂന്ന് പെണ്‍മക്കള്‍ക്കെതിരെ കുറ്റപത്രം

Published

|

Last Updated

മോസ്‌കോ: വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത പിതാവിനെ കൊലപ്പെടുത്തിയ പെണ്‍മക്കള്‍ക്ക് കുറ്റപത്രം. റഷ്യയിലാണ് സംഭവം. സഹോദരിമാരായ ക്രെസ്റ്റീന (17), ആഞ്ജലീന (18), മരിയ കച്ചതുര്‍യന്‍ (19) എന്നിവരാണ് 2018 ജൂലൈയില്‍ പിതാവ് മിഖായേലിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരായ കേസ് രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ജയിലിലേക്കയക്കുകയല്ല, മൂവര്‍ക്കും മാനസിക പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുള്ളത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായും ആസൂത്രിത കൊലപാതകത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നും അന്വേഷണ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പിതാവിനെ കത്തി കൊണ്ട് കുത്തിയും ചുറ്റിക കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

സ്വയരക്ഷക്കു വേണ്ടിയാണ് കൗമാരക്കാരികള്‍ കൃത്യം നടത്താന്‍ നിര്‍ബന്ധിതരായതെന്ന് അഭിഭാഷകരും ആക്ടിവിസ്റ്റുകളും വിലയിരുത്തുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ കൃത്യത്തെ കുറ്റമായി കാണരുതെന്നും ഇവരെ വിചാരണക്കു വിധേയമാക്കരുതെന്നും ആഞ്ജലീനയിലെ അഭിഭാഷകയായ മാരു ദവ്തിയന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

Latest