Connect with us

Gulf

ദേശീയ ദിനാഘോഷം; ഭരണാധികാരികളും അതിഥികളും പങ്കെടുത്തു

Published

|

Last Updated

അബുദാബി | അബുദാബി സായിദ് സ്പോര്‍ട് സിറ്റയില്‍ നടന്ന 48 മത് ദേശീയ ദിനാഘോഷത്തില്‍ യു എ ഇ ഭരണാധികാരികള്‍ക്ക് പുറമെ വിദേശ രാജ്യത്തില്‍ നിന്നുള്ള അതിഥികളും പങ്കെടുത്തു.നമ്മുടെ പൂര്‍വ്വികരുടെ പാരമ്പര്യം എന്ന് പേരിട്ട മെഗാ ദേശീയ ദിനാഘോഷം വൈകിട്ട് എട്ടിന് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി,അജ്മാന്‍ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റയില്‍ ദേശീയ ദിനാഘോഷം ഒരുക്കിയത്. ഇമറാത്തി പാരമ്പര്യങ്ങള്‍, മൂല്യങ്ങള്‍, പൈതൃകം, സംസ്‌കാരം എന്നിവയിലേക്ക് വെളിച്ചം വീശുന്ന നാടക പ്രദര്‍ശനം ഷോ യുടെ ഭാഗമായി ഒരുക്കിയിരുന്നു. പൂര്‍വ്വികരുടെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഷോ സംവിധാനിച്ചത്. മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള പരിചയസമ്പന്നരായ കലാകാരന്‍മാര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായതായി ദേശീയ ദിനാഘോഷ സംഘാടക സമിതി പ്രതിനിധി സയീദ് അല്‍ സുവൈദി പറഞ്ഞു. ഐക്യം, വിജയം, ദേശീയ അഭിമാനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഷോയില്‍ രാജ്യത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നുമായി 65 കലാകാരന്‍മാര്‍ പങ്കാളികളായതായി അദ്ദേഹം അറിയിച്ചു. ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളാകുന്നതിന് സ്വാദേശികള്‍ക്ക് പുറമെ പതിനായിരക്കണക്കിന് വിദേശികളാണ് സ്റ്റേഡിയത്തിലെത്തിയത്. അത്യാധുനിക വിഷ്വല്‍, ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കിയ നമ്മുടെ പൂര്‍വ്വികരുടെ പാരമ്പര്യം എന്ന് പേരിട്ടിരിക്കുന്ന ഷോ പ്രേക്ഷകരെ അസാധാരണമായ ഒരു യാത്രയിലേക്ക് കൊണ്ടുപോയി

Latest