Connect with us

Kerala

മദ്രാസ് ഐ ഐ ടിയിലെ ആത്മഹത്യകളെല്ലാം അന്വേഷിക്കണം: ഹൈക്കോടതി

Published

|

Last Updated

ചെന്നൈ | മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാർഥിനി ഫാത്വിമ ലത്വീഫിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഫാതിമയുടെ മരണം എന്തു കൊണ്ട് സി ബി സി ഐ ഡിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

കേസ് വിദഗ്ധ സമിതിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും ഐ ഐ ടിയിൽ നടന്ന എല്ലാ മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. ഫാത്വിമയുടെ മരണത്തിൽ വിദഗ്ധ സമിതിയെ നിയമിക്കാൻ സർക്കാർ മടിക്കുന്നത് എന്തു കൊണ്ടാണ്. മദ്രാസ് ഐ ഐ ടിയിൽ ഇക്കാലയളവിലുണ്ടായ മരണങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കണം. ഫാത്വിമ ലത്വീഫിന്റേതുൾപ്പെടെ മദ്രാസ് ഐ ഐ ടിയിലെ ദുരൂഹ മരണങ്ങൾ സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 2006 മുതൽ ഐ ഐ ടിയിൽ നടന്ന ആത്മഹത്യകൾ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ യുവജന വിഭാഗം അധ്യക്ഷൻ സലീം മടവൂരാണ് ഹരജി നൽകിയിരുന്നത്.

ഫാത്വിമയുടെ മരണത്തിൽ തമിഴ്‌നാട് പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഐ ഐ ടി വിദ്യാർഥികളുടെ ആത്മഹത്യ തടയുന്നതിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. എന്നാൽ ഫത്വിമ ലത്വീഫിന്റെ മരണത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ സി ബി സി ഐ ഡി തലത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്‌നാട് പോലീസ് കോടതിയെ അറിയിച്ചത്. നവംബർ പത്തിനാണ് കൊല്ലം സ്വദേശിനിയായ ഫാത്വിമാ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മൊബൈലിൽ കുറിച്ചിരുന്നു. അതേസമയം ഫാത്വിമ ലത്തീഫിന്റെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് ഒറിജിനലാണെന്ന് തെളിഞ്ഞു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എന്റെ മരണത്തിന് കാരണം സുദർശൻ പദ്മനാഭൻ ആണ്”ഫാത്വിമ ലത്തീഫിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന വാചകം ഇതായിരുന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പിൽ അധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐ ഐ ടി യുടേതെന്ന് പിതാവ് ലത്തീഫ് ആരോപിച്ചിരുന്നു.

ഫാത്വിമയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ വിശദമായ ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരായ ഹേമചന്ദ്രൻ, ബ്രഹ്മെ എന്നിവരുടെ പേരുകളും പരാമർശിച്ചിരുന്നു.ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാതിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാതിമ ലത്തീഫ് ഐ ഐ ടി മദ്രാസിൽ പ്രവേശനം നേടിയത്.

Latest