Connect with us

Editorial

സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്നെന്ത്?

Published

|

Last Updated

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പിയുടെ ദേശീയ അധ്യക്ഷനുമായ അമിത് ഷാ പറയുന്നത് ഒന്നാം മോദി സർക്കാറിന്റെ അഞ്ച് വർഷക്കാലവും രണ്ടാമൂഴത്തിലെ മെയ് മുതലുള്ള മാസങ്ങളിലും സമ്പദ്‌വ്യവസ്ഥയിലെ വിഷാംശം നീക്കുകയായിരുന്നുവെന്നാണ്. ഇനിയാണത്രേ വളർച്ച വരാൻ പോകുന്നത്, ഗുണഫലം അനുഭവിക്കാൻ പോകുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അദ്ദേഹത്തിന്റെ ഈ പ്രതീക്ഷാ നിർമാണ ശ്രമം അങ്ങേയറ്റം ദുർബലമായിപ്പോയി. അച്ഛേ ദിൻ വരുമെന്ന് നേരത്തേ വാഗ്ദാനമെറിഞ്ഞപ്പോൾ അപ്പടി വിശ്വസിച്ചിരുന്നവർ പോലും ഇന്ന് അമിത് ഷായുടെ വാക്കുകളിൽ സമാശ്വാസം കൊള്ളുന്നില്ല. സാമ്പത്തിക ഘടന അത്രമേൽ ഗുരുതരാവസ്ഥയിലാണെന്നും ഒരു മരുന്നും ഫലിക്കാത്തത്ര വഷളായിരിക്കുന്നു കാര്യങ്ങളെന്നും രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും മനസ്സിലായിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലും അടിപതറാതെ നിന്ന രാജ്യമായിരുന്നു ഇന്ത്യ. അതിശക്തമായ സമ്പദ്ഘടനകൾ പലതും കൂപ്പു കുത്തിയപ്പോൾ പൊതു മേഖലയുടെ സാന്നിധ്യം കൊണ്ടും കാർഷിക മേഖലയുടെ നട്ടെല്ലുറപ്പ് കൊണ്ടും പിടിച്ചു നിന്നതാണ് ഈ രാജ്യം. അന്ന് എല്ലാ സാമ്പത്തിക ഏജൻസികളും ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനങ്ങളും ഇന്ത്യയുടെ അതിജീവനത്തെ വാഴ്ത്തി. വലിയ കുതിപ്പുകളല്ല, ഇടറാത്ത ചെറു ചുവടുവെപ്പുകളായിരുന്നു ഇന്ത്യയുടെ ശക്തി.

മോദി സർക്കാറിന്റെ സാമ്പത്തിക നയം ഊന്നുന്നത് വലിയ കുതിച്ചു ചാട്ടങ്ങളിലാണ്. മേക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളിലും വൻ പ്രോജക്ടുകളിലും അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയെന്ന പ്രഖ്യാപനത്തിലും “ഒരു രാജ്യം, ഒരു നികുതി” പോലുള്ള പരിഷ്‌കാരങ്ങളിലും ഈ വൈപുല്യം കാണാനാകും. ഈ ആഘോഷങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥയുടെ ദൗർബല്യം കൂട്ടുകയാണ് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നോട്ടു നിരോധനവും ജി എസ് ടിയും സ്വകാര്യവത്കരണ നയങ്ങളും ഏൽപ്പിച്ച ആഘാതമാണ് സാമ്പത്തിക സൂചകങ്ങളുടെ പിൻമടക്കത്തിന് കാരണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മാന്ദ്യമേയില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ധനമന്ത്രി നിർമലാ സീതാരാമൻ നിരവധി ഉത്തേജക പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ പ്രഖ്യാപനവും മാന്ദ്യമുണ്ടെന്നുള്ള കുറ്റസമ്മതമായിരുന്നു. എന്നാൽ ഇപ്പോഴും അമിത് ഷാ പറയുന്നത് ശുദ്ധിക്രിയയെ കുറിച്ചാണ്. യു പി എ സർക്കാറുകളുടെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ അവയൊന്നും ഇത്ര ആഴത്തിൽ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരുന്നില്ല. അത്‌കൊണ്ട് “മനുഷ്യനിർമിത മാന്ദ്യ”ത്തിന്റെ ഉത്തരവാദിത്വത്തിൽ ഈ ഭരണ നേതൃത്വത്തിന് ഒഴിഞ്ഞു നിൽക്കാനാകില്ല. ഇത് ആഗോള പ്രതിഭാസമാണെന്ന വാദം നിലനിൽക്കുകയുമില്ല.

സാമ്പത്തിക മാന്ദ്യം മനുഷ്യരുടെ ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതം കണക്കുകൾക്കെല്ലാം അപ്പുറമാണ്. ജി ഡി പി, ആളോഹരി വരുമാനം, ഉപഭോക്തൃ സൂചിക, വ്യവസായിക വളർച്ച തുടങ്ങിയ കണക്കുകൾക്കൊന്നും മനുഷ്യർ അനുഭവിക്കുന്നതിനെ കൃത്യമായി പ്രതിഫലിപ്പിക്കാനാകില്ല. എന്നാൽ സമ്പദ്‌വ്യവസ്ഥ എങ്ങോട്ടു പോകുന്നുവെന്നതിന്റെ സ്ഥിതിവിവരം ഈ കണക്കുകൾ മുന്നോട്ട് വെക്കും. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കനുസരിച്ച് സെപ്തംബർ പാദത്തിലെ രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് താഴേക്ക് പോയിരിക്കുന്നു. 4.5 ശതമാനമാണ് നിരക്ക്. മാന്ദ്യം നേരിടാനുള്ള സർക്കാറിന്റെ എല്ലാ ഉത്തേജക പ്രവർത്തനങ്ങളേയും വിഫലമാക്കി മാന്ദ്യം വ്യാപിക്കുകയാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ആറര വർഷത്തിനടിയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. ജൂലൈ മാസത്തിൽ അവസാനിച്ച പാദത്തിൽ അഞ്ച് ശതമാനമായിരുന്നു വളർച്ചാ നിരക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ വളർച്ചാ നിരക്ക് ഏഴ് ശതമാനമായിരുന്നു.

ഇവിടെ ഗൗരവതരമായി ഉച്ചത്തിൽ ചോദിക്കേണ്ട ചോദ്യം എന്ത്‌കൊണ്ട് സർക്കാറിന്റെ രക്ഷാ ദൗത്യം വിജയിക്കുന്നില്ലെന്നതാണ്. സൂക്ഷ്മ തലത്തിൽ നോട്ട് നിരോധനം ഉണ്ടാക്കിയ സ്തംഭനാവസ്ഥ തന്നെയാണ് പ്രധാന പ്രശ്‌നം. അതിന്റെ തുടർച്ചയായി സർക്കാർ തന്നെയാണ് വലിയ ഞെരുക്കം അനുഭവിക്കുന്നത്. ജനങ്ങളുടെ ക്രയ ശേഷി വർധിപ്പിക്കുകയാണ് മാന്ദ്യം മറികടക്കാനുള്ള ഏറ്റവും ശരിയായ മാർഗം. അതിനാകട്ടേ സർക്കാറിന്റെ കൈയിൽ പണമില്ല. വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കാൻ കോർപറേറ്റുകൾക്കുള്ള നികുതി വെട്ടിക്കുറക്കുകയാണ് ഈ സർക്കാർ ചെയ്തത്. അത് വലിയ വരുമാന നഷ്ടമുണ്ടാക്കി. ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറുകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക പിടിച്ചു വെക്കുകയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മറ്റൊരു പോംവഴി. ഇത് സംസ്ഥാനങ്ങളെ വൻ പ്രതിസന്ധിയിലാക്കുന്നു. റിസർവ് ബേങ്കിൽ നിന്ന് ഒന്നേകാൽ ലക്ഷം കോടിയാണ് ഈയിടെ വാങ്ങിയത്. വിത്തെടുത്ത് കുത്തുന്ന ഏർപ്പാടാണ് ഇത്. എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപറേഷൻ തുടങ്ങി പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റും പണം സമാഹരിക്കാൻ നോക്കുന്നു. ചുളു വിലക്ക് വങ്ങാൻ സ്വന്തം കോർപറേറ്റുകൾ വട്ടമിട്ട് പറക്കുമ്പോഴാണ് ഈ വിൽപ്പനയെന്നോർക്കണം. മൊത്തം സാമ്പത്തിക പ്രവർത്തനവും തളർന്നിരിക്കുമ്പോൾ നികുതി വരുമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

നിരാശയുടെ ഈ സാഹചര്യം ഭരണ സഖ്യത്തിലുള്ളവർക്ക് തന്നെ ബോധ്യപ്പെട്ടു തുടങ്ങുകയും അവരത് പുറത്ത് പറയുകയും ചെയ്യുന്നുണ്ട്. സമ്പദ്വ്യവസ്ഥയുടെ അവസ്ഥ ഭയാനകമാണെന്നും എല്ലാവർക്കും ആശങ്കയുണ്ടെന്നും ശിരോമണി അകാലിദൾ നേതാവ് നരേശ് ഗുജ്‌റാൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത് ഇതിന് തെളിവാണ്. ഇത്തരം വിഷയങ്ങളിൽ എൻ ഡി എ സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥതയുണ്ടെന്നും പ്രധാന വിഷയങ്ങളിലൊന്നും ബി ജെ പി സഖ്യ കക്ഷികളുമായി ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് ജെ ഡി യുവും രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പി നേതാക്കൾക്കും എം പിമാർക്കും ഇതേ അഭിപ്രായം ഉണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ കെടുതിയുടെ കാലത്തും പൗരത്വവും മന്ദിർ പ്രശ്‌നവും മറ്റും ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ആൾക്കൂട്ട കൊലകൾ തുടരുകയും ചെയ്യുന്നു. ഈ വിഭജന രാഷ്ട്രീയത്തെ ചെറുക്കാനും ശരിയായ സാമ്പത്തിക ബദലിനും അർഥവത്തായ ജനകീയ പോരാട്ടങ്ങൾ ഉയർന്നു വരികയാണ് വേണ്ടത്.