Connect with us

Articles

കരിനിയമങ്ങളുടെ രാക്ഷസഭാവങ്ങൾ

Published

|

Last Updated

യു എ പി എയുടെ ആദ്യരൂപം 1967ൽ അവതരിപ്പിക്കുമ്പോൾ പാർലിമെന്റിൽ വലിയ ജനാധിപത്യ ശബ്ദം ഉയർന്നിരുന്നു. ബില്ലിനെ എതിർത്തു കൊണ്ട് നാഥ്‌പൈ എം പി പറഞ്ഞു, “ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസമില്ലാത്ത ഒരു കൂട്ടം ആളുകൾ ഉണ്ടാക്കുന്ന നിയമമാണിത്” ആഭ്യന്തര മന്ത്രിയായിരുന്ന വൈ ബി ചവാന്റെ മുഖത്തുനോക്കി അദ്ദേഹം തുടർന്നു, “ഈ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും അന്തിമ രക്ഷകർത്താവ് പോലീസിന്റെ ലാത്തിയാണോ?”
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയോദ്ഗ്രഥന കൗൺസിൽ നിയമിച്ച കമ്മിറ്റിയാണ് 1963ൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ശിപാർശ ചെയ്തത്.

അതേവർഷം പാർലിമെന്റിൽ ബിൽ അവതരിപ്പിച്ചെങ്കിലും 1967ലാണ് ഇരുസഭകളിലും ഇത് പാസ്സാക്കിയെടുക്കാനായത്. നിയമം നടപ്പിലാക്കുന്നതിനായി പതിനാറാം ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തുചേരാനുള്ള അവകാശം, സംഘടനകൾ രൂപവത്കരിക്കാനുള്ള അവകാശം എന്നിവക്കു മേൽ സർക്കാറിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം സ്ഥാപിച്ചു. രാജ്യ സുരക്ഷയുടെ പേരിൽ ഭരണഘടനാതീതമായ നീക്കങ്ങൾ നടത്താനുള്ള കരുത്തും ഈ നിയമം ഭരണകൂടത്തിന് നൽകുകയുണ്ടായി.
ചൈനാ യുദ്ധവും തമിഴ്‌നാട്ടിൽ ഡി എം കെയുടെ നേതൃത്വത്തിൽ ഉണ്ടായ ഹിന്ദിവിരുദ്ധ പ്രക്ഷോഭവും തമിഴ് ദേശീയവാദവുമാണ് ഭരണഘടനയുടെ പത്തൊമ്പതാം ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനുള്ള യുക്തിസഹമായ ചില വിലക്കുകൾ എന്ന് പൗരസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട ഇടപെടലിനെ സർക്കാർ വിശേഷിപ്പിക്കുകയും ചെയ്തു. ഡി എം കെ വിഘടനവാദമുയർത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ അത്തരമൊരു നിലപാട് ഡി എം കെ നേരത്തേ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പാർലിമെന്റ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും സർക്കാർ ചെവി കൊണ്ടില്ല.
വിഘടനവാദമടക്കം രാജ്യത്തിന്റെ അഖണ്ഡതക്ക് വിഘാതം സൃഷ്ടിക്കുന്ന ആശയങ്ങളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിന് നിയമം ശക്തമാക്കുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞത്. രാജ്യത്തിന് ഭീഷണിയായ സംഘടനകളെ നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പോലീസിന് കൂടുതൽ അധികാരം നൽകുന്നതുമായിരുന്നു ഇത്.

പൗരന്മാരെ നിർദയം തുറുങ്കിൽ അടയ്ക്കാൻ വഴിയൊരുക്കുന്ന വേറെയും കരിനിയമങ്ങൾ രാജ്യത്ത് വിവിധ ഭാവങ്ങളിൽ നടപ്പിലാക്കുകയുണ്ടായി.1958ൽ ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ സായുധസേന പ്രത്യേകാധികാരനിയമം (അഫ്‌സ്പ) സൈന്യത്തിന് അമിതാധികാരം വ്യവസ്ഥ ചെയ്യുന്നതാണ്. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് ആരെയും അറസ്റ്റ് ചെയ്യാനും കേസെടുക്കാതെ തടവിൽ വെക്കാനും അധികാരമുണ്ട്. ഏതു വീട്ടിലും കയറി തിരച്ചിൽ നടത്താനും സംശയിക്കുന്നവർക്ക് നേരെ വെടിയുതിർക്കാനും ഇതുവഴി സൈന്യത്തിന് സാധിക്കും. അതിക്രമങ്ങൾ എന്തു സംഭവിച്ചാലും അഫ്‌സ്പ പട്ടാളത്തിന് നിയമപരിരക്ഷ നൽകുകയും ചെയ്യുന്നു. 1990ൽ ജമ്മു കശ്മീരിലേക്കും ഇത് വ്യാപിപ്പിക്കുകയുണ്ടായി.
1968ൽ പാർലിമെന്റ് പാസ്സാക്കിയ അവശ്യ സേവന നിയമമായ എസ്മ, 1974ലെ വിദേശ നിയന്ത്രണ കള്ളക്കടത്ത് തടയൽ ചട്ടമായ “കോഫേപോസ” 1980ലെ ദേശീയ സുരക്ഷാ നിയമം തുടങ്ങിയവയൊക്കെ ഗുരുതരമായി ദുരുപയോഗം ചെയ്യപ്പെട്ടു. മുപ്പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയിലൂടെ 1971ൽ ഇന്ദിരാ ഗവൺമെൻറ് കൊണ്ടുവന്ന ആഭ്യന്തര സുരക്ഷാ നിയമം (മിസ) അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾ അടിച്ചമർത്താനുള്ള അതിപ്രധാന ആയുധമായിരുന്നു. 1977ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടിയാണ് ജന വികാരം കണക്കിലെടുത്ത് ഇതെടുത്തു കളഞ്ഞത്.

1978ലെ പബ്ലിക് സേഫ്റ്റി ആക്ട് ജമ്മു കശ്മീരിൽ അനവധി പേരെ അന്യായമായി തടങ്കലിൽ വെക്കാനാണ് ഭരണകൂടം ഉപയോഗിച്ചത്. 1999ൽ നിലവിൽ വന്ന മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടും (മകോക്ക) ഇത്തരത്തിൽ നിരവധി നിരപരാധികളെ തുറുങ്കിലടയ്ക്കാൻ വഴിയൊരുക്കി. പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനെന്ന പേരിലാണ് തീവ്രവാദ വിധ്വംസക പ്രവർത്തന നിരോധന നിയമം (ടാഡാ) 1985ൽ നിലവിൽ വന്നത്. ആദ്യ ഭീകരവിരുദ്ധ നിയമം കൂടിയായിരുന്നു ഇത്. ദുരുപയോഗത്തിന്റെ അതിതീവ്രത കാരണം വൻ ജനരോഷം ഉയർന്നതിനാൽ 1995ൽ ഈ നിയമം പിൻവലിക്കപ്പെട്ടു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയെന്ന വാദത്തോടെ 2002ൽ എൻ ഡി എ സർക്കാറാണ് പോട്ടാ നിയമം നടപ്പിലാക്കിയത്. 2004ൽ അധികാരത്തിലേറിയ യു പി എ സർക്കാർ ഈ നിയമം പിൻവലിച്ചു. ഭീകരതക്കെതിരെ പ്രത്യേക നിയമങ്ങൾ ഒന്നും കൊണ്ടുവരില്ലെന്ന വാഗ്ദാനം സൗകര്യപൂർവം മറന്ന യു പി എ സർക്കാർ യു എ പി എ നിയമം പൊടിതട്ടിയെടുത്ത് സകല കിരാതഭാവങ്ങളും അതിലുൾച്ചേർത്തുകൊണ്ട് നടപ്പിൽ വരുത്തുകയായിരുന്നു.
2008ലുണ്ടായ മുംബൈ ഭീകരാക്രമണത്തിന്റെ മറവിൽ കൂടുതൽ കർക്കശനിയമങ്ങൾ ചേർത്തുകൊണ്ട് യു എ പി എ നിയമം മൻമോഹൻ സിംഗ് സർക്കാർ ഭേദഗതി ചെയ്തു. നിയമവിരുദ്ധ പ്രവർത്തനം എന്നതിന് കൃത്യമായ നിർവചനം നൽകാത്തതിനാൽ ഭരണകൂടത്തിനും പോലീസിനും ഏകപക്ഷീയമായ വ്യാഖ്യാനങ്ങൾ നടത്താൻ ഏറെ പഴുതുകൾ നൽകുന്നതായിരുന്നു ഇത്. നിയമവിരുദ്ധ സംഘം ചേരലുകളെയെല്ലാം തീവ്രവാദമെന്ന് പർവതീകരിക്കാൻ പുതിയ ഭേദഗതി സൗകര്യമൊരുക്കി. യു എ പി എ വ്യാപകമായി ദുരുപയോഗം ചെയ്യാൻ തുടങ്ങിയത് 2008ലെ ഭേദഗതിക്ക് ശേഷമാണ്. 2012 അവസാനത്തിൽ കൂടുതൽ കാര്യങ്ങളെ ഭീകരപ്രവർത്തനമായി വ്യാഖ്യാനിച്ചുകൊണ്ട് യു പി എ സർക്കാർ യു എ പി എയിൽ വീണ്ടും ഭേദഗതി കൊണ്ടുവന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളെയടക്കം ഇതിലുൾപ്പെടുത്തുകയും വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കുകയും ചെയ്തു. 2019ൽ അമിത്ഷാ കൂടി കൈവെച്ചതോടെ പൗര ശബ്ദങ്ങളെ മുഴുവനും ഭീതിപ്പെടുത്തി നിശ്ശബ്ദരാക്കാൻ ബലമുള്ള രാക്ഷസമുഖം യു എ പി എക്ക് വന്നു കഴിഞ്ഞു.

രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളെ അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് യു എ പി എയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ബോധ്യമനുസരിച്ചും കുറ്റം ചെയ്തുവെന്ന് വ്യക്തികളോ രേഖകളോ നൽകുന്ന വിവരം അടിസ്ഥാനമാക്കിയും പോലീസിന് ആരെയും അറസ്റ്റ് ചെയ്യാനും വസ്തുവകകൾ പിടിച്ചെടുക്കാനും സാധിക്കും. ഒരു വ്യക്തിയെ തിരയാനോ അറസ്റ്റ് ചെയ്യാനോ വിധത്തിൽ മതിയായ രീതിയിൽ സംശയിക്കപ്പെടുന്ന കാരണങ്ങളുണ്ടാകണമെന്ന ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ നഗ്‌ന ലംഘനമാണ് ഈ വ്യവസ്ഥ.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യമനുവദിക്കണമെന്നാണ് സാധാരണ നിയമം. എന്നാൽ യു എ പി എ അനുസരിച്ച് അന്വേഷണം കഴിഞ്ഞില്ലെന്ന പൊലീസ് ഭാഷ്യം ഉണ്ടായാൽ 180 ദിവസത്തേക്ക് കസ്റ്റഡി കാലാവധി ഇരട്ടിയായി ദീർഘിപ്പിക്കപ്പെടും.ഭീകരനെന്ന് ആരോപിച്ച് ഒരാളെ 30 ദിവസം പൊലീസ്‌കസ്റ്റഡിയിൽ തന്നെ വെക്കാനാവും.കൃത്രിമമായി തെളിവുകൾ പടക്കാൻ പൊലീസിന് വിശാലമായ സമയപരിധിയാണ് ലഭിക്കുന്നത്. ഒരാൾക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടാൽ അത് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അങ്ങനെ തെളിയിക്കപ്പെടുന്നത് വരെ നിയമത്തിനു മുമ്പിൽ അയാൾ നിരപരാധിയുമാണ്. യു എ പി എയിൽ കുറ്റാരോപിതൻ സ്വയം വിശുദ്ധി തെളിയിക്കണമെന്ന വിചിത്രവും അതിക്രൂരവുമായ വ്യവസ്ഥയാണുള്ളത്. കുറ്റം തെളിയിക്കുക എന്നതിന് പകരം നിരപരാധിത്വം തെളിയിക്കുക എന്ന് വരുമ്പോൾ ആരെയും കുറ്റവാളിയാക്കാനുള്ള അമിതാധികാരം പോലീസിന് ലഭിക്കുകയാണ്.

വിചാരണാ നടപടികൾക്കിടെ അഡീഷനലായി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കുന്ന നിലയുമുണ്ട്. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ ഇതുവഴി സാധിക്കും. അധ്വാനമൊന്നുമില്ലാതെ “ജോലി” ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറുക്കുവഴിയൊരുക്കുകയാണ് യഥാർഥത്തിൽ എല്ലാ കരിനിയമങ്ങളും. തെളിവുകൾ തേടി അലയുകയോ അന്വേഷണം നടത്തി മുഷിയുകയോ ഒന്നും തന്നെ വേണ്ടതില്ല. യു എ പി എ പ്രയോഗിച്ചാൽ എല്ലാം ശുഭം.
യു എ പി എ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ കുറഞ്ഞ ശതമാനം മാത്രമേ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലെങ്കിലുമെത്തുന്നുള്ളൂ. കുറ്റപത്രം സമർപ്പിക്കാനുള്ള അടിസ്ഥാന തെളിവുകൾ പോലീസിന് ശേഖരിക്കാനാകുന്നില്ലെന്നർഥം. കോടതിയിലെത്തുന്ന കേസുകൾ മൂന്നിലൊന്നിലും കുറ്റാരോപിതർ നിരപരാധികളാണെന്ന് തെളിയുന്നുമുണ്ട്. അതായത് ഈ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങളുടെ കൺവിക്ഷൻ റേറ്റ് വളരെ കുറവാണ്. ഭീകരവാദികളെ സൃഷ്ടിച്ച് ദേശീയവികാരം ആളിക്കത്തിക്കാൻ ഒരുമ്പെടുന്ന ഒരു ഭരണകൂടത്തിനു കീഴിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തെളിവുനൽകാൻ കഴിയാത്തതിനാലാണ് ചാർജ് ഷീറ്റിംഗ് റേറ്റും കൺവിക്ഷൻ റേറ്റും കുറയുന്നതെന്ന വാദം ഒരിക്കലും നിലനിൽക്കുകയുമില്ല.

അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ 92 ശതമാനവും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. നിരപരാധികളാണെന്ന് കണ്ടെത്തുമ്പോഴേക്കും ഊർജസ്വലമായ അനവധി വർഷങ്ങളാണ് ജയിലറകളിൽ കുരുതി നൽകേണ്ടി വരുന്നത്. കരിനിയമങ്ങളുടെ കുന്തമുനയധികവും നീളുന്നത് മുസ്‌ലിംകളിലേക്കും ദളിതരിലേക്കുമാണ്. വ്യക്തികളെയും സംഘടനകളെയും ഭീകരരെന്ന് ചാപ്പകുത്തുന്നതിൽ ഈ പക്ഷപാതിത്വം പ്രകടമായി കാണാം. അതുകൊണ്ടാണ് നിരവധി ഹിന്ദുത്വ ഭീകരസംഘങ്ങൾ ഇപ്പോഴും “ജനാധിപത്യ” സംഘടനകളായി വിലസുന്നത്. ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളെ പാടേ അകറ്റി നിറുത്തിയ കേരളം യു എ പി എയെ ആവേശത്തോടെ വാരിപ്പുണരുന്നതാണ് നമ്മൾ കണ്ടത്. ഈ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിന്റെ ഭരണത്തിന് കീഴിലും ഈ ദുഷ്പ്രവണതകൾ അനവരതം തുടരുകയാണ്. യു എ പി എ കരിനിയമമാണെന്ന് ആവർത്തിക്കുന്നവർക്ക് കടലാസും പോസ്റ്ററുമൊക്കെ കണ്ടതിന് ഇഷ്ടം പോലെ ഈ നിയമം ചുമത്തുന്ന പോലീസിനെ നിയന്ത്രിക്കാനുള്ള ത്രാണിയുണ്ടാകണം. യു എ പി എയുടെ ദുരുപയോഗമാണ് പ്രശ്‌നമെന്നതിലേക്ക് ഇക്കാര്യത്തെ ചുരുക്കിക്കെട്ടരുത്. യു എ പി എ അടിസ്ഥാനപരമായിത്തന്നെ ഹിംസാത്മകമാണ്.

Latest