കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ നിഷേധാത്മക സമീപനത്താല്‍: കേന്ദ്രമന്ത്രി വി മുരളീധരന്‍

Posted on: December 2, 2019 9:40 pm | Last updated: December 3, 2019 at 10:44 am

ന്യൂഡല്‍ഹി| സംസ്ഥാന സര്‍ക്കാര്‍ പകരം സ്ഥലം നല്‍കാത്തതിനെത്തുടര്‍ന്നാണ് കണ്ണൂരിലെ അഴീക്കലില്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കോസ്റ്റ് ഗാര്‍ഡ് അക്കാദമി സംബന്ധിച്ച് സംസ്ഥാനത്തിന് നിഷേധാത്മക നിലപാടെണെന്നും വി മുരളീധരന്‍ ആരോപിച്ചു.

നാലുവര്‍ഷമായി പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയാണ് .എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പകരം സ്ഥലം കണ്ടെത്തിയില്ല. ഇതിന് പുറമെ നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചതാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. എട്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി കൈവിട്ട് പോയെന്ന സൂചനയാണ് ഇന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.