ഉത്തരവുകള്‍ നടപ്പാക്കുന്നില്ല; മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ യാത്രകളില്‍ മാത്രം: ഹൈക്കോടതി

Posted on: December 2, 2019 8:57 pm | Last updated: December 3, 2019 at 10:44 am

കൊച്ചി| സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ളഉത്തരവ് നടപ്പാക്കാത്തത് സംബന്ധിച്ച കോടതി അലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശം.
നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്.

ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ഉത്തരവുകള്‍ ഇറക്കുന്നതെന്ന് ചോദിച്ച കോടതി,വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ലെന്നും പറഞ്ഞു. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകളില്‍ മാത്രമാണെന്നും കോടതി പറഞ്ഞു. ഐഎഎസ്സുകാര്‍ എ സി മുറികളില്‍ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.