പട്ടിണിമൂലം കുട്ടികളെ ശിശുക്ഷേമ സമതിക്ക് കൈമാറിയ സംഭവം: വീട്ടമ്മക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കും

Posted on: December 2, 2019 8:38 pm | Last updated: December 3, 2019 at 10:44 am

തിരുവനന്തപുരം| മക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ കഴിയാതെ അവരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതല്‍ താത്കാലിക ജോലി നല്‍കും. കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നഗരസഭാ നടപടി. മേയര്‍ കെ ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫഌറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികളില്‍ ഒരാള്‍ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.

തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ പട്ടിണികിടക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കിയെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്. മദ്യലഹരിയില്‍ അച്ഛന്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം കുട്ടികള്‍ തുറന്നു പറഞ്ഞു. പിതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.