Connect with us

Kerala

കൊടും പട്ടിണി; തിരുവനന്തപുരത്ത് മാതാവ് നാല് കുട്ടികളെ ശിശുക്ഷേമ സമതിക്ക് കൈമാറി

Published

|

Last Updated

തിരുവനന്തപുരം| തലസ്ഥാനത്ത് പട്ടിണിയെത്തുടര്‍ന്ന് അമ്മ തന്റെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് അമ്മ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും ഇവര്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ പരിചരണം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കും. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. മാതാപിതാക്കള്‍ക്ക് കുട്ടികളെ വന്ന് കാണാനുള്ള സൗകര്യമൊരുക്കും. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

---- facebook comment plugin here -----

Latest