ബാബരി കേസ് വിധി: സുപ്രീം കോടതിയില്‍ പുന:പരിശോധന ഹരജി നല്‍കി

Posted on: December 2, 2019 6:49 pm | Last updated: December 2, 2019 at 9:13 pm

ന്യൂഡല്‍ഹി| ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ആദ്യ പുനഃപരിശോധനാ ഹരജി നല്‍കി. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ആണ് ഹരജി നല്‍കിയത്. ആവശ്യപ്പെടാതെയാണ് പള്ളിക്കായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയതെന്നും പകരം ഭൂമി വേണമെന്ന ആവശ്യം തങ്ങള്‍ഉന്നയിച്ചിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം. രേഖാപരമായ തെളിവുകള്‍ അവഗണിച്ചു. ബാബരി ഭൂമിയില്‍ നിരവധി തവണ കൈയേറ്റം നടന്നുവെന്ന് കോടതി തന്നെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു പരമാര്‍ശം നടത്തിയ ശേഷമാണ് അവിടെ ക്ഷേത്രത്തിന് കോടതി അനുമതി നല്‍കിയത്. പള്ളിയുടെ ബാക്കി അവശിഷ്ടങ്ങള്‍ കൂടി പൊളിക്കേണ്ട അവസ്ഥയാണ്. പുനപരിശോധനാ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും 217 പേജുള്ള ഹരജിയില്‍ ആവശ്യപ്പെടുന്നു.

വിധിക്കെതിരെ ഡിസംബര്‍ ഒമ്പതിനുമുമ്പ് പുനഃപരിശോധന ഹരജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പുനഃപരിശോധന ഹരജി നല്‍കേണ്ടെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാറിനു കീഴിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം.