Connect with us

National

മക്കള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്ന് പ്രതികളുടെ അമ്മമാര്‍

Published

|

Last Updated

ഹൈദരാബാദ് |  തെലുങ്കാനയിലെ ഷംഷാബാദില്‍ വനിതാ മൃഗ ഡോക്ടറെ പീഡിപ്പിച്ച ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്ന പ്രതികള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി ഇവരുടെ ബന്ധുക്കള്‍ തന്നെ രംഗത്ത്. അവന്മാര്‍ക്ക് എന്തു ശിക്ഷയും നല്‍കാമെന്നും താനും ഒരു പെണ്‍കുട്ടിയുടെ മാതാവാണെന്നും നാല് പ്രതികളിലൊരാളായ ചെന്നകേശവുലുവിന്റെ അമ്മ പറഞ്ഞു. സമാന അഭിപ്രായം മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും പറഞ്ഞു.

അതിനിടെ കേസില്‍ ആദ്യമായി പ്രതികരണവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു രംഗത്തെത്തി. പൈശാചിക സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് ഹൈദരാബാദിലെങ്ങും വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഡോക്ടറുടെ കുടുംബം താമസിക്കുന്ന ഹൗസിംഗ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാര്‍ അവിടേക്കു രാഷ്ട്രീയക്കാരെയും പോലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. സഹതാപം വേണ്ട. നീതി മതിയെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ശ്രമം തുടങ്ങി. കേസില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വൈകിച്ച മൂന്നു പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 27നു രാത്രിയാണു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു കൊന്നത്.