Connect with us

National

ശക്തമായ മഴയില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം; 20 മരണം

Published

|

Last Updated

കോയമ്പത്തൂര്‍ |  ന്യൂമര്‍ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. ഇരുപതോളം പേര്‍ ഇതിനകം മരണപ്പെട്ടതായാണ് വിവരം. മേട്ടുപാളയത്ത് വീടകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിനടയില്‍ അടിയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണിടിഞ്ഞ് മേട്ടുപ്പാളയം- കുന്നൂര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി.

മേട്ടുപാളയത്ത് നാല് വീടുകളാണ് ദുരന്തത്തില്‍പ്പെട്ടത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. പുലര്‍ച്ചെ3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്.

ഗുരു (45), രാമനാഥ് (20), അനന്ദകുമാര്‍ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാള്‍ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാള്‍ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകള്‍ ലഭ്യമായിട്ടില്ല.

തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടില്‍ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളുംനടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ 176 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യംവന്നാല്‍ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പമ്പുകളും ശുചീകരണ യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.