Connect with us

Articles

ഭരണഘടനാതീതമല്ല ഭരണകൂടം

Published

|

Last Updated

1955 മാര്‍ച്ചില്‍ രാജ്യസഭയിലാണ് സംഭവം. ഭരണഘടന കത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് നേരത്തേ സാക്ഷാല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു. ഇതിനെച്ചൊല്ലി ഡോ. അനൂപ് സിംഗ് വിശദീകരണം ആരാഞ്ഞപ്പോള്‍ ഭരണഘടനാ ശിൽപ്പികളിലൊരാളായ ഡോ. അംബേദ്കര്‍ നല്‍കിയ മറുപടിയുടെ സംക്ഷിപ്തം ഇപ്രകാരം വായിക്കാം. “ദൈവത്തെ കുടിയിരുത്താന്‍ നമ്മള്‍ ഒരു ക്ഷേത്രം പണിതു. പക്ഷേ, ദൈവം പ്രതിഷ്ഠിക്കപ്പെടും മുമ്പ് പിശാച് അവിടെ ആസനസ്ഥനായാല്‍ ക്ഷേത്രം നശിപ്പിക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. അസുരന്‍മാര്‍ ക്ഷേത്രം കൈവശപ്പെടുത്തുമെന്ന് നമ്മള്‍ കരുതിയില്ല. ദേവന്‍മാര്‍ക്കു വേണ്ടി പണി കഴിപ്പിച്ചതായിരുന്നു അത്”.

ഒരു പുരോഗമന രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കാന്‍ മതിയായ ഉന്നതമായ ഭരണഘടന പ്രാബല്യത്തില്‍ വന്ന് ഏറെക്കഴിയാതെ തന്നെ ഡോ. അംബേദ്കര്‍ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യത്തെ അദ്ദേഹം അഭിസംബോധന ചെയ്തതാണിത്. ഭരണഘടനാ ദുരുപയോഗം ചെറുതായെങ്കിലും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭരണഘടനാ ശിൽപ്പി ഇത്രമേല്‍ അസ്വസ്ഥനായിട്ടുണ്ടെങ്കില്‍ 70 വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണഘടനയെ പ്രതി ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നുണ്ടാകുക അദ്ദേഹമായിരിക്കും എന്നത് ഒരു ക്രൂര ഫലിതമാണ്.

മണിപ്പൂരിലും ഗോവയിലും കര്‍ണാടകയിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അങ്ങേയറ്റത്തെ ദുരുപയോഗമാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പാനന്തരം ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍മാര്‍ പലപ്പോഴും തങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് ചുരുങ്ങുന്നതും കേന്ദ്ര സര്‍ക്കാറിന് ഉപകാരസ്മരണ നടത്തുന്നതും. ഭരണഘടനാ ധാര്‍മികത മുറുകെ പിടിച്ച് വിവേചനരഹിതമായി പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണര്‍ പദവി. അതൊരു ഭരണഘടനാ പദവി കൂടെ ആകയാല്‍ പ്രസ്തുത പദവിയിലിരിക്കുന്നയാള്‍ കൂറുപുലര്‍ത്തേണ്ടത് ഭരണഘടനയോട് തന്നെയാണ്. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരത്രയും അപ്രകാരമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തെ ജനാധിപത്യ വിരുദ്ധമായ കൂട്ടിക്കൊടുപ്പിനുള്ള ചട്ടുകമാക്കുകയായിരുന്നു മഹാരാഷ്ട്രയിലും മറ്റും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി വിവേചനാധികാരം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണ്ട ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടണം എന്ന് ഭരണഘടനാ നിര്‍മാണ സഭയുടെ ചര്‍ച്ചയില്‍ ഒരിടത്ത് ഡോ. അംബേദ്കര്‍ ആവശ്യപ്പെട്ടിരുന്നു. വിവേചനാധികാരത്തെ ഭരണഘടനക്ക് മേല്‍ പറക്കാന്‍ അനുവദിക്കാതെ വിലങ്ങിട്ട് നിയന്ത്രിക്കണമെന്ന് ആ ദീര്‍ഘദര്‍ശി ശക്തമായി വാദിച്ചു.
എന്നാല്‍ ഗവര്‍ണറുടേതടക്കം ഭരണഘടന വകവെച്ചു നല്‍കുന്ന വിവേചനാധികാരങ്ങളില്‍ പലതും അപരിമിതമാണ് എന്ന തോന്നല്‍ വന്നുതുടങ്ങിയത് നടേ പറഞ്ഞ വിലങ്ങു വെക്കായ്മയില്‍ നിന്നാണ്. എല്ലാ അവകാശങ്ങള്‍ക്കുമുപരി ഭരണഘടനാ ധാര്‍മികത(Constitutional morality)ക്ക് വേണ്ടി ഡോ. അംബേദ്കര്‍ അടക്കമുള്ളവര്‍ നിരന്തരം വാദിച്ചത് എന്തുകൊണ്ടാകാം എന്ന ആലോചന ഈ സാഹചര്യത്തില്‍ അനിവാര്യമാണ്.

ഭരണഘടനാ ധാര്‍മികതയെ ഭരണഘടനയോടുള്ള ബഹുമാനം എന്ന് ആറ്റിക്കുറുക്കിപ്പറയാം. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് ഒരു അസ്ഥികൂടം മാത്രമാണ്. അതിന്റെ ആത്മാവ് കണ്ടെത്തേണ്ടത് ഭരണഘടനാ ധാര്‍മികതയിലാണെന്ന് ഡോ. അംബേദ്കര്‍ പറഞ്ഞു വെച്ചിട്ടുണ്ട്. ഭരണഘടന മുന്നോട്ടുവെക്കുന്ന വിശാല ലക്ഷ്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, ഫെഡറലിസം, ബഹുസ്വരതയിലെ ഏകകം തുടങ്ങിയവയാണ് ഭരണഘടനാ ധാര്‍മികതയെന്ന ആത്മാവ്. ന്യായമായും പ്രസ്തുത ആത്മ ഉള്ളടക്കത്തിന് നിരക്കുന്നതല്ല കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ അഴിഞ്ഞു വീണ രാഷ്ട്രീയ അശ്ലീലങ്ങള്‍. നവംബര്‍ 12ന് മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് മാറുന്നത് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്കും ശിവസേനക്കും എന്‍ സി പി ക്കും കോണ്‍ഗ്രസിനുമൊന്നും ഉറപ്പാക്കാന്‍ കഴിയാതെ വന്നപ്പോഴാണ്. തുടര്‍ന്ന് നവംബര്‍ 22ന് രാത്രി ശിവസേനയുടെ നേതൃത്വത്തില്‍ എന്‍ സി പി, കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന് രാവിരുട്ടി പുലര്‍ന്നപ്പോഴേക്ക് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പിന്നെ കണ്ടത്. രാവിലെ നടന്ന സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുലര്‍ച്ചെ 05.47ന് പ്രധാനമന്ത്രിയുടെ സവിശേഷാധികാരം ഉപയോഗപ്പെടുത്തി രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയായിരുന്നു.

ഒന്നും അറിയാതെയല്ല, എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. ഭരണകൂട പ്രത്യയശാസ്ത്രം പേറുന്ന കേവല രാഷ്ട്രീയക്കാരനായി അധഃപതിക്കുകയായിരുന്നു മഹാരാഷ്ട്ര ഗവര്‍ണര്‍. തുടര്‍ന്ന് നിയമ വ്യവഹാരം പരമോന്നത നീതിപീഠത്തിലെത്തിയപ്പോഴാണ് ബി ജെ പിക്ക് പടിയിറങ്ങേണ്ടി വന്നത്. വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്താന്‍ ഉത്തരവിട്ട സുപ്രീം കോടതി ഗവര്‍ണറുടെ അധികാരത്തെ പിന്നീട് നിര്‍വചിക്കാം എന്ന് വിധിപറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. ഗവര്‍ണര്‍ക്കും സഭാ സ്പീക്കര്‍ക്കുമൊക്കെ ലഭ്യമായ വിവേചനാധികാരം സുപ്രീം കോടതി പരിശോധിക്കുകയും ഈ വിഷയത്തിൽ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (ട്രാന്‍സാക‌്ഷന്‍ ഓഫ് ബിസിനസ്) 1961ലെ റൂള്‍ 12 ഉപയോഗപ്പെടുത്തിയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പ്രധാനമന്ത്രി എടുത്തുകളഞ്ഞത്. ഇതിന് മുമ്പും രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ റൂള്‍ 12 പ്രയോഗിച്ചിട്ടുണ്ട്. അപ്പോള്‍ പാലിക്കപ്പെടേണ്ട പ്രധാന നടപടി ക്രമങ്ങളിലൊന്ന് കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ വേണം എന്നതാണ്. അങ്ങനെയൊരു ശിപാര്‍ശ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന്റെ പിന്നില്‍ ഉണ്ടായിരുന്നോ എന്നറിയില്ല. അടിയന്തര നടപടിയുടെ കാരണം ബോധ്യപ്പെടുത്തണമെന്നതടക്കം പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങള്‍ വേറെയും പാലിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

ഭരണകൂടം ഭരണഘടനാതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിത കാലത്ത് നീതിപീഠം യഥോചിതം ഇടപെടേണ്ടതുണ്ട്. വൈകിയ നീതി തന്നെയും അനീതിയെങ്കില്‍ സുപ്രീം കോടതിക്ക് അമാന്തിച്ചു നില്‍ക്കാന്‍ ഇടമേയില്ല. ഭരണഘടനാ ശിൽപ്പികള്‍ കരുതിവെച്ച മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും പ്രതിജ്ഞാബദ്ധമായിരിക്കുന്നത് നീതിപീഠമാണ്. ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് ഡോ. അംബേദ്കര്‍ ഉണര്‍ത്തിയ രണ്ട് കാര്യങ്ങളുണ്ട്. ഭരണകൂട രീതിശാസ്ത്രത്തിന് ഭരണഘടനാ രീതിശാസ്ത്രത്തോട് അഭേദ്യ ബന്ധം വേണമെന്നും ഭരണഘടനാ സ്പിരിറ്റ് ഉള്‍ക്കൊള്ളും വിധം ഭരണകൂടം മാറണമെന്നുമാണത്. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ ഭരണഘടനയുടെ സംരക്ഷണത്തിന് അതിന്റെ കാവലാളായ നീതിപീഠത്തിന് സാധിക്കുമെന്ന് തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ വിചാരിക്കുന്നത്.

---- facebook comment plugin here -----

Latest