Connect with us

Kerala

ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരത്ത് ബാര്‍ അസോസിയേഷന്റെ പ്രമേയം ; അദാലത്തുകളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആഹ്വാനം

Published

|

Last Updated

തിരുവനന്തപുരം| മജിസ്‌ട്രേറ്റിനെ ചേംബറില്‍ കയറി വെല്ലുവിളിച്ചതിന് പിറകെ ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ പ്രമേയം. വാഹനാപകട കേസിലെ നഷ്ടപരിഹാരം ഓണ്‍ലൈനായി കക്ഷികള്‍ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെയാണ് പ്രമേയം. ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശത്തിന് മേലുള്ള ലംഘനമാണെന്ന് കാണിച്ചാണ് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.ഉത്തരവ് ബഹിഷ്‌കരിക്കാനും തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ നിയമ ചരിത്രത്തില്‍ ആദ്യമാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്‌കരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചത്.
കക്ഷികള്‍ക്ക് നേരിട്ട് നല്‍കാനായിരുന്നു ഉത്തരവ്. ഇടനിലക്കാരടക്കം നഷ്ടപരിഹാരത്തുക കക്ഷികളില്‍ നിന്ന് തട്ടിയെടുക്കുന്നത് തടയാനായിരുന്നു കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കുകയായിരുന്നു.അഭിഭാഷകരുടെ അവകാശങ്ങള്‍ക്കെതിരെയാണ് കോടതിയുടെ നടപടിയെന്നും അദാലത്തുകളില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശിക്കുന്നതായിരുന്നു പ്രമേയം.

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ചേംബറില്‍ കയറി കൈയേറ്റത്തിന് ശ്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ അസോസിയേഷന്റെ മറ്റൊരു നടപടിയും വിവാദമാകുന്നത്.