Connect with us

Articles

അക്കിത്തത്തിലെ കാവ്യക്കാഴ്ചകള്‍

Published

|

Last Updated

കവിതകൊണ്ട് ഒരു കാലാവസ്ഥ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. അനേകം കവികളില്‍ ഇങ്ങനെ കാലാവസ്ഥ സൃഷ്ടിച്ചവര്‍ വളരെ ചുരുങ്ങും. ആ ചുരുക്കപ്പേരില്‍ ഒരാളാണ് അക്കിത്തം അച്ചുതന്‍ നമ്പൂതിരി.
ആത്മീയതയും ഗ്രാമീണതയും ഭക്തിയും വിശ്വാസവും വിപ്ലവ കാമുകത്വവും എല്ലാം സങ്കലിതമായ ഒരു കാവ്യ സന്ദര്‍ഭത്തെയാണ് അക്കിത്തം പ്രതിനിധാനം ചെയ്യുന്നത്. ഇതിനെല്ലാമാവശ്യമായ മുഗ്ധമായ കാവ്യബിംബങ്ങള്‍ ഈ കവി ധാരാളം ഉപയോഗിക്കുന്നുണ്ട്. കവിത എന്നത് കാലത്തിന്റെ കണ്ണാടിയല്ലെന്നും കാലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നുമുള്ള നവ സങ്കല്‍പ്പങ്ങളെ പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ സാര്‍ഥകമാക്കിയ മഹാകവിയാണ് അക്കിത്തം.
ഇടിഞ്ഞു പൊളിഞ്ഞ ലോകം എന്ന കവിതയില്‍ കവി ഒരു സാധാരണക്കാരനെ അവതരിപ്പിക്കുന്നു. ഒരു ശുദ്ധ ബ്രാഹ്മണന്റെ ഒരു സാധാരണ ദിനം ആരംഭിക്കുമ്പോള്‍ കവിതയും ആരംഭിക്കുകയാണ്.
“ഇന്നു പുലര്‍ച്ചയ്‌ക്കെഴുന്നേറ്റപ്പോ/ളെന്നുടെ ഹൃദയം നിശ്ശബ്ദം/തോര്‍ത്തുമുടുത്തു കുളിക്കാനായി/ തൊടിയില്‍ കൂടി നടന്നപ്പോള്‍/ അവിചാരിതമൊരു സുമനസ്സുണ്ടെ/ന്നരിക പൊന്തയിലഭിരാമം”

ഹൃദയം നിശ്ശബ്ദമായ ഒരു പ്രഭാതം വിശേഷിച്ച് ഒന്നും ചെയ്യാനില്ലാത്ത ദൈനംദിനത്തിന്റെ നൈരന്തര്യം മാത്രം. പക്ഷേ ആയിടക്ക് ഒരു പൂവ് കണ്ണില്‍ പെടുകയായി. ആ പൂവാകട്ടെ കര്‍ക്കിടകക്കാറൊഴിഞ്ഞ് പുതുവര്‍ഷം ആഗമിക്കാറായതിന്റെ വിളംബരമായിട്ടാണ് വിരിഞ്ഞു നില്‍ക്കുന്നത്. ഓണം വരവായല്ലോ എന്ന സന്തോഷോത്സാഹം മനസ്സില്‍ തിരയടിക്കുന്നു. അത് പൂക്കണ്ട ആളെ ഒരു ഉണ്ണിയാക്കി മാറ്റുന്നു. പെട്ടെന്ന് ഭാവം മാറുകയുമായി. “ഞാനൊരു പച്ച ശിശുവല്ലല്ലോ / പൂ നുള്ളിക്കൊണ്ടലയാനും” എന്ന തോന്നല്‍ അയാളിലുണ്ടാക്കുന്നു. ഗ്രാമീണതയുടെ നവ്യഭാവം നമുക്കിതില്‍ നിന്ന് നുകരാന്‍ കഴിയുന്നു. പൂക്കള്‍ മനുഷ്യന്റെ വളരെ നൈര്‍മല്യമാര്‍ന്ന ചേതനയെ വിരിയിച്ചെടുക്കുന്നു. സ്‌നിഗ്ധമായ ആ കുസുമ ചേതനയെ കവി കണ്ടെത്തുന്നു.

ജീവിതത്തിന്റെ നൈര്‍മല്യം മാത്രമല്ല നിസ്വതയുടെ വിഹ്വലതകളും കവിതകളില്‍ ധാരാളമുണ്ട്. പണ്ടത്തെ മേല്‍ശാന്തി ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരു കവിതയാണ്. പ്രതാപ ഐശ്വര്യങ്ങളെല്ലാമൊടുങ്ങി ദാരിദ്ര്യത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകത്ത് ജീവിക്കുന്ന ഒരു പാവം നമ്പൂതിരിയിലൂടെയാണ് കവി നിസ്വതയുടെ വിഹ്വലതകള്‍ മുഴുവന്‍ ആവിഷ്‌കരിക്കുന്നത്.
“കര്‍ക്കടകമാസം കഴിയും വരേക്കിനി/കഞ്ഞിയാണുണ്ണി നിനക്കിഷ്ടമാകുമോ?”

എന്ന അമ്മയുടെ ഗദ്ഗദത്തിലുണ്ട് ഒരു സമുദായത്തിന്റെ വേദനകള്‍ മുഴുവനും. മേല്‍ശാന്തിയായി ആനപ്പുറത്തിരിക്കുമ്പോള്‍ ഉറങ്ങിത്താഴെ വീഴാതിരിക്കുന്നത് ആനക്കഴുത്തിലെ തൂശിരോമങ്ങള്‍ കാല്‍ വണ്ണയില്‍ കുത്തിനോവിക്കുന്നതു കൊണ്ടാണ്. അനുഷ്ഠാനപരമായിത്തീര്‍ന്ന ജീവിതത്തിന്റെ വൈരസ്യത്തെയാണ് ഇവിടെ ചിത്രീകരിക്കുന്നത്. അവസാനം
“എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍/എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്ന് പ്രഖ്യാപിക്കുമ്പോള്‍ പുറമെ തിടമ്പേറ്റിയ കുലമഹിമയുടെ സൗവര്‍ണ കാഴ്ചകളെല്ലാം കെട്ടു പോകുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലൂടെ ഒരു മനുഷ്യ വംശത്തിന്റെ നടുക്കുന്ന ചിത്രം തന്നെയാണ് ആവിഷ്‌കരിക്കുന്നത്.

ഒരു കണ്ണീര്‍ കണം മറ്റു/ള്ളവര്‍ക്കായി പൊഴിക്കവേ/ഉദിക്കയാണെന്നാത്മാവി/ലായിരം സൗര മണ്ഡലം/ഒരു പുഞ്ചിരി ഞാന്‍ മറ്റു/ള്ളവര്‍ക്കായ് ചെലവാക്കവേ/ഹൃദയത്തിലുലാവുന്നു/നിത്യ നിര്‍മ്മല പൗര്‍ണമി”.
ഇങ്ങനെ മനുഷ്യന്റെ വല്ലാത്തൊരു വിധിയെക്കുറിച്ചാണ് കവി എഴുതുന്നത്. ആനന്ദത്തിന്റെ പിറകെ ഒരു കാനല്‍ജലം പോലെ അലഞ്ഞ് ഒടുക്കം വിലമതിക്കാനാകാത്ത രത്‌നം തന്റെ കൈവശം തന്നെ ഉണ്ടായിരുന്നല്ലോ എന്ന് തിരിച്ചറിയുമ്പോഴുള്ള നിഷ്ഫലതയും ധന്യതയും ഒരേ സമയം കവിത പങ്കുവെക്കുന്നു.
ജീവിതത്തിന്റെ നടുക്കമാര്‍ന്ന ചിത്രങ്ങള്‍ അക്കിത്തം ഇതില്‍ വരച്ചിടുന്നുണ്ട്.

നിരത്തില്‍ കാക്ക കൊത്തുന്നു/ചത്ത പെണ്ണിന്റെ കണ്ണുകള്‍/മുല ചപ്പി വലിക്കുന്നു/നര വര്‍ഗനവാതിഥി/വെളിച്ചം ദുഃഖമാണുണ്ണീ/തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഒരു ദുഃസ്വപ്‌നം പോലെ മലയാളികള്‍ കൊണ്ടു നടക്കുന്നവയാണ്. ജീവിതത്തിന്റെ ദന്തുരമായ കാവ്യക്കാഴ്ചകള്‍ അക്കിത്തം ഇങ്ങനെ നിരത്തി വെക്കുന്നു.
ഒരു വിപ്ലവ കാമുകത ഉള്ളില്‍ വഹിച്ചുകൊണ്ട് നടന്ന ഈ മഹാകവിയില്‍ ഒരു ഭക്തി ഭാവവും ശക്തമായി തന്നെയുണ്ട്. ആത്മീയതയുമായുള്ള കൂട്ടിരിപ്പില്‍ നിന്നാകാം കവിക്ക് ഈ ശക്തി കൈവന്നത്. ഒരു മന്ത്രശക്തി പോലെ ഇതെല്ലാം കവിതയില്‍ നിറഞ്ഞുനിന്നു. ഭക്തി ഒരു കാല്പനിക ഭാവമായതിനാലാകാം മിക്ക വാറും കവികള്‍ ഭക്തിയെ ആവിഷ്‌കരിച്ചു കാണുന്നുണ്ട്. അക്കിത്തം അച്ചുതന്‍ നമ്പൂതിരിയില്‍ മറ്റൊരു കവിയിലും കാണാത്ത വിധം ഭക്തിചേതന സജീവമാണ്. സവര്‍ണയും ഭക്ത്യുന്മുഖവുമായ ഒരു ആവിഷ്‌കാര രീതി കവിയില്‍ പില്‍ക്കാലത്ത് ചില ചാഞ്ചല്യങ്ങള്‍ തന്നെയും വരുത്തിവെക്കുന്നുണ്ട്. ഹൈന്ദവ സംസ്‌കാരത്തില്‍ നിന്ന് ഹൈന്ദവ രാഷ്ട്രീയത്തിലേക്കുള്ള ചില കളം ചാടലുകള്‍ കവിതക്കപ്പുറത്ത് അക്കിത്തത്തില്‍ നിഴലിച്ചു നിന്നു എന്നത് മാനുഷിക ഭാവത്തെ താലോലിക്കുന്ന കവി യില്‍ നിന്ന് മലയാളം പ്രതീക്ഷിക്കാത്തതായിരുന്നു. തപസ്യ പോലുള്ള ഒരു സാഹിത്യ വേദിയുടെ അധ്യക്ഷ പദവി അക്കിത്തം സ്വീകരിച്ചത് കേരളത്തിന്റെ കാവ്യ മനസ്സാക്ഷിയെ അല്‍പ്പമൊന്ന് അമ്പരപ്പിക്കുകയുണ്ടായി.