Connect with us

Editorial

ഉദ്ധവ് സര്‍ക്കാറിന്റെ മുമ്പില്‍ വെല്ലുവിളികളേറെ

Published

|

Last Updated

തിരഞ്ഞെടുപ്പ് കാലത്തും തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നാളുകളിലും പ്രതീക്ഷിക്കാത്ത ഒരു സര്‍ക്കാറാണ് മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച അധികാരത്തിലേറിയത്. ഒന്നുകില്‍ ബി ജെ പി- ശിവസേന സര്‍ക്കാര്‍, അല്ലെങ്കില്‍ എന്‍ സി പി- കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ സങ്കല്‍പ്പം. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പദത്തിന്റെ വീതം വെപ്പിനെ ചൊല്ലി ബി ജെ പിയും ശിവസേനയും തെറ്റിപ്പിരിയുകയും ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള എല്ലാ സാധ്യതകളും അടയുകയും ചെയ്തപ്പോള്‍ അടുത്ത സങ്കല്‍പ്പം കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ശിവസേന- എന്‍ സി പി സര്‍ക്കാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനു കൂടി പങ്കാളിത്തമുള്ള ഒരു ത്രികക്ഷി സര്‍ക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നത്.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപം കൊണ്ട പൊതുമിനിമം പരിപാടിയാണ് പ്രത്യയശാസ്ത്രപരമായി വിപരീത ചേരികളില്‍ നില്‍ക്കുന്ന പാര്‍ട്ടികളെ യോജിപ്പിച്ചത്. ബി ജെ പിയേക്കാള്‍ കടുത്ത വര്‍ഗീയ, തീവ്രവാദ പാര്‍ട്ടിയായാണ് ശിവസേന അറിയപ്പെടുന്നത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ഭാഗവാക്കാകേണ്ടതില്ലെന്നു മാത്രമല്ല, അത്തരമൊരു സര്‍ക്കാറിനെ പിന്തുണക്കുക പോലും വേണ്ടെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി നേതൃത്വത്തിലെ പ്രബലമായൊരു വിഭാഗവും. പിന്നീട് ശിവസേന സര്‍ക്കാറിനെ പിന്തുണക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ 40 എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് സമര്‍പ്പിച്ചതോടെയാണ് നേതൃത്വത്തിന്റെ നിലപാടില്‍ അയവു വന്നത്. ഇതേതുടര്‍ന്നാണ് മതേതരത്വത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ സര്‍ക്കാറില്‍ ചേരുന്ന കാര്യം ആലോചിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചത്.

“ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നണിയിലെ സഖ്യകക്ഷികള്‍ പ്രതിജ്ഞാബദ്ധരാണെ”ന്ന് ഉദ്ധവ് സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയുടെ ആമുഖത്തില്‍ പറയുന്നു. സംസ്ഥാനത്തും രാജ്യത്തും മതനിരപേക്ഷ ഘടന വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സഖ്യകക്ഷികള്‍ ഈ സമവായത്തിലെത്തിയതെന്ന് മുന്നണി വൃത്തങ്ങള്‍ വ്യക്തമാക്കി. മുമ്പ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന ശിവസേനയെ മതനിരപേക്ഷതയുടെ പേരില്‍ ആണയിടുന്ന പൊതുമിനിമം പരിപാടിയിലേക്ക് എത്തിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെ കനത്ത സമ്മര്‍ദ ഫലമാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഈ നയമാറ്റം പ്രകടമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതേതരത്വമെന്ന വാക്കുണ്ട്. ശിവസേന ഭരണഘടനയെ പിന്തുടരുന്നു. മത വൈജാത്യമില്ലാതെ എല്ലാ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു നിര്‍ത്തിയാണ് ശിവജി അദ്ദേഹത്തിന്റെ സാമ്രാജ്യം ഭരിച്ചതെന്നായിരുന്നു പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരത്വത്തോടുള്ള പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് റാവുത്തിന്റെ പ്രതികരണം. അതേസമയം, ഏതുവിധേനയും ശിവസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാറിനു രൂപം നല്‍കി ബി ജെ പിയോട് വാശി തീര്‍ക്കുകയെന്ന ലക്ഷ്യത്തിലാണ് പൊതുമിനിമം പരിപാടിയില്‍ മതനിരപേക്ഷത കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറായതെന്ന കാര്യം വിസ്മരിക്കാവതല്ല.
മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുന്നതുള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് അധികാരമേറ്റ ഉദ്ധവ് തക്കറെ സര്‍ക്കാര്‍. വെള്ളപ്പൊക്കത്തിലും കാലവര്‍ഷത്തിലും നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം, കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വിളകള്‍ക്ക് ന്യായവില, സ്ഥിരതാമസക്കാരായ യുവാക്കള്‍ക്ക് ജോലികളില്‍ 80 ശതമാനം സംവരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, താലൂക്കുകളില്‍ ഒരു രൂപ ക്ലിനിക്കുകള്‍, എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിങ്ങനെ നീളുന്നു പ്രഖ്യാപനങ്ങള്‍.

ഭരണകാര്യങ്ങളിലോ പാര്‍ലിമെന്ററി മേഖലയിലോ മുന്‍പരിചയമില്ലാത്ത, നിയമസഭാംഗം പോലുമായിട്ടില്ലാത്ത ഉദ്ധവിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ് ത്രികക്ഷി സര്‍ക്കാറിനെ കാലാവധി തീരും വരെ നയിക്കുകയെന്നത്. ഫട്‌നാവിസ് സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ ബി ജെ പി നടത്തിയ പാതിരാ നാടകം പൊളിഞ്ഞത് പാര്‍ട്ടിക്ക് വിശേഷിച്ചും മോദിക്കും അമിത് ഷാക്കും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക മോഡല്‍ അട്ടിമറി നടത്തി ഫട്‌നാവിസിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ബി ജെ പി നേതൃത്വം എല്ലാ അടവുകളും പയറ്റും. ഇതിനെതിരെ സര്‍ക്കാറും ത്രികക്ഷി നേതൃത്വവും എപ്പോഴും ജാഗ്രത്തായിരിക്കേണ്ടതുണ്ട്. സംസ്ഥാനം 4.41 ലക്ഷം കോടിയിലേറെ വരുന്ന കടത്തില്‍ മുങ്ങിയിരിക്കുകയാണെന്നിരിക്കെ, കാര്‍ഷിക കടം എഴുതിത്തള്ളുന്നതും മറ്റു പദ്ധതികള്‍ നടപ്പാക്കുന്നതും അത്ര എളുപ്പമല്ല. കടങ്ങള്‍ എഴുതിത്തള്ളുന്നതിന് മാത്രം 30,000 ലക്ഷം കോടി രൂപ കണ്ടെത്തേണ്ടി വരും സര്‍ക്കാറിന്. ആറ് മെട്രോ പാതകളുള്‍പ്പെടെ അടിസ്ഥാന വികസനത്തിന് 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്ത് നിലവില്‍ പ്രാബല്യത്തിലുണ്ട്. വിദേശ സര്‍ക്കാറുകളില്‍ നിന്നുള്ള വായ്പകളുടെ പിന്‍ബലത്തിലാണ് പല പദ്ധതികളും മുന്നോട്ട് പോകുന്നത്. ഉദ്ധവ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. കേന്ദ്രത്തില്‍ നിന്ന് ഇനി സഹായ സഹകരണങ്ങള്‍ ഏറെ ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് ത്രികക്ഷി സര്‍ക്കാറിന്റെ ഭാവി.