കുട്ടനാടന്‍ ശൈലിസ്വായത്തമാക്കി വഞ്ചിപ്പാട്ടില്‍ കോഴിക്കോട്

Posted on: November 30, 2019 11:17 am | Last updated: November 30, 2019 at 11:17 am


കാഞ്ഞങ്ങാട് | യഥാര്‍ഥ വഞ്ചിപ്പാട്ട് കാണാനോ അതിന്റെ ആവേശം നുകരാനോ അവസരം ലഭിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയിലെ എ കെ കെ ആര്‍ എച്ച് എസ് എസിലെ പ്രതിഭകള്‍ ഇത്തവണയും വഞ്ചിപ്പാട്ടിന്റെ കിരീടം സ്വന്തമാക്കി.

കഴിഞ്ഞ എട്ടുവര്‍ഷമായി ഈ വിജയം അവര്‍ നിലനില്‍ത്തുന്നു. ആലപ്പുഴ, കൊല്ലം ജില്ലയുടെ വഞ്ചിപ്പാട്ട് പാരമ്പര്യത്തോടു പൊരുതിയാണ് കോഴിക്കോടിന്റെ ഈ നേട്ടം. ദിയ കല്‍ജിത്താണ് സംഘത്തിലെ തലപ്പാട്ടുകാരി. ഇടിയുടെ താളവും തുഴയുടെ കൃത്യതയും ആണ് വഞ്ചിപ്പാട്ടിന്റെ സൗന്ദര്യം. അതു പഠിപ്പിക്കാന്‍ ആലപ്പുഴകാര്‍ തന്നെ വേണം എന്നതിനാല്‍ ആലപ്പുഴയില്‍ നിന്ന് ഭാസ്‌കരന്‍ മാഷേയും ശിഷ്യന്‍മാരായ രമേശനേയും നവാസിനേയും സ്‌കൂളില്‍ കൊണ്ടുവന്നു താമസപ്പിച്ചാണ് സംഘം പരിശീലനം നേടുന്നത്. മീനാക്ഷി ബാബു രാജ്, ദേവിക, ഗൗരികൃഷ്ണന്‍, അമേയ കൃഷ്ണ, ദേവശ്രീ, സ്‌നേഹ, കൃഷ്ണപ്രിയ, ശ്രീകാര്‍ത്തിക, കീര്‍ത്തന എന്നിവര്‍ ഒരു മാസംകൊണ്ടാണ് വഞ്ചിപ്പാട്ട് പഠിച്ചെടുത്തത്. കുട്ടനാടന്‍ ശൈലിയില്‍ പാടി വഞ്ചിപ്പാട്ടിന്റെ വിജയ കിരീടം അവര്‍ കോഴിക്കോട്ടേക്കു കൊണ്ടുപോയി.