Connect with us

Editorial

കനകമല കേസ്: വിധി വിരല്‍ ചൂണ്ടുന്നത്

Published

|

Last Updated

രാജ്യാന്തര ഭീകര സംഘടനയായ ഐ എസുമായി ബന്ധപ്പെട്ടു കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം കൂടിയെന്ന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) പ്രത്യേക കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി ചേലക്കര സ്വദേശി ടി സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാശിദിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. കേസില്‍ അറസ്റ്റിലായ എട്ട് പേര്‍ക്കെതിരെയും യു എ പി എ ചുമത്തിയെങ്കിലും ആറ് പേര്‍ക്കെതിരെ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. പ്രതികളില്‍ ഒരാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പ്രതികളെ വളഞ്ഞത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍ ഐ എ സംഘം പിന്തുടരുകയായിരുന്നു. കേരളത്തിലെത്തിയ പ്രതികളെ എറണാകുളം, വടകര, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷിച്ച എന്‍ ഐ എ സംഘം ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കനകമലയിലാണെന്ന് കണ്ടെത്തി. മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ പ്രദേശം വളയുകയും തിരച്ചിലില്‍ പ്രതികള്‍ പിടിയിലാകുകയുമായിരുന്നു. കനകമലയിലെ യോഗത്തില്‍ വെച്ച് ഇവര്‍ വലിയ ആക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

രാജ്യാന്തര തലത്തില്‍ നവ സലഫിസമാണ് ഐ എസിന്റെ പിറവിക്ക് പിന്നില്‍. അമേരിക്കയിലും യൂറോപ്പിലും അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദും ഒരുക്കിയ കെണിയില്‍ സലഫികള്‍ അകപ്പെടുകയായിരുന്നു. നവ സലഫിസത്തിന്റെ കേരള പതിപ്പായ വഹാബിസമാണ് സംസ്ഥാനത്ത് അതിന്റെ വിത്ത് പാകിയത്. ഐ എസില്‍ ആകൃഷ്ടരായി വിദേശത്തേക്ക് കടന്ന അബ്ദുല്‍ റാശിദ് അബ്ദുല്ല ഒരു വോയ്‌സ് ക്ലിപ്പിലൂടെ ഇക്കാര്യം തുറന്നു പറയുന്നുണ്ട്. ആദ്യം വഹാബി സംഘടനകളില്‍ തീവ്രത കുറഞ്ഞ മടവൂര്‍ ഗ്രൂപ്പിലും പിന്നീട് കെ എന്‍ എം ഗ്രൂപ്പിലും തുടര്‍ന്ന് വിസ്ഡം ഗ്രൂപ്പിലും അവസാനമായി ദമ്മാജ് സലഫി വഴിയുമാണ് ഐ എസിലേക്ക് എത്തുന്നതെന്നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് സിറിയയിലെയും ഇറാഖിലെയും ഐ എസ് ക്യാമ്പിലെത്തിയ മലയാളികളെല്ലാം ഇത്തരത്തില്‍ വഹാബി ആശയത്തിലൂന്നി ഹിജ്‌റ (പലായനം) ചെയ്ത് ഐ എസില്‍ എത്തിയവരാണെന്നും റാശിദ് അബ്ദുല്ല പറയുന്നു. പാപ്പിനിശ്ശേരിയിലും കണ്ണൂരിലും കോഴിക്കോട്ടും നടന്ന മുജാഹിദ് സംഘടനാ ക്ലാസുകളില്‍ ജിഹാദ്, ഹിജ്‌റ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാറുണ്ടായിരുന്നുവെന്നും ഐ എസ് മലയാളി സംഘത്തിന്റെ നേതാവെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന റാശിദ് അബ്ദുല്ല വെളിപ്പെടുത്തി.
നിരവധി അതിക്രമങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിം ലോകം ഏറെ ആദരിക്കുന്ന ശൈഖ് രിഫാഈ, ഇമാം നവവി തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകള്‍ തകര്‍ത്തതും ഐ എസിന്റെ ക്രൂരവിനോദമായിരുന്നു. ഇതും വഹാബി ആശയധാരയുമായുള്ള അവരുടെ ബന്ധത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. വഹാബിസത്തിന്റെ സ്ഥാപക നേതാവായ മുഹമ്മദ് ഇബ്‌നു വഹാബ് സ്വഹാബത്ത് (നബിയുടെ അനുചരര്‍) ഉള്‍പ്പെടെ മഹാന്മാരുടെ പുണ്യ മഖ്ബറകള്‍ തകര്‍ത്തു കൊണ്ടാണ് തന്റെ തേരോട്ടം ആരംഭിച്ചത്. സഊദിയുടെ ഭരണം കേരള വഹാബികളുടെ കൈയില്‍ വന്നാല്‍ പ്രവാചക ശ്രേഷ്ഠര്‍ അന്ത്യവിശ്രമം കൊള്ളുന്ന “റൗളാ ശരീഫ്” ഇടിച്ചു നിരപ്പാക്കുമെന്നു കേരളത്തിലെ ചില മൗലവിമാര്‍ പ്രസംഗിച്ചത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ പൂര്‍വീക പണ്ഡിത മഹത്തുക്കള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത വഴി ഉപേക്ഷിച്ചു സ്വതന്ത്രമായി വ്യാഖ്യാനിക്കാനും സ്വയം മതവിധികള്‍ കണ്ടെത്താനും ധാര്‍ഷ്ട്യം കാണിച്ചതോടെയാണ് നവ സലഫി ചിന്താധാരക്കാര്‍ ഇസ്‌ലാമിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാനും തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകാനും തുടങ്ങിയത്. സലഫിസ്റ്റ് ചിന്താധാരകളുടെ പ്രചാരണത്തിന് കേരള വഹാബികള്‍ക്ക് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. കനകമല കേസില്‍ ശിക്ഷയില്‍ ഇളവ് തേടിക്കൊണ്ട് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ കനകമല കേസിലെ പ്രതികള്‍, സാമൂഹിക മാധ്യമങ്ങളിലെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളെയും നവ സലഫിസത്തിന്റെ അപക്വമായ വീക്ഷണങ്ങളെയും പഴിക്കുന്നതായി കാണാം. സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ആവേശം പൂണ്ടാണ് ഐ എസില്‍ ആകൃഷ്ടനായതെന്നും അതിലെ അപകടം മനസ്സിലാക്കാനുള്ള തിരിച്ചറിവും പക്വതയും തനിക്കില്ലാതെ പോയെന്നും മൂന്നാം പ്രതി റാശിദ് അലി ഹരജിയില്‍ വ്യക്തമാക്കുന്നു.
വഹാബികള്‍ അപകടകാരികളും കുഴപ്പക്കാരുമാണെന്ന് വളരെ മുമ്പേ മുസ്‌ലിം പണ്ഡിത ലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇവരെ പ്രതിരോധിക്കാനാണ് പണ്ഡിത മഹത്തുക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപവത്കരിച്ചത്. സമസ്തയുടെ പ്രവര്‍ത്തന ഫലമായി വഹാബിസത്തിന്റെ വളര്‍ച്ച മുരടിച്ചതായിരുന്നു. സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയാണ് പിന്നീട് അവര്‍ പിടിച്ചു നിന്നത്. തങ്ങളുടെ ഭീകരവാദ മുഖം മറച്ചു പിടിക്കാനായി നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും മുഖംമൂടിയണിഞ്ഞാണ് ഇവര്‍ രംഗത്തിറങ്ങാറുള്ളത്. ചില സാംസ്‌കാരിക, സാമൂഹിക നേതാക്കള്‍ ഈ കപടമുഖത്തില്‍ വഞ്ചിതരായി അവരുടെ ചടങ്ങുകളില്‍ സംബന്ധിക്കുകയും അവര്‍ക്ക് നവോത്ഥാന പട്ടം ചാര്‍ത്തുകയും ചെയ്യാറുമുണ്ട്. ഐ എസ്- സലഫി ബന്ധം മറനീക്കി പുറത്തു വരികയും റാശിദ് അബ്ദുല്ലയുടെയും മറ്റും ഓഡിയോ ക്ലിപ്പ് ഇറങ്ങുകയും ചെയ്തതോടെ ഇവരില്‍ ചിലരെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി സലഫി സംഘടനകളുമായി അകലം പാലിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്.

Latest