Connect with us

National

ബി ജെ പി സര്‍ക്കാറിന്റെ വിവാദ പദ്ധതി നിര്‍ത്തിവെച്ച് ഉദ്ദവ് താക്കറെ തുടങ്ങി

Published

|

Last Updated

മുംബൈ |  ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അഭിമാനമായി കണക്കാക്കിയിരുന്ന, എന്നാല്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്ന പദ്ധതി നിര്‍ത്തിവെച്ച് ഉദ്ദവ് താക്കറെ മാഹാരാഷ്ട്രയില്‍ ഭരണം തുടങ്ങി. മുംബൈയിലെ മില്‍ക്ക് കോളനിയിലെ മരങ്ങള്‍ മുറിച്ച് അവിടെ മെട്രോ സ്‌റ്റേഷന്‍, കാര്‍ ഷെഡ് നിര്‍മാണ കേന്ദ്രവും തുടങ്ങാനുള്ള പദ്ധതിയാണ് നിര്‍ത്തിവെച്ചത്. നേരത്തെ സര്‍ക്കാറിന്റെ ഭാഗമായിരുന്നപ്പോഴും അരേ കോളനിയിലെ മരം മുറിക്കുന്നതിനോട് ശിവസേന വിയോജിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിലും ശിവസേന പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പദ്ധതി സംബന്ധിച്ച് പുനരവലോകനം നടത്തിയ ശേഷമേ തുടര്‍ നടപടി സ്വീകരിക്കൂവെന്ന് ഉദ്ദവ് മാധ്യമങ്ങളോട് പറഞ്ഞു.

ആരെ കോളനിയിലെ മരങ്ങള്‍ മുറിച്ച് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത് വലിയ സംഘര്‍ഷത്തിലെത്തുകയും കോടതി ഇടപെട്ട് മരം മുറിച്ച് കാര്‍ ഷെഡ് നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ അനുവദിക്കുകയുമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മരം മുറി തടഞ്ഞില്ല. ഒടുവില്‍ രാത്രിയിലെത്തി അധികൃതര്‍ മരം മുറിക്കുകയായിരുന്നു.

കാര്‍ ഷെഡ് പദ്ധതി നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. മുംബൈയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതിന്റെ തെളിവാണ് പദ്ധതി ഉപേക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest