Connect with us

Ongoing News

ഒരു ഓവറില്‍ അഞ്ച് വിക്കറ്റ്: വിസ്മയമായി അഭിമന്യൂ മിഥുന്‍

Published

|

Last Updated

സൂറത്ത് |  ഹരിയാനക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകക്കായി അവിസ്മരണീയ പ്രകടനം പുറത്തൈടുത്ത് മുന്‍ ഇന്ത്യന്‍ താരം അഭിമന്യൂ മിഥുന്‍. ഒരു ഓവറില്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് അഭിമന്യൂ മിഥുന്‍ എറിഞ്ഞിട്ടത്. ഹാട്രിക്കും കടന്ന് ആദ്യ നാല് പന്തില്‍ വിക്കറ്റ് കൊയത് മിഥുന്‍ ഒരു പന്ത് ഇടവേളക്ക് ശേഷം വീണ്ടും വിക്കറ്റ് വീഴ്ത്തുകയായിരുന്നു. സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ കളിയുടെ 20-ാം ഓവറിലായിരുന്നു മിഥുന്റെ റെക്കോര്‍ഡ് പ്രകടനം. നേരത്തെ മൂന്ന് ഓവര്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റും നേടാതിരുന്ന മിഥുന്‍ തന്റെ നാലാമത്തെ ഓവറില്‍ മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഇന്നത്തെ പ്രകടനത്തോടെ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബോളറെന്ന റെക്കോര്‍ഡും മിഥുന് സ്വന്തമായി. രഞ്ജിയില്‍ 2009ല്‍ ഉത്തര്‍ പ്രദേശിനെതിരേയും വജയ് ഹസാരെ ട്രോഫിയില്‍ ഈ വര്‍ഷം തമിഴ്‌നാടിനെതിരേയുമായിരുന്നു ഹാട്രിക് പ്രകടനങ്ങള്‍.

ടോസ് നേടി എതിരാളികളെ ബാറ്റിംഗിനയച്ച കര്‍ണാടക ക്യാപ്റ്റന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിക്കുന്ന പ്രകടനമാണ് ഹരിയാന പുറത്തെടുത്ത്. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഇവര്‍ വാരിയത്. അര്‍ധസെഞ്ചുറി നേടിയ ഹിമാന്‍ഷു റാണ (34 പന്തില്‍ 61), ചൈതന്യ ബിഷ്‌ണോയ് (35 പന്തില്‍ 55) എന്നിവരാണ് വലിയ സ്‌കോറരര്‍മാര്‍. 19ാം ഓവറില്‍ മൂന്നിന് 193 എന്ന നിലയില്‍ നിന്നാണ് മിഥുന്റെ അവസാന ഓവറിലെ ബൗളിംഗ് പ്രകടനത്തി്‌ന്റെ അടിസ്ഥാനത്തില്‍ ഹരിയാന എട്ടിന് 194 എന്ന നിലയിലായത്.

ഹിമാന്‍ഷു റാണ, രാഹുല്‍ തെവാട്ടി, സുമിത് കുമാര്‍, അമിത് മിശ്ര, ജയന്ത് യാദവ് എന്നിവരുടെ വിക്കറ്റാണ് മിഥുന്‍ വീഴ്ത്തിയത്.