ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ടൂറിസ്റ്റ് ബസുകളില്‍ ഇന്ന് മുതല്‍ പരിശോധന

Posted on: November 28, 2019 12:20 pm | Last updated: November 28, 2019 at 7:41 pm

തിരുവനന്തപുരം | സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും. സ്‌കൂളുകളിലെ വിനോദ യാത്രക്ക് വിളിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വിദ്യാര്‍കളുടെ കൈയടിക്കായി അഭ്യാസ പ്രകടനം നടത്തുന്നത് വ്യാപകമായിരിക്കുകയാണ്. കൂടാതെ ടൂറിനിടെ വിദ്യാര്‍ഥികളുടെ താത്പര്യത്തിന് അനുസരിച്ച് അപകടകരമായ രീതിയില്‍ സര്‍വ്വീസും നടത്തുന്നു. നിരവധി സ്‌കൂളുകിളാള്‍ ഇത്തരം സംഭവങ്ങള്‍ നടന്നതായുള്ള വീഡിയോ ദൃശ്യം ഇതിനകം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധന.

ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റ്, വലിയ ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍, സ്പീഡ് ഗവേര്‍ണര്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. എന്തെങ്കിലും വീഴ്ച വരുത്തിയ ബസുകള്‍ക്കെതിരേയും ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിക്കും. വീഴ്ച വരുത്തിയ ബസുകളുടെ ഫിറ്റ്‌നസ് റദ്ദ് ചെയ്യും. കുറ്റക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.