Connect with us

Kerala

വെണ്ടാര്‍ സ്‌കൂള്‍ മുറ്റത്തെ അഭ്യാസ പ്രകടനം: ബസും ഡ്രൈവറുടെ ലൈസന്‍സും പിടിച്ചെടുത്തു

Published

|

Last Updated

കൊല്ലം |  ജില്ലയിലെ രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് വിനോദയാത്രക്കായി എത്തിച്ച ബസുകളില്‍ അപകടരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയതിനെതിരെ നടപടി. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഈ ബസിന്റെ ഡ്രൈവര്‍ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസന്‍സ് പിടിച്ചെടുത്തു. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി നടന്ന അഭ്യാസ പ്രകടനത്തിലും മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. ഇവിടെ അഭ്യാസ പ്രകടനത്തില്‍ ഉള്‍പ്പെട്ട ബസുകളുടെ ഉടമകളോട് ആര്‍ ടി ഒക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ നിന്നു പോയ ബസ് മാത്രമാണു തിരികെയെത്തിയിട്ടുള്ളത്. അഞ്ചല്‍ സ്‌കൂളില്‍ നിന്നു യാത്ര പോയവര്‍ 30നാണ് തിരിച്ചെത്തുക. ഇതിനു ശേഷമാകും ഈ ബസിനെതിരെ നടപടിയെടുക്കുക. വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ നടന്ന സംഭവം സംബന്ധിച്ചു തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇന്നു പി ടി എ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ അപകടകരമായ ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വി എച്ച് എസ് എസി ബാച്ചിന്റെ വിനോദയാത്രക്കായി എത്തിയ ബസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സ്‌കൂള്‍ മുറ്റത്ത് അഭ്യാസ പ്രകടനം നടന്നത്.സ്‌കൂളിന് എതിര്‍വശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനില്‍ക്കുമ്പോള്‍ ബസും കാറും ബൈക്കുകളും ചേര്‍ന്നു പൊടിപാറിച്ച് ചുറ്റിക്കറങ്ങുകയായിരുന്നു. സംഘത്തിലെ ഒരു പെണ്‍കുട്ടി കാറിന്റെ സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതും മോട്ടര്‍വാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അഞ്ചല്‍ ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭ്യാസ പ്രകടനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുമ്പായിരുന്നു പ്രകടനങ്ങള്‍. വിദ്യാര്‍ഥികളെ മൈതാനത്തിന്റെ നടുവില്‍ നിര്‍ത്തിയ ശേഷം ചെമ്മണ്ണ് പാറിച്ച് രണ്ടു ബസുകള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇതിന് അധ്യാപകരും വിദ്യാര്‍ഥികളും പ്രോത്സാഹനം നല്‍കുകയുമായിരുന്നു.

Latest