Connect with us

National

വീണ്ടും 'കൈ' പിടിക്കാന്‍ ജെ ഡി എസ്: ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം

Published

|

Last Updated

ബെംഗളൂരു:ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിഭക്ഷം ലഭിച്ചില്ലെങ്കില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഒഴവാക്കി വീണ്ടും കോണ്‍്ഗ്രസിനൊപ്പം ചേര്‍ന്ന് ഭരണം പങ്കിടാന്‍ ജെ ഡി എസ് നീക്കം. പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 15 മണ്ഡലങ്ങളിലാണ് കര്‍ണടാകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറെണ്ണമെങ്കിലും നേടാനായില്ലെങ്കില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഈ അവസരം മുതലാക്കാനാണ് ജെ ഡി എസ് നീക്കം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടും നിര്‍ണായകമാകും.

ബി ജെ പിയെ ശക്തമായി എതിര്‍ക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജെ ഡി എസുമായി സഖ്യം ചേരുന്നതിനോട് വലിയ താത്പര്യമില്ല. പ്രത്യേകിച്ച് മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യ. ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടക്കട്ടേ എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. എന്നാല്‍ മറ്റൊരു പ്രമുഖ നേതാവ ഡി കെ ശിവകുമാര്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ബി ജെ പിയെ പുറത്താക്കാന്‍ അദ്ദേഹം സഹകരിക്കുമെന്ന് ജെ ഡി എസ് കരുതുന്നു. കര്‍ണാടകയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ സഖ്യത്തിനൊപ്പം നിന്നേക്കും.

സോണിയാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വം ജെ ഡി എസുമായി നല്ല ബന്ധത്തിലാണുള്ളത്. മാത്രമല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ മാറ്റം കര്‍ണാടകയിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിലെ പരമോന്നതനേതാവാണ് സോണിയാഗാന്ധി. അവര്‍ എന്ത് തീരുമാനിച്ചാലും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അനുസരിക്കേണ്ടിവരുമെന്ന് എച്ച് ഡി ദേവഗൗഡ പ്രതികരിച്ചു. എന്നാല്‍ ജെ ഡി എസില്‍ പരമോന്നതനേതാവില്ല. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാന അഭിപ്രായം തന്നെയാണ് മുന്‍മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനുമായ എച്ച് ഡി കുമാരസ്വാമിയും പ്രതികരിച്ചത്. ബി ജെ പി സര്‍ക്കാറിനെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുശേഷവും സര്‍ക്കാറുണ്ടാകുമെന്നാണ് പറഞ്ഞതെന്നും കുമാരസ്വാമി പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടസഖ്യം അധികാരത്തിലേറുന്നത് കര്‍ണാടകത്തിലും അനുരണനമുണ്ടാക്കുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു.

Latest