Connect with us

Articles

നീതിപീഠത്തിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

Published

|

Last Updated

മഹാരാഷ്ട്രയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. അതോടെ കുതിരക്കച്ചവടത്തിനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു. കുതിരക്കച്ചവടം മുന്നില്‍ കണ്ടുകൊണ്ടാണ്, അത് കൃത്യമായി പറഞ്ഞുകൊണ്ടു തന്നെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചത്.

ഭരണഘടനയുടെ എഴുപതാം വാര്‍ഷികമായിരുന്നു ഇന്നലെ. ഈ ദിനത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി ഇതുവരെ കേട്ട എല്ലാ പഴികളില്‍ നിന്നും മുക്തി നല്‍കുന്ന വിധി പ്രസ്താവിച്ച് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വാര്‍ഷികം ആഘോഷമാക്കി. മഹാരാഷ്ട്രയിലെ നാണം കെട്ടതും ജനാധിപത്യ വിരുദ്ധവുമായ രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ചത് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവത്തോടെയായിരുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിലെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ച് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. അതോടെ കുതിരക്കച്ചവടത്തിനുള്ള എല്ലാ സാധ്യതകളും അവസാനിച്ചുവെന്നു കണ്ട ബി ജെ പിയുടെ മുഖ്യന്‍ ഫട്നാവിസും കൂടെ നിന്ന അജിത് പവാറും മണിക്കൂറുകള്‍ക്കുള്ളില്‍ രാജി പ്രഖ്യാപിച്ചു. കുതിരക്കച്ചവടം മുന്നില്‍ കണ്ടുകൊണ്ടാണ്, അത് കൃത്യമായി പറഞ്ഞുകൊണ്ടു തന്നെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചത്.

നിയമസഭയില്‍ സ്ഥിരം സ്പീക്കറെ നിയമിക്കണമെന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ക്കു ശേഷം മാത്രമേ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് തേടുകയുള്ളൂവെന്ന ബി ജെ പിയുടെ എല്ലാ ആവശ്യങ്ങളും തള്ളിയാണ് വിധി പ്രസ്താവം വന്നത്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും ഇതിന് മാത്രമായി പ്രോടേം സ്പീക്കറെ നിയമിക്കാനും അഞ്ച് മണിക്കുള്ളില്‍ എം എല്‍ എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്തുവാനുമാണ് സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണറുടെ അധികാരങ്ങളും അവകാശങ്ങളും അവിടെ നില്‍ക്കട്ടെ എന്നും ഇക്കാര്യത്തില്‍ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും മുകളിലായി ഒരു ഗവര്‍ണറുമില്ലെന്നുമായിരുന്നു സുപ്രീംകോടതിയിലെ വിധി പ്രസ്താവത്തില്‍ പറയാതെ പറഞ്ഞത്. സുപ്രീം കോടതി ഒന്നുകൂടെ പറഞ്ഞു, എല്ലാ നടപടികളും ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്നതായിരുന്നുവത്. സഭയില്‍ എന്ത് നടക്കുന്നുവെന്ന് ജനം കാണണമെന്നതാണ് കോടതി ഇക്കാര്യത്തിലൂടെ വ്യക്തമാക്കിയത്. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ നമ്മുക്ക് പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ വിശ്വാസവോട്ടെടുപ്പ് നടത്തി സര്‍ക്കാറിന് ജനങ്ങള്‍ ജയിപ്പിച്ചു വിട്ട അംഗങ്ങളുടെ പിന്തുണയുണ്ടോയെന്നു തെളിയിക്കൂവെന്നാണ് കോടതി പറഞ്ഞത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. അതിവേഗത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയെന്നതാണ് അതിനായി ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും വിധിന്യായത്തില്‍ കോടതി എഴുതിവെച്ചു.

യഥാര്‍ഥത്തില്‍ മഹാരാഷ്ട്രയില്‍ ശിവസേന ജനാധിപത്യത്തോട് എന്തു ചെയ്തുവെന്ന മറ്റൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എങ്കിലും ശിവസേന ഒരു പാര്‍ട്ടി എന്ന നിലയില്‍ എടുത്ത തീരുമാനത്തോട് എങ്ങനെയാണ് കേന്ദ്ര സര്‍ക്കാറും അതിനെ നയിക്കുന്ന ബി ജെ പിയും ഭരണഘടന അട്ടിമറിയിലൂടെ പ്രതികരിച്ചത് എന്ന ചോദ്യമാണ് ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. അധികാരവും ഭരണകൂടത്തിന്റെ സൗകര്യങ്ങളും ഉപയോഗിച്ച് ബി ജെ പി ഒറ്റ രാത്രി കൊണ്ട് കാണിച്ചു കൂട്ടിയത് നമ്മുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ഭരണഘടനാ തത്വങ്ങളെയും വെല്ലുവിളിക്കുന്ന നടപടികളായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷാ ശിവസേനക്കു നല്‍കിയ വാഗ്ദാനമുണ്ടായിരുന്നുവെന്നാണ് ഉദ്ധവ് താക്കറെ സഖ്യം ഉപേക്ഷിക്കാനായി പറഞ്ഞത്. 288 അംഗ നിയമസഭയില്‍ ബി ജെ പിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. 105 സീറ്റുകള്‍ അവര്‍ നേടി. ശിവസേന 56 സീറ്റും കോണ്‍ഗ്രസ് 44 സീറ്റും എന്‍ സി പി 54 സീറ്റും നേടി.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെയാണ് ശിവസേന- കോണ്‍ഗ്രസ് – എന്‍ സി പി സഖ്യം രൂപപ്പെട്ടത്. ശിവസേനയും എന്‍ സി പിയും വേഗത്തില്‍ ഐക്യപ്പെട്ടെങ്കിലും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കണം എന്ന കാരണത്താല്‍ കോണ്‍ഗ്രസ് അല്‍പ്പം അകന്നു നിന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം എപ്പോഴും സമ്മതം മൂളിക്കൊണ്ടിരുന്നെങ്കിലും ദേശീയ നേതൃത്വം ശിവസേനയോട് അകലം പാലിക്കണമെന്നു വാശിപിടിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ എന്‍ സി പിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി കോണ്‍ഗ്രസ് നിബന്ധനകള്‍ക്ക് വിധേയമായി ത്രികക്ഷി സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറായി. ബി ജെ പിയെ തോല്‍പ്പിക്കാന്‍ ശിവസേനയും തങ്ങളുടെ എല്ലാ പ്രത്യയശാസ്ത്രങ്ങളും തത്കാലം അഴിച്ചുവെക്കാന്‍ തയ്യാറായി. ഒടുവില്‍ ശിവസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സര്‍ക്കാറുണ്ടാക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചു. എല്ലാവരും കിടന്നുറങ്ങാന്‍ പോയി. എന്നാല്‍ പിറ്റേന്നു പുലര്‍ന്നപ്പോള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം മാറിയിരിക്കുന്നു. ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നുവെന്നാണ് മുംബൈ നഗരത്തില്‍ ആദ്യമാദ്യം എഴുന്നേറ്റവര്‍ തൊട്ടടുത്തുള്ളവരെ അറിയിച്ചത്. എന്‍ സി പി നേതാവ് അജിത് പവാര്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് ബി ജെ പിയുമായും അമിത് ഷായുമായും നടത്തിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു അര്‍ധ രാത്രിയില്‍ കര്‍ട്ടണ്‍ താഴ്ത്തി നടത്തിയതെന്നു പിന്നീട് ബോധ്യമായി. ശിവസേനയുടെ പഴയ കൈക്കരുത്തു കൊണ്ടാണോ അതോ ശരത് പവാറിന്റെ രാഷ്ട്രീയ തന്ത്രം കൊണ്ടാണോയെന്നറിയില്ല, അജിത് പവാറിന്റെയും ഫട്നാവിസിന്റെയും അമിത് ഷായടക്കമുള്ള ബാക്കി എല്ലാവരുടെയും തന്ത്രങ്ങള്‍ പൊളിച്ച് വീണ്ടും ത്രികക്ഷി സഖ്യം സ്ഥാപിച്ചു. തങ്ങള്‍ 162 പേരുണ്ടെന്നു അവര്‍ ബോര്‍ഡെഴുതി പ്രദര്‍ശിപ്പിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തി. സുപ്രീം കോടതിയില്‍ വിശ്വാസവോട്ട് എന്ന ഒറ്റ പ്രശ്നത്തില്‍ മാത്രമൂന്നി കേസ് നടത്തി. ഇതോടെ ജനാധിപത്യ വിശ്വാസികള്‍ക്ക് അശ്വാസകരമായ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ഫട്നാവിസും അജിത് പവാറും രാഷ്ട്രീയ നാടകം അവസാനിപ്പിച്ചു ജനങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങി. ജനാധിപത്യം വീണ്ടും പുലരുന്നുവെന്ന് ആളുകള്‍ പരസ്പരം പങ്കുവെച്ചു. ത്രികക്ഷി സഖ്യം അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമൊന്നുമില്ല. എന്നാല്‍ മണ്ണിന്റെ മക്കള്‍ വാദം മുതല്‍ വംശീയ വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ വരെ തലയിലേറ്റി നടന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മതേതര കക്ഷികള്‍ക്ക് എത്രകാലം ഭരിക്കാന്‍ കഴിയുമെന്ന ഒറ്റ ചോദ്യം അവശേഷിക്കുന്നുണ്ട്. എങ്കില്‍ പോലും ജനാധിപത്യം അതിന്റെ അവസാനത്തെ ശ്വാസം വലിക്കുന്നുവെന്നു തോന്നുമ്പോള്‍ ആശ്വാസമാകുന്ന ചില വിധികള്‍ സുപ്രീം കോടതിയില്‍ നിന്ന്‌ വരുമെന്ന പ്രതീക്ഷയാണ് ഇന്നലെയും യാഥാര്‍ഥ്യമായത്.

Latest