Connect with us

Editorial

രാഷ്ട്രീയ വഞ്ചകര്‍ക്ക് നാണം കെട്ട പിന്മടക്കം

Published

|

Last Updated

ഒടുവില്‍ ബി ജെ പിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ സ്വന്തം സഖ്യ കക്ഷിയോട് വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ബി ജെ പി തന്നെ സൃഷ്ടിച്ച പ്രതിസന്ധി ആ പാര്‍ട്ടിയുടെ മുഖം കെടുത്തിയിരിക്കുകയാണ്. ഗവര്‍ണറെ വഴിവിട്ട് ഉപയോഗിച്ചും കേന്ദ്ര അധികാരം ദുരുപയോഗം ചെയ്തും ഭരണം പിടിക്കാന്‍ ബി ജെ പി നടത്തിയ ശ്രമം ഗോവയും മണിപ്പൂരും കര്‍ണാടകയുമൊക്കെ നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലും മറ്റ് കക്ഷികളുടെ പഴുതടച്ചുള്ള നീക്കങ്ങളും ഈ കുതന്ത്രങ്ങളെ മുഴുവന്‍ വിഫലമാക്കിയിരിക്കുകയാണ്. മറുപുറത്ത് രൂപപ്പെട്ട സഖ്യം വിശുദ്ധമാണോ, അതിന് സുസ്ഥിര സര്‍ക്കാറുണ്ടാക്കാന്‍ സാധിക്കുമോ, ജനവിധി ഇത്തരമൊരു ത്രികക്ഷി സഖ്യത്തിനായിരുന്നോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയരുമ്പോഴും ബി ജെ പി നടത്തിയ പാതിരാ തന്ത്രങ്ങള്‍ പൊളിഞ്ഞുവെന്നത് ജനാധിപത്യ വിശ്വാസികളെ ആവേശഭരിതരാക്കുന്നുണ്ട്. കാരണം ഇത്തരം അതിബുദ്ധികള്‍ ആവര്‍ത്തിക്കുന്നതിന് ചെറിയ നിലയിലെങ്കിലും തടയിടാന്‍ ഈ മഹാരാഷ്ട്ര പതനം ഉപകരിച്ചേക്കും. മഹാരാഷ്ട്രയിലേതിനെ നാടകമെന്നും പ്രഹസനമെന്നും ചാണക്യ തന്ത്രമെന്നും വിളിച്ച് ലളിതവത്കരിക്കുന്നതിന് പകരം നെറികെട്ട ഈ രാഷ്ട്രീയ സംസ്‌കാരത്തെ തള്ളിപ്പറയുകയാണ് വേണ്ടത്. ഈ കുളിമുറിയില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും നഗ്നരാണെന്നു കൂടി കാണണം. അധികാരത്തിനായി പ്രത്യയശാസ്ത്രം മറക്കുന്നവരാണവര്‍.

കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. ആ കണക്ക് വെച്ച് ശിവസേനയും ബി ജെ പിയും ചേര്‍ന്നാല്‍ സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കും. അതായിരുന്നു ജനവിധി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ മകനെ മുഖ്യമന്ത്രിയാക്കിയേ തീരൂവെന്ന നിലപാടില്‍ ശിവസേന ഉറച്ച് നിന്നു. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പ് തന്നിരുന്നുവെന്നാണ് ഉദ്ധവ് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ബി ജെ പി വഴങ്ങിയില്ല. ഫട്‌നാവിസിന്റെ രണ്ടാമൂഴത്തിനായി അവര്‍ കാര്യങ്ങള്‍ നീക്കി. ശിവസേന എങ്ങോട്ടും പോകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു അവര്‍. സ്വന്തം നിലക്ക് ശിവസേന മുന്നോട്ട് പോകുമെന്ന് വന്നപ്പോള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ മുന്‍നിര്‍ത്തി ബി ജെ പി കളി തുടങ്ങി. ശിവസേനയെയും എന്‍ സി പിയെയുമെല്ലാം ഊഴം വെച്ച് സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ പക്ഷേ, അവര്‍ക്കാര്‍ക്കും മതിയായ സമയം നല്‍കിയില്ല. അവസാനം രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങി. ഇതിനിടെയാണ് ത്രികക്ഷി സഖ്യത്തിനായി പല തലങ്ങളിലേക്ക് നീണ്ട, ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. പൊതു മിനിമം പരിപാടി രൂപപ്പെടുത്തുന്നതില്‍ എന്‍ സി പി, ശിവസേന, കോണ്‍ഗ്രസ് സഖ്യം വിജയിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഘട്ടമെത്തി. അര്‍ധരാത്രി ബി ജെ പി നടത്തിയ ചടുല നീക്കങ്ങള്‍ ഈ സാധ്യത അടക്കുകയായിരുന്നു. ശരത് പവാറിന്റെ മരുമകനും എന്‍ സി പി നിയമസഭാ കക്ഷി നേതാവുമായ അജിത് പവാര്‍ ബി ജെ പി പളയത്തിലെത്തി. അദ്ദേഹം ഉപമുഖ്യമന്ത്രിയായും ഫട്‌നാവിസ് മുഖ്യമന്ത്രിയായും പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. മറുപക്ഷം അടങ്ങി നിന്നില്ല. അവര്‍ സുപ്രീം കോടതിയിലേക്ക് കുതിച്ചു. എത്രയും വേഗം വിശ്വാസ വോട്ട് തേടാന്‍ ഉത്തരവിടണമെന്നാണ് ത്രികക്ഷി സഖ്യം ആവശ്യപ്പെട്ടത്. വിധി നീട്ടി വെച്ച് മൂന്ന് ദിവസം ബി ജെ പിക്ക് സാവകാശം ലഭിക്കുന്ന സ്ഥിതി കോടതിയുണ്ടാക്കിയെങ്കിലും ഇന്നലെ വന്ന അന്തിമ വിധി ബി ജെ പിയെ വെട്ടിലാക്കി. ഇന്ന് അഞ്ച് മണിയോടെ ഭൂരിപക്ഷം തെളിയിക്കണമെന്ന് അന്ത്യശാസനം പുറപ്പെടുവിച്ചു. അജിത്തിനൊപ്പം ആരുമില്ലാതെ ആളൊഴിഞ്ഞ ബി ജെ പി ക്യാമ്പിന് മുന്നില്‍ എല്ലാ വഴികളും അടഞ്ഞു. 80 മണിക്കൂര്‍ മാത്രം രണ്ടാമൂഴം അവസാനിപ്പിച്ച് ഫട്‌നാവിസ് പടിയിറങ്ങി. ഉപമുഖ്യമന്ത്രിക്കുപ്പായം അഴിച്ചു വെച്ച് അജിത്തും.
ബി ജെ പി സംവിധാനം ചെയ്ത ഈ പാതിരാ നാടകം സമീപ കാലത്തെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ വഞ്ചനയായിരുന്നു. അതിന്റെ നൈതികത കോടതിയില്‍ ചര്‍ച്ചയായിട്ടേ ഇല്ല. ഭൂരിപക്ഷമുണ്ടോ എന്നത് മാത്രമായിരുന്നു അവിടെ ചര്‍ച്ചാ വിഷയം. ജനാധിപത്യത്തിന്റെ അന്തസ്സിനേറ്റ മുറിവാണ് യഥാര്‍ഥത്തില്‍ കാണേണ്ടത്. സുതാര്യതയാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. എന്നാല്‍ മഹാരാഷ്ട്രയില്‍ കണ്ടത് ദുരൂഹതയുടെ ആഘോഷമായിരുന്നു. രാജ്യം ഉറങ്ങുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കുന്നതില്‍ വ്യാപൃതരായി. രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്തത് റൂള്‍ 12 ആയിരുന്നുവെന്നോര്‍ക്കണം. സാധാരണഗതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി ഭരണം ഒഴിവാക്കുക. 1961ലെ ഭാരത സര്‍ക്കാര്‍ (പ്രവര്‍ത്തന നടത്തിപ്പ്) ചട്ടങ്ങളില്‍ പെട്ട പന്ത്രണ്ടാം ചട്ടം അനുസരിച്ച് തന്റെ വിവേചനാധികാരം ഉപയോഗിച്ച് എല്ലാ നിയമങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. അത്യധികം അനിവാര്യമുള്ള സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാവുന്നതാണ് ഇത്. കേന്ദ്ര മന്ത്രിസഭ വിളിച്ചുചേര്‍ത്ത് അംഗീകാരം നേടാതെ പ്രവര്‍ത്തിക്കാന്‍ ഈ ചട്ടം അനുസരിച്ച് പ്രധാനമന്ത്രിക്ക് സാധിക്കും. എന്നാല്‍, സര്‍ക്കാറിന്റെ പ്രധാന തീരുമാനങ്ങളില്‍ സാധാരണ ഇത് ഉപയോഗിക്കാറില്ല. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇതേ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

അടിയന്തരാവസ്ഥക്കെതിരായ രാഷ്ട്രീയ വികാരത്തില്‍ നിന്ന് ഉരുവം കൊണ്ട കക്ഷിയുടെ നേതാവ് തന്നെയാണ് തികച്ചും കുടുസ്സായ ഒരു ലക്ഷ്യത്തിന് ഈ റൂള്‍ എടുത്തു പയറ്റിയത്. അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി എന്‍ സി പി. എം എല്‍ എമാര്‍ അംഗീകരിക്കുന്നതായി കാണിക്കുന്നതായിരുന്നു.
എല്ലാം കഴിഞ്ഞ് ബി ജെ പി തോറ്റു മടങ്ങുമ്പോള്‍ അജിത് പവാറിന് നല്‍കിയ ഉപകാര സ്മരണ അവിടെ നില്‍ക്കുകയാണല്ലോ. 70,000 കോടി രൂപയുടെ അഴിമതിക്കേസിലാണ് രായ്ക്കുരാമാനം അജിത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. എത്ര പെട്ടെന്നാണ് തെളിവുകളെല്ലാം അപ്രത്യക്ഷമായത്. ഈ അജിത്തിനെ കൈയാമം വെച്ച് നടത്തിക്കുമെന്ന് പ്രചരിപ്പിച്ചാണ് ബി ജെ പി ഇത്തവണ വോട്ട് വാങ്ങിയത്. ഇപ്പുറത്തെത്തിക്കാന്‍ എം എല്‍ എമാര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ ഒന്നൊന്നായി വരും ദിവസങ്ങളില്‍ പുറത്ത് വരും. അവ കേട്ട് മൂക്കത്ത് വിരല്‍ വെക്കാനാണ് പൗരന്‍മാരുടെ വിധി. ത്രികക്ഷി സഖ്യം ആദര്‍ശപരമാണെന്ന അഭിപ്രായം ഇല്ല. ശിവസേനയെ പോലെ ഒരു പാര്‍ട്ടിയെ മെരുക്കാന്‍ പൊതു മിനിമം പരിപാടിക്കു സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്നവരെയെല്ലാം തങ്ങള്‍ക്ക് അടര്‍ത്താവുന്നവരാണെന്ന ബി ജെ പിയുടെ ആ ഹുങ്ക് ഉണ്ടല്ലോ, അതിനെ ത്രികക്ഷി സഖ്യം വെല്ലുവിളിക്കുന്നുവെന്നതാണ് ആവേശകരമായ വസ്തുത.

Latest