Connect with us

International

ഉയ്ഗൂര്‍ മുസ്‌ലിം വംശഹത്യ: ചൈനക്കെതിരെ ശബ്ദിച്ച 17കാരിയുടെ ടിക് ടോക് അക്കൗണ്ട് പൂട്ടിച്ചു

Published

|

Last Updated

വാഷിങ്ടണ്‍ :ചൈനയില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന വംശീയ പീഡനത്തിനെതിരെ ടിക്‌ടോക്കില്‍ പ്രതികരിച്ച പെണ്‍കുട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി സൈബര്‍ ലോകം രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് മൊബൈല്‍ ആപ്പായ ടിക്‌ടോക്കില്‍ നിരവധി ഫോളവേഴ്‌സുള്ള ഫിറോസ അസീസ് എന്ന 17കാരിയായ യു എസ് പെണ്‍കുട്ടിയുടെ അക്കൗണ്ടാണ് ടിക്‌ടോക്ക് പൂട്ടിച്ചത്. കണ്‍പീലികളുടെ സൗന്ദര്യം വര്‍ധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പറയുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോയിലൂടെയാണ് ഫിറോസ ചൈനയുടെ ക്രൂരതക്കെതിരെ ആഞ്ഞടിച്ചത്. ഞായറാഴ്ചയായിരുന്നു ഫിറോസ വീഡിയോ പോസ്റ്റ് ചെയ്തത്. അഫ്ഗാന്‍ അമേരിക്കന്‍ വംശജയായ ഫിറോസ ന്യൂജഴ്‌സിയിലാണ് താമസം.

കണ്‍പീലികള്‍ ഒന്നിച്ച് ചുരുട്ടാനുള്ള യന്ത്രം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. വീഡോയോയിലെ സന്ദേശം ഇപ്രകാരമാണ്. “ആദ്യം നിങ്ങള്‍ ഈ യന്ത്രം ഉപയോഗിച്ച് നിങ്ങലുടെ കണ്‍പീലികള്‍ ചുരുട്ടു. അതിന് മുമ്പ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈലില്‍ ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരയണം” എന്ന് പറഞ്ഞാണ് ഫിറോസ തന്റെ വീഡിയോ തുടങ്ങുന്നത്. നിരപാധികളായ മുസ്‌ലിംകളെ ചൈന കണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് വലിച്ചെറിയുകയാണെന്നും കുടുംബങ്ങളില്‍ നിന്ന് മുസ്‌ലിംകളെ അടര്‍ത്തി മാറ്റിയും തട്ടിക്കൊണ്ടുപോയും ചൈനീസ് അധികൃതര്‍ അവരെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും ക്രൂരമായി കൊലപ്പെടുത്തുന്നുണ്ടെന്നും ഫിറോസ വ്യക്തമാക്കുന്നു. നിര്‍ബന്ധിച്ച് മദ്യം, പന്നിയിറച്ചി എന്നിവ കഴിപ്പിച്ച് അവരെ മതം മാറ്റുന്നുണ്ടെന്നും 17കാരി തുറന്നടിച്ചു. ഇത് സമ്പൂര്‍ണ വംശഹത്യ തന്നെയാണെന്ന് പറഞ്ഞാണ് ഫിറോസ ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഇതേ വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും ഫിറോസ പോസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തോളം പേര്‍ അത് കണ്ടു. അതോടെയാണ് ടിക് ടോക് ഫിറോസയുടെ അക്കൗണ്ട് പൂട്ടിയത്. ചൈനീസ് കമ്പനിയായ ബൈടെന്റന്‍സിന്റേതാണ് ടിക് ടോക് പ്ലാറ്റ് ഫോം. ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നാല് വീഡിയോകള്‍ ഫിറോസ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ വീഡിയോ 14 ലക്ഷം പേരാണ് കണ്ടത്. അഞ്ച് ലക്ഷം പേര്‍ ലൈക്ക് ചെയ്തു. ഫിറോസയുടെ വീഡിയോ കമ്യൂണിറ്റി സ്റ്റാന്റേഡിന് യോജിച്ചതല്ലെന്നാണ് ടിക് ടോക് നല്‍കുന്ന വിശദീകരണം.
പത്ത് ലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈന ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ രേഖകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തീവ്രവാദികളെന്ന് ആരോപിച്ച് സാധാരണക്കാരായ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ചൈന നടത്തുന്നത്. ഇതിനെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
അതിനിടെ, വീഡിയോയിലൂടെ കാഴ്ചക്കാരെ വഞ്ചിക്കുകയാണ് ഫിറോസ ചെയ്തതെന്ന വിചിത്ര വാദവുമായി ചൈനീസ് അനുകൂലികളും ചില മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളും രംഗത്തെത്തി.

Latest