Connect with us

National

അജിത് പവാര്‍ വീണ്ടും എന്‍സിപി നേതൃസ്ഥാനത്തേക്കെന്ന് സൂചന

Published

|

Last Updated

മുംബൈ: വിമത നീക്കത്തിലൂടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയൊരു അട്ടിമറി നാടകം കാഴ്ച വെച്ച എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു. അജിത് പവാര്‍ തിരിച്ചു വന്ന സാഹചര്യത്തില്‍ കുടുംബ പോരിലേക്ക് പ്രശ്‌നം വളരാതിരിക്കാന്‍ അജിത്തിന് മന്ത്രി സ്ഥാനം നല്‍കാനും പവാര്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരസ്യവോട്ടിലൂടെ ബുധനാഴ്ച തന്നെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു. ശരദ് പവാര്‍ പക്ഷത്തെ ഏതാണ്ട് എല്ലാ മുതിര്‍ന്ന എന്‍സിപി നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ അജിത്തിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. ശരദ് പവാര്‍ കഴിഞ്ഞാല്‍ എന്‍സിപിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത് പവാര്‍.പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനുണ്ട്.അജിത്തിനെ അകറ്റി നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് ശരത് പവാര്‍ കരുതുന്നുമുണ്ട്.