Connect with us

Kerala

മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാന്‍ അഭിഭാഷകരുടെ ശ്രമം; വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം |  റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാന്‍ ജഡ്ജിക്കെതിരെ തിരിഞ്ഞ് അഭിഭാഷകര്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പരാക്രമം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരെയാണ് അഭിഭാഷകര്‍ ചേംബറില്‍ കയറി പ്രതിഷേധിച്ചത്.

ഇന്ന് ഉച്ചക്ക് ശേഷം ഒരു വാഹന അപകട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. കെ എസ് ആര്‍ ടി സി ബസിടിച്ച് ഒരു സ്ത്രീക്ക് അപകടം പറ്റിയതിന്റെ വിസ്താരം നടക്കുകയായിരുന്നു. പരിക്കുപറ്റിയ സ്ത്രീ ഇന്ന് കോടതിയിലെത്തുകയും ബസിന്റെ ഡ്രൈവര്‍ മണി തന്നോട് കോടതിയില്‍ ഹാജരാകരുത് എന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ജാമ്യം മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കി. ഡ്രൈവറെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരെ രംഗത്തെത്തെത്തുകയും ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ചേംബര്‍വിട്ട് മജിസ്‌ട്രേറ്റ് സി ജെ എമ്മിന് പരാതി നല്‍കുകയായിരുന്നു. പ്രതിയെ പുറത്തിറക്കിക്കൊണ്ടുപോകാന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ മജിസ്‌ട്രേറ്റിനെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പൂട്ടിയിടാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നിഷേധിച്ചു. ജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ചെന്ന കാര്യം സത്യമാണെന്നും എന്നാല്‍ പൂട്ടിയിട്ടിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചു.

പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മജിസ്‌ട്രേറ്റിന് അവകാശമില്ലെന്നാണ് ഇവരുടെ വാദം. ഇത്തരത്തിലൊരു സാക്ഷി മൊഴിയുണ്ടെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും അതിന് ശേഷം മാത്രമേ ജാമ്യം റദ്ദാക്കാന്‍ പാടുള്ളൂവെന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

---- facebook comment plugin here -----

Latest