Connect with us

Gulf

രണ്ടാമത് അല്‍ ദഫ്റ പുസ്തകോത്സവത്തിന് തുടക്കമായി

Published

|

Last Updated

അബൂദബി: രണ്ടാമത് അല്‍ ദഫ്റ പുസ്തകോത്സവത്തിന് ഉത്സവാന്തരീക്ഷത്തില്‍ തുടക്കമായി. അല്‍ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ സാംസ്‌കാരിക-ടൂറിസം വകുപ്പ് ഡി സി ടി അബൂദബിയാണ് അല്‍ ദാഫ്ര പുസ്തക മേളയുടെ രണ്ടാം പതിപ്പ് ഒരുക്കിയിട്ടുള്ളത്. സാഹിത്യം, കവിത, ചരിത്രം, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവക്ക് പുറമെ പ്രാദേശിക എഴുത്തുകാരുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളുമാണ് പുസ്തക മേളയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, രചയിതാവിന്റെ കൂടിക്കാഴ്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നവംബര്‍ 25 മുതല്‍ 29 വരെ അല്‍ ദാഫ്രയിലെ മദീനത്ത് സായിദിലാണ് പുസ്തക മേള. അല്‍ ദാഫ്ര മേഖല ഭരണാധികാരിയുടെ പ്രതിനിധി കോടതിയിലെ അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ ഖല്‍ഫാന്‍ അല്‍ റുമൈതി, യു എ ഇ ലെബനന്‍ സ്ഥാനപതി ഫുഹാദ് ചെഹാബ് ദന്ദന്‍, അബൂദബി ദാര്‍ അല്‍ കുതുബ് സെക്ടറിന്റെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല മജീദ് അല്‍ അലി എന്നിവരെ കൂടാതെ എഴുത്തുകാര്‍, സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ അല്‍ ദാഫ്ര പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രധാന എഴുത്തുകാരും ചിന്തകരും പങ്കെടുത്ത് പരിസ്ഥിതി, കവിത, പൈതൃകം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ സന്ദര്‍ശകര്‍ക്ക് അവരുടെ പ്രിയപ്പെട്ട രചയിതാക്കളെ നേരില്‍ കാണാനും അവരുടെ അനുഭവങ്ങളെക്കുറിച്ച് അറിയാനും അവസരമൊരുക്കിയിട്ടുണ്ട്. വാര്‍ഷിക സാംസ്‌കാരിക വേദിയായ അല്‍ ദാഫ്ര പുസ്തകമേള തുറന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. മേളയുടെ രണ്ടാം പതിപ്പില്‍ പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പ്രോഗ്രാമുകള്‍ എന്നിവക്ക് പുറമെ അതിലേറെ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളും വാഗ്ദാനം ചെയ്യുന്നതായി അബ്ദുല്ല മാജീദ് അല്‍ അലി പറഞ്ഞു.

Latest