Connect with us

Gulf

പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍; നോര്‍ക്ക കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു

Published

|

Last Updated

1. അഡ്വ. എ നജ്മുദ്ദീന്‍. 2. അഡ്വ. വിന്‍സണ്‍ തോമസ്

ദമാം: കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയുടെ ഭാഗമായി പ്രവാസി നിയമ സഹായ സെല്‍ ആരംഭിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ജി സി സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. സഊദിയില്‍ ദമാമിലെ സാമൂഹിക പ്രവര്‍ത്തകനും കണ്ണൂര്‍ മടമ്പം സ്വദേശിയുമായ അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ. നജ്മുദ്ദീന്‍ എന്നിവരെയാണ് കേരള സര്‍ക്കാര്‍ നിയമിച്ചത്.

അഡ്വ. വിന്‍സണ്‍ തോമസ് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകന്‍, കൂട്ടുമുഖം സഹകരണ ബേങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ആയി 2001 ല്‍ എന്റോള്‍ ചെയ്യുകയും തുടര്‍ന്ന് 2011 വരെ തളിപ്പറമ്പ്, തലശ്ശേരി, ചെന്നൈ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് ദമാമിലെ അല്‍ ബസാം ലോ ഫെര്‍മിലും തുടര്‍ന്ന് നിലവില്‍ അല്‍ സഹ്റ ഗ്രൂപ്പില്‍ നിയമകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ബിന്ദു ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്നു. മക്കള്‍: ഷാരോണ്‍, ഷിയോണ എന്നിവര്‍ ദമാം ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണ്.

അഡ്വക്കേറ്റ് എ നജ്മുദ്ദീന്‍ 2009-ലാണ് സഊദിയില്‍ എത്തിയത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്നും 2000ത്തില്‍ നിയമം ബിരുദം നേടി. മാവേലിക്കര, ഹരിപ്പാട് ബാറുകളില്‍ ഏഴ് വര്‍ഷക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് 2007 ല്‍ യു എ ഇ ലെ പ്രമുഖ നിയമ സ്ഥാപനമായ അല്‍ ഖുമൈതി ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2009 സഊദിയില്‍ എത്തി ദമാമിലെ പ്രമുഖ നിയമ സ്ഥാപനമായ ഹുസാം ബാഖുര്‍ജി ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി. 2010 മുതല്‍ 2016 വരെ സഊദി ലുലു ഗ്രൂപ്പില്‍ മീഡിയ ഓപ്പറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച നജ്മുദ്ദീന്‍ സഊദി പ്രവാസികള്‍ക്കിടയില്‍ സുപരിചിതനാണ്. 2016 മുതല്‍ അല്‍ ഖോബാറിലെ മുഹമ്മദ് ബിന്‍ ജാബിര്‍ ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. കോട്ടയം ഏറ്റുമാനൂര്‍ കോടതിയിലെ അഡ്വക്കേറ്റ് പി എ രഹ്നയാണ് ഭാര്യ. മക്കള്‍: ബാബുല്‍ റയാന്‍, മുഹമ്മദ് റിസ്വാന്‍.

പ്രവാസികള്‍ക്ക് കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് നിയമ സഹായം ചെയ്യുക, നഷ്ടപരിഹാര, ദയാ ഹരജികള്‍ ഫയല്‍ ചെയ്യുന്നതിന് സഹായിക്കുക, മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു നിയമ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നിവയാണ് നോര്‍ക്കയുടെ പദ്ധതി ലക്ഷ്യങ്ങള്‍.