Connect with us

National

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെയാണ് അദ്ദേഹം രാജിവക്കുന്നത്. ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കാന്‍ അദ്ദേഹം രാജ്ഭവനിലെത്തിയിട്ടുണ്ട്. കുതിരക്കച്ചവടം നടത്താനില്ലെന്ന് രാജി പ്രഖ്യാപിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഫഡ്‌നാവിസ് പറഞ്ഞു. ഒരു പാര്‍ട്ടിയെയും പിളര്‍ത്താനില്ല. ജനവിധി ബി ജെ പിക്ക് അനുകൂലമായിരുന്നു. ശിവസേനയുടെ പിന്തുണയില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആദ്യം ശ്രമിക്കാതിരുന്നത്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.

അതേസമയം, ശിവസേന ഹിന്ദുത്വം സോണിയാ ഗാന്ധിക്ക് അടിയറ വച്ചിരിക്കുകയാണെന്ന് ഫഡ്‌നാവിസ് ആരോപിച്ചു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തിനായി അവര്‍ വിലപേശി. ശിവസേന ജനവിധിയെ വഞ്ചിച്ചു. സഖ്യം നിലനില്‍ക്കെ സേന എതിരാളികളുമായി ചര്‍ച്ച നടത്തി.
ശിവസേനക്ക് ഉറച്ച സര്‍ക്കാര്‍ ഉണ്ടാക്കാനാകില്ല.
മഹാരാഷ്ട്രയുടെ സ്ഥിതി കഷ്ടത്തിലാകുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഉപ മുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ നേരത്തെ രാജിവച്ചിരുന്നു. എന്‍ സി പി നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയായിരുന്നു രാജി.
ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഇന്ന് രാവിലെ വിധിച്ചിരുന്നു. അതിനിടെ, ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഉദ്ധവ് താക്കറെ തന്നെയാകും സംസ്ഥാനത്ത് അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയെന്ന് ഇതിനു മുന്നോടിയായി സഖ്യം പ്രഖ്യാപിച്ചു.

---- facebook comment plugin here -----

Latest