Connect with us

Kerala

കേരളവും ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയും സഹകരിച്ച് പ്രവര്‍ത്തിക്കും

Published

|

Last Updated

ഒസാക്ക | കേരളത്തിലെ സര്‍വകലാശാലകളും ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജെന്റ് കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ധാരണ. ഇതുപ്രകാരം കേരളത്തിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്‌സുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകും.

കേരളത്തിലെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നത് ഒസാക്ക സര്‍വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്‌സുകള്‍ ആ ദിശയിലേക്കുള്ള ആദ്യപടിയാകും. നാച്ച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോകമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണം ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍ ആലോചിക്കാം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താത്പര്യമുള്ള ഒരു മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

ഒസാക്ക സര്‍വകലാശാലയില്‍ 144,000 വിദ്യാര്‍ഥികള്‍ക്ക് 11 ബിരുദ പ്രോഗ്രാമുകള്‍ക്കും 16 ഗ്രാജുവേറ്റ് സ്‌കൂളുകള്‍ക്കുമായുള്ള സൗകര്യങ്ങളുണ്ട്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഡോ. കവഹാര പറഞ്ഞു. സര്‍വകലാശാലയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് രാജ്യത്തിന്റെ പറത്തുനിന്നുള്ള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും സര്‍വ്വകലാശാല അപ്ലൈഡ് ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ പ്രഭാത് വര്‍മ പറഞ്ഞു.