Connect with us

National

മുംബൈ ഭീകരാക്രമണ വാര്‍ഷികം: ഇരകളായവരെ അനുസ്മരിച്ച് രാഷ്ട്രം

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ 11ാം വാര്‍ഷിക ദിനത്തില്‍ കൊല്ലപ്പെട്ടവരെ രാഷ്ട്രം അനുസ്മരിച്ചു. 2008 നവംബര്‍ 26ന് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള പോരാട്ടത്തിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന സുരക്ഷാ ജീവനക്കാരെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു. എല്ലാതരം തീവ്രവാദത്തെയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ നാം മുന്നോട്ടുപോകും. രാഷ്ട്രപതി പറഞ്ഞു.

രക്തസാക്ഷികളെ ആദരവോടെ ഓര്‍മിക്കുന്നതായും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. അന്നത്തെ ദിവസം പൗരന്മാര്‍ പ്രകടിപ്പിച്ച ധൈര്യവും ഊര്‍ജവും കര്‍മത്തോടുള്ള പ്രതിബദ്ധതയും നമ്മെ സംബന്ധിച്ച് എക്കാലത്തേക്കും പ്രചോദനം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

26/11ലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിഷ്‌കളങ്കരായ പൗരന്മാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തെ മറ്റു പൗരന്മാരെ സംരക്ഷിക്കുന്നതിന് മുംബൈ നിവാസികളും സുരക്ഷാ പ്രവര്‍ത്തകരും കാണിച്ച മാതൃകാപരമായ ധീരോദാത്തതയെ അഭിവാദ്യം ചെയ്യുന്നു.

2008 നവംബര്‍ 26 മുതല്‍ 29 വരെയുള്ള നാലു ദിവസത്തോളം നീണ്ടുനിന്ന ആക്രമണ പരമ്പരയാണ് ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയത്. സ്‌ഫോടനവും വെടിവെപ്പുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടു. ഛത്രപതി ശിവജി ടെര്‍മിനസ്, മുംബൈ ഛബാദ് ഹൗസ്, ദി ഒബ്‌റോയ് ട്രിഡെന്റ്, ദി താജ് പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫെ തുടങ്ങിയവക്കു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Latest