Connect with us

International

ചിക്കാഗോയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ചിക്കാഗോയില്‍ പത്തൊമ്പതുകാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു. ഹൈദരാബാദുകാരിയും ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഹോണേഴ്‌സ് വിദ്യാര്‍ഥിനിയുമായ റൂത്ത് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പ്രതി ഡൊണാള്‍ഡ് തുര്‍മാന്‍ (26)നെ ചിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാലയുമായി ബന്ധമൊന്നുമില്ലാത്ത വ്യക്തിയാണ് ഇയാള്‍. പ്രതിക്കെതിരെ ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച കാമ്പസിനകത്തെ വാഹന ഗാരേജിനകത്തുണ്ടായിരുന്ന ഒരു വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വര്‍ഷ ശരീര ശാസ്ത്ര ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട റൂത്ത് ജോര്‍ജ്. റൂത്തിനെ കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് മുതല്‍ യാതൊരു വിവരവുമില്ലെന്ന് കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. റൂത്തിന്റെ മൊബൈലില്‍ വിളിച്ചപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് മൃതദേഹവു സമീപത്തായി മൊബൈലും കണ്ടെത്തിയത്.

തന്റെ വാഹനമെടുക്കാന്‍ റൂത്ത് ഗാരേജിലേക്ക് പോകുന്നതും പ്രതി പിന്നാലെ കൂടുന്നതും കോളജ് കാമ്പസിലെ കാമറയില്‍ പതിഞ്ഞിരുന്നു. പരിശോധനയില്‍ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് പ്രതി നേരത്തെ സഞ്ചരിച്ച ബ്ലൂ ലൈന്‍ ട്രെയിന്‍ സ്റ്റേഷനില്‍ പോലീസ് നിരീക്ഷണം നടത്തുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി കുറ്റം പൂര്‍ണമായി സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.