മുത്തുനബി പരിഷ്കർത്താവും പുണ്യവാളനും പുണ്യവാളനും

 
Posted on: November 25, 2019 7:01 pm | Last updated: November 25, 2019 at 7:01 pm

മുത്തുനബി(സ)യെ പറ്റി പുണ്യവാളനെന്ന് പ്രയോഗിക്കുന്നത് ഇഷ്ടപ്പെടാത്തവർ ജമാഅത്തിലുണ്ട്. അത് കേവലമൊരു ഭാഷാപ്രശ്നമായി കണ്ടാൽ പോര. മറിച്ച് അടിത്തട്ട് തട്ടുന്ന ഒരു ആത്മീയക്കേടാണത്.

റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദിനെപ്പറ്റി പലരിൽ നിന്നായി പലപ്പോഴായി പറഞ്ഞു കേട്ടിട്ടുള്ളൊരു കാര്യമാണ്: ഓർ ജീവിതത്തിൽ ഒരു കറാഹത്ത് പോലും ചെയ്യാറില്ലായിരുന്നുവെന്ന്. റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്്ലിയാരുടെ ജീവിതം മൂന്ന് വർഷം മുഴുവൻ ഈയുള്ളവൻ നേരിട്ട് അനുഭവിച്ചതാണ്. പകരം കാണാത്തവിധം പരമ പരിശുദ്ധമാണാ ജീവിതം. ഇക്കഴിഞ്ഞ മാസം കണ്ണൂർ ജില്ലാ അഹ്സനീസ് മീറ്റിൽ ഇഹ്്യാഉസ്സുന്ന സീനിയർ മുദരിസ്സും സുലൈമാൻ ഉസ്താദിന്റെ ശിഷ്യനും മകനും നിത്യസഹചാരിയുമായ അബ്ദുല്ല ഉസ്താദ് പരസ്യമായി വെളിപ്പെടുത്തുകയാണ്: ഇക്കാലത്തിനുള്ളിൽ പുരക്കകത്തോ പുറത്തോ ഉസ്താദവർകൾ ഒരു കറാഹത്ത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല! നേരത്തെ മനസ്സിലുണ്ടായിരുന്ന തീപ്പൊരി അതോടെ മഹാ അഗ്നി ഗോളമായി ആളിക്കത്തി!!

മനുഷ്യന്മാർ മറ്റെല്ലാ മേഖലയിലും പലതരക്കാരാണെന്നത് പോലെ ആത്മീയതയിലും ഉണ്ട് ആ തരംതിരിവ്. നാം നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ആത്മപരിശോധന നടത്തി കുഴിച്ച് നോക്കുക. കറാഹത്തുകളുടെ ഹൈപ്പർ മാർക്കറ്റുകളും ഹറാമുകളുടെ മാളുകളുമാണ് നമ്മളിൽ അധികപേരും. അപ്പോൾ ഒരു പുരുഷായുസ്സ് മുഴുവൻ ജീവിച്ച് ഒരു കറാഹത്ത് പോലും ചെയ്യാതെ സൂക്ഷ്മതയുടെ ചൂളയിൽ ജീവിതം പഴുപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമേ അല്ല. ഇവിടെ ജമാഅത്തുകാരും ഇതര ആന്റി അഹ്്ലുസ്സുന്നകളും താന്താങ്ങളിലേക്ക് മാത്രമല്ല, തങ്ങളുടെ ചുറ്റുമുള്ളവരിലേക്കും ശൂറാതല നേതൃത്വത്തിലേക്കും ഈ പരിശുദ്ധിയുടെ ദർശിനിയിലൂടെ നോക്കണം. എന്നിട്ട് ഈ നിലക്ക് അതിസൂക്ഷ്മമായി ആത്മീയ ജീവിതം നയിക്കുന്നവർ ആരുണ്ട്/എത്രയുണ്ട് എന്ന് കണ്ടുപിടിക്കണം.

ഓർക്കേണ്ടത് ‘ഹവന്നഫ്സി’നെ വിരുന്നൂട്ടാൻ പ്രായോഗികതയുടെ പേര് പറഞ്ഞ് എല്ലാ വേണ്ടാത്തരങ്ങളേയും ന്യായീകരിച്ച് നടപ്പാക്കലല്ല ആത്മീയത എന്നതാണ്. ‘ഹെന്ത്, ഇന്നത്തെ കാലത്ത് അതൊക്കെ നടക്ക്വോ?. അതും മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റെയും ആഗോളവത്കരണത്തിന്റേയും തേങ്ങടെമൂടിന്റേയും ഇടയിൽ.. ലോണില്ലാതെ, ഇൻഷ്വറൻസില്ലാതെ, പലിശയില്ലാതെ, ടെലിഫിലിമില്ലാതെ.
ഇത് എല്ലാവർക്കും കഴിയും. അതേസമയം ഹറാമ് വെടിഞ്ഞ്, കറാഹത്ത് വെടിഞ്ഞ്, ഹലാല് തന്നെ വെടിയുന്ന എ പ്ലസ് പ്ലസ് പ്ലസ് പ്ലസ് പ്ലസ് ഗ്രേഡിലേക്ക് കുതിക്കാൻ ചില്ലറ പാടൊന്നുമല്ല. അത്യപൂർവം ആളുകൾക്ക് മാത്രമേ അതാകൂ. പക്ഷേ കാര്യമിതാണ്. അത്യപൂർവമായെങ്കിലും അത്തരക്കാർ ജീവിക്കണം. ഏറ്റവും ചുരുങ്ങിയത് ആത്മീയമായി അങ്ങനെ അത്യുയരം പ്രാപിക്കാൻ കഴിയുമെന്ന് നമ്മൾ മനസ്സാ അംഗീകരിക്കുകയെങ്കിലും വേണം. ജമാഅത്തുകാരും ഇതര ആന്റി അഹ്ലുസ്സുന്ന വൃത്തങ്ങളിലും ഇത്തരത്തിലുള്ള മഹാൻമാർ ഇല്ലെന്നത് പരിഹാരം കരിഞ്ഞ ആത്മീയ ദുരന്തമാണ്. നമ്മൾ പൊതുവെ മഹാനെന്ന് വിളിക്കുന്നവർ സമൂഹത്തിലെ പൊയ്കകളായി നിലകൊള്ളുന്നു. പൊയ്കയിൽ നിന്ന് ചുറ്റുപാടിലേക്ക് ഈർപ്പം അരിഞ്ഞിറങ്ങുന്നു. സമൃദ്ധിയും പച്ചപ്പും പടരുന്നു. അവരപ്പോലെ ആയിത്തീരാൻ കഴിയില്ലെങ്കിലും അങ്ങനെ ആയിത്തീരാൻ സമൂഹം നിരന്തരം ആഞ്ഞുനോക്കുന്നു.

പക്ഷേ പ്രശ്നമിതാണ്. ജമാഅത്തിനും ഇതരർക്കും, കൂട്ടത്തിൽപ്പെട്ട ചിലരെ മഹാനെന്നും ചിലരെ നോൺ മഹാനെന്നും വർഗീകരിക്കുന്നത് കടുത്ത വിവേചനമായി അല്ലെങ്കിൽ ഒടുക്കത്തെ വീരാരാധനയായി തോന്നിപ്പോകുന്നു. ചിലരെ പുണ്യവാളനായി അംഗീകരിക്കുന്നത് പിറകെ അവരെ ആൾദൈവമായി വാഴ്ത്തപ്പെടാനുള്ള ചീത്ത നിദാനമായിരിക്കുമെന്ന് ദുർബലമായി ഭയക്കുന്നു. എന്നിട്ട് ആ സാധ്യതയെത്തന്നെ റദ്ദ് ചെയ്യുന്നു.

ഇവിടെ സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. ഭൗതിക ലക്ഷ്യംവെച്ച് പുണ്യാള വേഷം കെട്ടിയാടാറുണ്ട്, ചില കോപ്പിരാട്ടി മൂഷേട്ടകൾ. അത്തരക്കാരെ ഉപജീവിച്ച് മുന്നോട്ട് പോവുന്ന ഒരു ഉപജാപക സംഘവും നിലവിലുണ്ട്. പുണ്യാളൻ കാറ്റ് പോയിക്കഴിഞ്ഞാലുടൻ ജാറം കെട്ടാനും ഉറൂസ് കഴിക്കാനുമായി നേർച്ച നേർന്നിരിക്കുന്ന ഫ്രോഡുകളും നമുക്കിടയിലുണ്ട്. മരിച്ചവരെ പോലും വെറുതെ വിടാതെ ഉറൂസ് വ്യാപാരം പൊടിപൊടിക്കുന്ന ചില വേരുചീഞ്ഞ പൂച്ചസന്യാസികളും രംഗത്തുണ്ട്. പറഞ്ഞേക്കാം, ഇത്തരം ഉറൂസ് മാഫിയകളെ കഠിനമായി നിയന്ത്രിച്ചില്ലെങ്കിൽ താങ്ങാനാവാത്ത വില നൽകേണ്ടി വരും. താക്കാതാണിത് താക്കീത്!!!!!

ഇതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് ചോദിച്ചാൽ മഹാന്മാരെയും പുണ്യവാളന്മാരെയും ഒട്ടും പരിചയമില്ലാത്ത ഒരു പുറ്റു തലമുറ ജമാഅത്തിൽ പൊള്ളക്കുന്നു? വ്യക്തമാക്കാം! ഒരു ടെസ്റ്റ് നടത്തണം. അതിന് രണ്ട് ഉപകരണങ്ങൾ വേണം. ഒന്നിന് പുച്ഛോസ്‌കോപി എന്നും മറ്റേതിന് രോമാഞ്ചോമീറ്ററെന്നും പേര് കൊടുക്കാം. ജമാഅത്ത് പുതുതലമുറയിലെ കുട്ടികളെ വരിവരിയായി നിർത്തുക. പുച്ഛോസ്‌കോപിന്റേയും രോമാഞ്ചോമീറ്ററിന്റേയും മോണിറ്ററുകൾ എല്ലാവരും കാണുംവിധം പരസ്യമായി പ്രൊജക്ട് ചെയ്യുക. മഹാന്മാമാരുടെ സന്നിദ്ധ്യം നിരാകരിക്കുക വഴി അവർ എത്തിച്ചേർന്ന ആപൽപതനത്തിന്റെ പ്രകാശനം നിങ്ങൾക്ക് ഇപ്പം കാണാം.

ഓരോ കുട്ടിയുടെയും ഇടനെഞ്ചിന്റെ ഭാഗത്ത് പുച്ഛോസ്‌കോപിന്റെ ഹൃദയം ചേർത്ത് വെക്കുക. എന്നിട്ട് സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ട് താഴെ പറയുന്ന പേരുകൾ വൺ ബൈ വണ്ണായി പറയുക. മമ്പുറം തങ്ങൾ, ഉമർ ഖാസി, സെനുദ്ദീൻ മഖ്ദൂം, ഏർവാടി ബാദ്ഷ, അജ്മീർ ഖാജാ, നിസമുദ്ദീൻ ഔലിയ, ശൈഖ് മുഹ്്യിദ്ദീൻ, രിഫഈ ശൈഖ് , ബദ്‌രീങ്ങൾ. ഈ പേരുകൾ ഓരോന്ന് പറയുമ്പോഴും വരിവരിയായി നിന്നിട്ടുള്ള ന്യൂജൻ സുഹൃത്തുക്കളുടെ മുഖത്ത് പ്രകടമാകുന്ന പുച്ഛത്തിന്റെ അളവ് വ്യത്യസ്ത ഡിഗ്രികളിലായി ഉപകരണം രേഖപ്പെടുത്തുന്നത് നോട്ട് ചെയ്തെടുക്കണം.

ഇനി രോമാഞ്ചോ മീറ്റർ ഓരോരുത്തരമായും ഘടിപ്പിക്കണം. ശേഷം താഴെ കൊടുത്ത പേരുകൾ ഒറ്റപ്പശ രോമാഞ്ചമില്ലാതെ ഉച്ഛത്തിൽ ഉച്ഛരിക്കണം. മയിലമ്മ, മേധാപട്കർ, വനന്ദശിവാ സുന്ദർലാൽ ബഹുഗുണ, ഖുത്വുബ്, മൗദൂദി, അബ്ദു, വാണിദാസ്, ഒ അബ്ദുല്ല, സിദ്ദീഖ് കൊടയത്തൂർ… മേൽ നാമങ്ങൾ അവരുടെ കർണപുടങ്ങളിൽ സ്പർശിക്കുമ്പോൾ മുഖങ്ങളിൽ വരുന്ന രോമാഞ്ചത്തിന്റെ അളവും വേണം എഴുതിയെടുക്കാൻ. ശേഷം താഴിട്ടുപൂട്ടിയ റൂമിൽ സ്വസ്ഥമായിരുന്ന് ലഭിച്ച ഡാറ്റകളെ കിറുകിറുത്യമായി അവലേകനം ചെയ്യാം.

വാസ്തവത്തിൽ ആരായിരുന്നു എങ്ങനെയായിരുന്നു മമ്പുറം തങ്ങൾ എന്ന് പുതിയ തലമുറ അറിയേണ്ടതായിരുന്നില്ലേ. കണ്ണിയത്ത് ഉസ്താദിന്റേയും സുലൈമാനുസ്താദിന്റേയും ജീവിത വിശുദ്ധി നടേ സൂചിപ്പിച്ചു. ജീവിതത്തിൽ ഒരു കറാഹത്ത് പോലും ചെയ്യാതെ ജീവിക്കുന്ന സുലൈമാൻ ഉസ്താദിന്റെ പേര് കേൾക്കുമ്പോൾ നമ്മളിൽ ആത്മീയ രോമാഞ്ചം പതഞ്ഞ് പുളയുന്നു. വലിയ മഹാനെന്ന് മനസ്സിൽ മന്ത്രണം ധ്വനിക്കുന്നു. ഉസ്താദിനെ നമ്മൾ ഒരു കൂനയായി കാണുമ്പോൾ തങ്ങളെ നമുക്ക് കുന്നായി സങ്കൽപ്പിക്കാം. മലകളും കൊടുമുടികളും അപ്പുറങ്ങളിൽ കിടക്കുന്നുണ്ട്. കണ്ണിയത്ത് ഉസ്താദിനെ നമ്മൾ ഒരു കനാലായി കാണുമ്പോൾ ശൈഖ് മഖ്ദൂമിനെ നമ്മൾക്ക് വലിയ കായലായി കാണാം. ആറുകളും അഴികളും മഹാസമുദ്രങ്ങളും അപ്പുറമുണ്ട്.
പക്ഷേ ഇതാണ് സ്ഥിതി. കാവ്, തുളസിത്തറ, ആൽമരക്കെട്ട്, എന്നൊക്കെ കേൾക്കുമ്പോൾ ഒരു ശരാശരി വിശ്വാസിയുടെ മനസ്സിൽ വരുന്ന ശിർക്ക്/കുഫ്റ് തോന്നലുകളോട് ഏകദേശം സാമ്യപ്പെട്ട് കിടക്കുന്ന ശിർക്ക് കുറാഫാത്ത് വിചാരങ്ങളാണ് മമ്പുറം തങ്ങൾ ഏർവാടി ശൈഖ് എന്നൊക്കെ കേൾക്കുമ്പോൾ തലച്ചോറുകളിലേക്ക് ഇരച്ച് വരുന്നത്. ഇതെന്ത് സങ്കടമാണ് പടച്ചോനേ…

മമ്പുറം തങ്ങൾ മഹാനാണെന്ന് മനസ്സിലാക്കണമെങ്കിൽ വിശുദ്ധ ജീവിതം നയിക്കുന്ന സുലൈമാൻ ഉസ്താദ് ആ തങ്ങളെ ആദരിക്കുന്നതും വാഴ്ത്തിപ്പറയുന്നതും കേൾക്കണം. സിദ്ധാന്തങ്ങൾ വായിച്ച് പഠിക്കാമായിരിക്കും. ആത്മീയാനുഭവങ്ങൾ കുറേയേറെ കണ്ടും കേട്ടും വേണം പകർത്താൻ. കൊടുമുടികൾ കാണാൻ കുന്ന് കാണുന്നത് നന്ന്. കുന്ന് കാണാൻ കുനയും. ജമാഅത്ത് നേതൃത്വം ഇളം തലമുറക്ക് കൂനയായി നിന്ന് കൊടുക്കാൻ കഴിയില്ലെങ്കിലും കൂനയെ തൊട്ട് കാണിച്ച് കൊടുക്കാനെങ്കിലും കഴിയണം. അതിന് കൂനകൾ വേണം. കൂനുകളല്ല കൂനകളെന്ന് തിരിച്ചറിയണം. മാധ്യമത്തിൽ വരുന്നത് ഫർളും മീഡിയാ വണ്ണിൽ വരുന്നത് സുന്നത്തും കൊടിയത്തൂർ കോമാളിത്തങ്ങൾ ആവർത്തിച്ച് കാണേണ്ടുന്ന നിത്യഔറാദുമായി മനസ്സിലാക്കുന്ന ഒരു അപ്രോച്ച് സുഖദമായ അഭിരാമ ജീവിതത്തിന് ഏറ്റവും നന്ന്. പക്ഷേ ആത്മീയ പ്രപഞ്ചത്തിന്റെ ഉൾക്കാമ്പുകളിലേക്ക് കാഴ്ച കിട്ടാൻ കഠിന സൂക്ഷ്മതയുടെ ആത്മീയ ജീവിതം കണ്ടുപഠിക്കുക തന്നെ വേണം. എന്നു വെച്ചാൽ മുത്തുനബിയെ മനസ്സിലാകണമെങ്കിൽ മഹാൻമാരെ മനസ്സിലാകണം. അതില്ലാത്ത കാലത്തോളം മെച്ചപ്പെട്ട ഒരു സാമൂഹിക പരിഷ്‌കർത്താവ് ഇവർക്ക് നബി. പുണ്യവാളനെന്ന് പറയുമ്പോൾ പള്ളയിൽ കാളുകയും ചെയ്യും. സോറി, അശേഷം കുറ്റപ്പെടുത്തുവാൻ ഉദ്ദേശിച്ചിട്ടേ ഇല്ല. ഒരാൾക്കെങ്കിലും റിവേഴ്സ് ചിന്തക്ക് വകയായെങ്കിലോ എന്ന ആർത്തി മാത്രം.