Connect with us

National

സ്‌ഫോടനം നടത്തി ഒറ്റയടിക്ക് കൊല്ലൂ; വായു മലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ വായു മലിനീകരണ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് സ്‌ഫോടകവസ്തുക്കളുപയോഗിച്ച് ഒറ്റയടിക്ക് കൊലപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. ഡല്‍ഹിക്കു ചുറ്റമുള്ള സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

വായു മലിനീകരണം പരിഹരിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രാഷ്ട്രീയക്കളികളും ആരോപണ പ്രത്യാരോപണങ്ങളും മാത്രമാണ് നടക്കുന്നതെന്നും പരമോന്നത കോടതി പറഞ്ഞു.
ലോകം നമ്മെ നോക്കി ചിരിക്കുകയാണ്. ജനങ്ങളുടെ ആയുസ്സ് കുറയ്ക്കുന്ന നിലപാടാണ് നിങ്ങള്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ഗ്യാസ്‌ ചേംബറുകളിലേക്ക് തള്ളിവിടുന്നത് എന്തിനാണ്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് അവരെ ഒറ്റയടിക്കു കൊല്ലുന്നതാണ് ഇതിലുമെത്രയോ ഭേദം. ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായുള്ള ബഞ്ച് കേന്ദ്രത്തിന്റെ രണ്ടാമത്തെ മുതിര്‍ന്ന അഭിഭാഷകനായ തുഷാര്‍ മെഹ്തയോട് പറഞ്ഞു. വായു മലിനീകരണം തടയാന്‍ ഒരു മാസത്തിലധികമായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതില്‍ കോടതി രോഷം പ്രകടിപ്പിച്ചു.

കേസ് പരിഗണിക്കവെ ഇതിനു മുമ്പും നിയമ വകുപ്പിലെ ഉദ്യോഗസ്ഥരെ കോടതി നിര്‍ത്തിപ്പൊരിച്ചിരുന്നു. വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്താന്‍ 10 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ്, ഹരിയാന ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചാബിനെതിരെയാണ് ഏറ്റവും കടുത്ത വിമര്‍ശനം കോടതി ഉയര്‍ത്തിയത്. തലസ്ഥാന മേഖലയിലെ ജനങ്ങള്‍ കാന്‍സറും മറ്റും പിടിപെട്ട് മരിക്കട്ടെയെന്നാണോ വായു മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു ചോദ്യം.
സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനാണ് സമയം ചെലവിടുന്നത്. ഈ മലിനീകരണം രാഷ്ട്രീയ അനാസ്ഥയുടെ ഫലമാണ്. കോടതിയുടെ മൂക്കിനു കീഴെയാണ് ഇതെല്ലാം നടക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. നടുക്കമുണര്‍ത്തുന്ന സ്ഥിതിവിശേമാണിത്. ഇതിനോടൊന്നും ക്ഷമിക്കാന്‍ കഴിയില്ല. കോടതി പറഞ്ഞു.

Latest