Connect with us

Cover Story

കാലവും നിറവും സമന്വയിക്കുന്നിടം

Published

|

Last Updated

ക്യാൻവാസിൽ മുളക്കുന്ന വരകൾ. അവയിൽ വേരുറപ്പിക്കുന്ന ആശയങ്ങൾ. വരയും ജീവിതവും അതിർ വരമ്പുകളില്ലാതെ പച്ചപ്പാടം പോലെ വിശാലം. കലയും ശാസ്ത്രവും സൗന്ദര്യവും ബോധവും ചിന്തയും ഈ വിശാലതയിൽ സമ്മേളിച്ചു. കാലത്തെ അടയാളപ്പെടുത്തുന്ന വരകളുടെ അപൂർവ ലോകം ഇവിടെ ഇങ്ങനെ തുറന്നുവെക്കപ്പെട്ടു. വരകളുടെ രസതന്ത്രത്തിൽ മറ്റാരും കാണാത്ത ഈ ലോകത്തേക്ക് അയാൾ നമ്മളെ കൈപിടിച്ചു നടത്തി. രാമചന്ദ്രനെന്ന ചിത്രമെഴുത്തുകാരനെ ഇങ്ങനെ പലതലത്തിൽ വായിച്ചെടുക്കാം.

ചിത്രമെഴുത്തിലെ ഓരോ വരയും കുറിയും അതിന്റെ അന്തരംഗമറിയുന്ന നിറവും ചേർത്ത് ആസ്വാദനത്തിന്റെ ഉത്കൃഷ്ടതലം രൂപപ്പെടുത്തിയെടുക്കാൻ കഴിവുള്ള ലോകത്തെ അപൂർവം ചിത്രകാരന്മാരിലൊരാളാണ് മലയാളിയായ എ രാമചന്ദ്രൻ എന്ന പദ്മഭൂഷൺ രാമചന്ദ്രൻ. സാംസ്‌കാരിക മേഖലകളിൽ ചർവിതചർവണം ചെയ്തിരുന്ന ജഡീഭൂതമായ കലാസങ്കൽപ്പങ്ങളെ ആധുനികമായ, ധൈഷണിക ഇടപെടലുകൾ നടത്തി കീഴ്‌മേൽ മറിക്കാൻ ശ്രമിച്ച വ്യക്തി എന്ന നിലയിൽ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ അതീവ പ്രാധാന്യം ഉള്ളതാണ് രാമചന്ദ്രന്റെ സാന്നിധ്യം.

ലോകസാഹിത്യത്തെ സ്വാധീനിക്കുന്ന പുതിയ കണ്ടെത്തലുകൾ, ശൈലികൾ എന്നിവയെല്ലാം ആദ്യമുയിർക്കുന്നത് ചിത്രകലയിലൂടെയാണെന്ന ഒരഭിപ്രായം പണ്ടു തൊട്ടേയുണ്ട്. ചില നേരനുഭവങ്ങൾ ഇത് ഉറപ്പിക്കുകയും ചെയ്യുന്നു. ലോകത്തോളം വളർന്ന ചിത്രമെഴുത്തുകാരുള്ള കേരളത്തിന് ലോക സാഹിത്യത്തെ സ്വാധീനിക്കുന്ന പലതും നൽകാൻ കഴിഞ്ഞുവെന്നതിന് ഉദാഹരണങ്ങൾ നിരവധി. രാജാരവിവർമ മുതൽ കെ സി എസ് പണിക്കർ വരെയും പിന്നീടിങ്ങോട്ടുമുള്ള ചിത്രകാരൻമാർ വരയുടെ തമ്പുരാക്കന്മാരായി ലോകത്ത് അറിയപ്പെട്ടവരാണ്. ലോകത്തിന്റെ പല ദിക്കുകളിലേക്കും ചേക്കേറിയ കേരളത്തിന്റെ സ്വന്തം ചിത്രമെഴുത്തുകാരെ എന്നാൽ പലപ്പോഴും നാം തിരിച്ചറിയാറില്ല. നമ്മുടെ ചിത്രകലാസ്വാദനത്തിന്റെ കഴിവു കുറഞ്ഞതു കൊണ്ടോ, മലയാളത്തിൽ ഇവരുടെ സൃഷ്ടികളെ വേണ്ട വിധത്തിൽ പരിചയപ്പെടുത്താത്തതു കൊണ്ടോ ആയിരിക്കാം ഭാരതീയ ചിത്രകലയെ ലോകത്തിന് മുന്നിൽ തുറന്നുവെച്ച ഇവരിൽ പലരും നമ്മിടങ്ങളിൽ നിന്ന് ബോധപൂർവം വിസമരിക്കപ്പെട്ടു പോകുന്നത്. കേരളീയമായ വാക്കുകളുടെയും ലിപികളുടെയും താളബോധം മനസ്സിൽനിന്ന് ക്യാൻവാസിലേക്ക് പകർത്തി പാരമ്പര്യങ്ങളുടെ പിൻവിളിയെ സമകാലികാനുഭവങ്ങളോട് കൂടി ചേർത്തുവെച്ച് ചിത്രമെഴുതി, ഇന്ത്യൻ ചിത്രകലയെ പുതിയൊരു ഭാവമണ്ഡലത്തിലേക്കെത്തിച്ച ചിത്രകാരന്മാരിൽ പലരും നമ്മുക്കിടയിലൂടെ വലിയ താരപരിവേഷമില്ലാതെ കടന്നുപോകുന്നുണ്ട്. എപ്പോഴെങ്കിലും അത് തിരിച്ചറിയപ്പെടുമ്പോഴാണ് നമുക്ക് ചുറ്റും നാം കെട്ടിയുയർത്തിയ ലോകം എത്ര പരിമിതമാണെന്ന് ബോധ്യമാകുക. ലോക വിപണികളിൽ കോടികളുടെ മൂല്യം എക്കാലത്തുമുള്ള ചിത്രങ്ങൾ എഴുതിയ മഹാപ്രതിഭകളാണ് ഇവരെന്ന് അറിയുമ്പോൾ നമ്മുടെ അമ്പരപ്പിന്റെ വ്യാപ്തി പലപ്പോഴും കൂടും.

രാമചന്ദ്രന്റെ കലാലോകം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935ൽ ജനനം. 1957ൽ കേരള സർവകലാശാലയിൽനിന്നും മലയാളത്തിൽ എം എ ബിരുദമെടുത്തു. കൊൽക്കത്തയിലെ ശാന്തിനികേതനിൽ നിന്ന് കലാപഠനം പൂർത്തിയാക്കി. 1961 മുതൽ 64 വരെ കേരളത്തിലെ ചുമർചിത്രങ്ങളെ കുറിച്ചു ഗവേഷണം നടത്തി. പിന്നീട് 1965ൽ ഡൽഹിയിലെ ജാമിയ മില്ലിയാ ഇസ്്ലാമിയ്യയിൽ ചിത്രകലാധ്യാപകനായി ചേർന്നു. അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. പത്മഭൂഷൺ, കാളിദാസ് സമ്മാൻ, രാജ രവിവർമ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 1993ൽ ഡൽഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം, 2000ൽ വിശ്വഭാരതിയിൽനിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, 2004ൽ കേരള സർക്കാറിന്റെ രാജാരവി വർമ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ. 1978ലും 1980ലും ബുക്ക് ഇല്ലസ്‌ട്രേഷന് ജപ്പാനിൽനിന്നും “നോമ” സമ്മാനം ലഭിച്ചു. ഭാരതീയ തപാൽ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തു. ഡൽഹിയിലെ മൗര്യാ ഷരാട്ടൺ, അശോകാ ഹോട്ടൽ, ഗാന്ധിസ്മൃതി, എന്നിവിടങ്ങളിൽ ചുവർച്ചിത്രങ്ങൾ ചെയ്തു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി കരിങ്കൽ ശിൽപ്പാഖ്യാനം നടത്തി. യയാതി, ഉർവശി, ന്യുക്ലിയർ രാഗിണി തുടങ്ങി പ്രസിദ്ധമായ ചിത്രങ്ങൾ വരച്ചു.

രാമചന്ദ്രന്റെ യയാതിക്ക് ഏകദേശം രണ്ട് കോടി രൂപയുടെ മൂല്യമാണ് നാഷനൽ ആർട്ട് ഗ്യാലറി നിശ്ചയിച്ചത്. മലയാളിയാണെങ്കിലും 1964 മുതൽ ഡൽഹി കേന്ദ്രമാക്കിയാണ് പ്രവർത്തനം. ഭാര്യ ചമേലി. രാഹുലും സുജാതയും മക്കൾ. രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിൽ അഞ്ച് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിൽ പി സുരേന്ദ്രൻ രചിച്ച “രാമചന്ദ്രന്റെ കല”, രാമചന്ദ്രന്റെ “ദൃശ്യസാരം” തുടങ്ങിയ പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രമുഖമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി സുധാകരൻ എഴുതിയ രാമചന്ദ്രന്റെ ആത്മകഥയടങ്ങിയ ജീവരേഖ എന്ന പുസ്തകവും ഈയിടെ പുറത്തിറങ്ങി.

ആദ്യ ഗുരു പ്രകൃതി

“വീടിനു പിറകുവശമുള്ള പറമ്പ് കുറ്റിക്കാടുകൾ നിറഞ്ഞതും വൃക്ഷനിബിഡവുമായിരുന്നു. താഴ്‌വാരം തൊട്ട് കുന്നിൻ നെറുകവരെ പരന്നുകിടക്കുന്ന സസ്യത്തഴപ്പുകൾ ആമസോൺ കാടുകളുടെ ഒരു “മിനിയേച്ചറി”നെപ്പോലെ തോന്നിച്ചു. വിവിധ ആകൃതിയിലും ഇനത്തിലുംപെട്ട മരങ്ങളും അവക്കിടയിൽ വളരുന്ന ചെടികളും വള്ളികളും നിറഞ്ഞ കുറ്റിക്കാടുകളും കനത്ത മുളങ്കൂട്ടവുമെല്ലാം നിരവധി വർണങ്ങളിലും മുഖ്യമായും പച്ചയുടെ വിവിധ ഭാവത്തിലുമുള്ള, അത്ഭുതകരമായ ഒരു “കൊളാഷ്” സൃഷ്ടിച്ചു. ഈ ഹരിതകംബളത്തിൽ നിറയെ വാരിവിതറിയിട്ടുണ്ടായിരുന്ന വെയിൽത്തുണ്ടുകൾക്കു മീതെ, ഒരു ചൈനീസ് പെയിന്റിംഗിൽ നിെന്നന്നപോലെ നാകമോഹനമെന്നു വിളിക്കുന്ന ഒരു ജോടി പക്ഷികൾ പറന്നുപോകുന്നത് ഞാനാദ്യമായി കണ്ടു. ആ ദൃശ്യങ്ങൾ എനിക്കിന്നുപോലും സുവ്യക്തമാണെന്ന്” പിൽക്കാലത്ത് രാമചന്ദ്രൻ കുറിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് വളർന്നുവലുതാകുന്നതിനും ചുറ്റുപാടുമുള്ള പച്ചപ്പിന്റെ താളവും സൗന്ദര്യവും കൊണ്ട് നിയന്ത്രിതമായ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതിനും രാമചന്ദ്രനെ ബാല്യകാലത്തെ ജീവിതം പ്രാപ്തനാക്കിയെന്നു വേണം കരുതാൻ. “പ്രകൃതിയിൽ നിന്ന് സ്‌കെച്ച് ചെയ്ത് ചിത്രം വരക്കുക” എന്നായിരുന്നു ഗുരുനാഥൻ രാംകിങ്കറിൽ നിന്നും തനിക്ക് കിട്ടിയ ആദ്യ നിർദേശമെന്ന് രാമചന്ദ്രൻ തന്റെ ജീവിതമെഴുത്തിൽ പറയുന്നുണ്ട്. “റോസിന്റെ നിറം ചുവപ്പാണ്” എന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. എന്നാൽ, ഏതു തരം ചുവപ്പാണ് നിങ്ങൾ കാണുന്നത് എന്ന് നമ്മളാരും ഒരിക്കലും ചോദിക്കാറില്ല. പ്രകൃതിയിലെ അതിസൂക്ഷ്മമായ ലേശഭേദങ്ങളെ ഗ്രഹിക്കുന്നുവെന്നതാണ് അത്രയും തീക്ഷ്ണമായ സംവേദന ശക്തിയില്ലാത്തവരിൽ നിന്നും കലാകാരന്മാരെ വ്യത്യസ്തമാക്കുന്നതത്രെ. രാമചന്ദ്രന്റെ വരകളിൽ നിറങ്ങളുടെ കൂടിച്ചേരലുകൾ സമൃദ്ധവുമാണ്.

വീണ്ടും കേരളത്തിൽ

രാമചന്ദ്രന്റെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെയും ശില്പങ്ങളുടെയും രണ്ടാമത്തെ പ്രദർശനം ഏറെക്കാലത്തിനുശേഷം സ്വന്തം നാടായ കേരളത്തിൽ അടുത്തിടെ സംഘടിപ്പിക്കുകയുണ്ടായി. 91 സൃഷ്ടികളെയാണ് ഇക്കുറി കലാപ്രേമികൾക്കായി പരിചയപ്പെടുത്തിയത്. ഇതിൽ പലതും നവസൃഷ്ടികളായിരുന്നു. താമരക്കുളം (ലോട്ടസ് പോണ്ട്‌സ്) എന്ന പേരിൽ 1980ൽ അദ്ദേഹം തുടക്കമിട്ട ചിത്രപരമ്പരയിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു പ്രദർശനത്തിനെത്തിയവയിൽ കൂടുതലും. അര നൂറ്റാണ്ടോളമായി ഡൽഹി വേദിയാക്കി പ്രവർത്തിക്കുന്ന രാമചന്ദ്രന്റെ പ്രദർശനം കേരളത്തിലാദ്യമായി 2013ലാണ് നടത്തിയിരുന്നത്. “ദി മഹാത്മ ആൻഡ് ദി ലോട്ടസ് പോണ്ട്” എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ വികസനത്തിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ധ്വംസനങ്ങളും ഗാന്ധിയൻ മൂല്യങ്ങളുടെ ച്യുതിയുമാണ് പ്രമേയമായിരുന്നത്. സ്വയംപര്യാപ്തമായ ഗ്രാമങ്ങളാണ് ഗാന്ധിയൻ ചിന്തകളുടെ കാതൽ. അതില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ചിത്രത്തിലൂടെ രാമചന്ദ്രൻ കാട്ടിത്തന്നു. 2016ൽ അദ്ദേഹം ചെയ്ത ഗാന്ധി ശില്പവും പ്രദർശനത്തിനെത്തി. ഗാന്ധിജിയുടെ സന്ദേശത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതാണ് പ്രതിമ. തോളിന് താഴേക്ക് സിലിണ്ടർ ആകൃതിയാണ്. ഗാന്ധിജിയുടെ ആത്മാർഥതയുടെ പ്രതീകമാണ് പ്രതിമയുടെ മിനുസം. നെഞ്ചിന്റെ പുറകിലാണ് വെടിയുണ്ടയുടെ തുള നൽകിയിരിക്കുന്നത്. അതിൽ ഹേ റാം എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നു. ഗാന്ധിജിയെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഗാന്ധിജി നമുക്കെല്ലാം പിതൃതുല്യനാണെന്നാണ് രാമചന്ദ്രന്റെ പക്ഷം. ഇന്ന് അദ്ദേഹത്തെ എല്ലാവരും രാഷ്ട്രീയ കരുവായി മാത്രം കാണുന്നു. എന്ത് ആദർശത്തിനു വേണ്ടിയാണോ അദ്ദേഹം നിലകൊണ്ടത് അതില്ലാതായി കൊണ്ടിരിക്കുന്നുവെന്നും രാമചന്ദ്രൻ പറഞ്ഞു. കൊൽക്കത്തയിലെ പഠനകാലത്ത് വിഭജനത്തിന്റെ ദുരിതം പേറിയ നിരവധി ജീവിതങ്ങൾ കണ്ട അനുഭവവും രാമചന്ദ്രന്റെ കലാസൃഷ്ടികളിലുണ്ട്.

അനുഭവത്തിന്റെ ചരടിൽ കോർത്ത ചിത്രങ്ങൾ

പ്രമുഖ ചിത്രകലാ നിരൂപകനായ ആർ ശിവകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ മുന്നിലും പിറകിലും രണ്ട് വ്യത്യസ്ത ചിത്രങ്ങൾ നെയ്‌തെടുത്ത ഒരു ചിത്രകംബളം പോലെയാണ് രാമചന്ദ്രന്റെ ചിത്രകലാജീവിതം. ഒരുവശത്ത് ലോകത്തിന്റെ കലുഷിതമായ കാഴ്ചകൾ; ഒരേസമയം സംഭ്രമാത്മകവും ബൃഹത്തുമാണത്. മറുവശത്താകട്ടെ, വല്ലാതെ മനം കുളിർപ്പിക്കുന്ന തരത്തിലുള്ള വിശാലമായൊരു സ്വപ്‌നലോകവും. പരസ്പരവിരുദ്ധമെന്ന പോലെ വ്യത്യസ്തമാണ് ഇവ രണ്ടും. സ്വപ്‌നങ്ങൾ ഉണർന്നിരിക്കുന്ന നമ്മുടെ ബോധതലത്തെ തുടച്ചുനീക്കുംപോലെ ഒന്ന് മറ്റൊന്നിനെ അദൃശ്യമാക്കുന്നു.

മാത്രമല്ല, ഒരേ അനുഭവത്തിന്റെ ചരട് കൊണ്ടാണ് പരസ്പരവിരുദ്ധമായ ഈ രണ്ട് രൂപങ്ങളും സൃഷ്ടിച്ചിരിക്കുന്നത്. ഇത് രാമചന്ദ്രന്റെ കലയെ സംബന്ധിച്ച സമഗ്രവീക്ഷണം നടത്തുന്ന ആരേയും അത്ഭുത പരതന്ത്രരാക്കിയേക്കാം. വടക്കു കിഴക്കൻ കുന്നുകളിലൂടെ, മഞ്ഞുറയുന്ന മലകളിലൂടെ, നഗരങ്ങളിലൂടെ, വരണ്ട ഗ്രാമങ്ങളിലൂടെ, ചരിത്രവും അസ്ഥികൂടങ്ങളും തടയുന്ന സമതലങ്ങളിലൂടെ, കേരളത്തിന്റെ ചരിത്ര സ്മൃതികളിലൂടെ, വർത്തമാനത്തിന്റെ എരിവെയിലിലൂടെ കെട്ടുപിണഞ്ഞു കിടക്കുന്ന പല വഴികളിലൂടെ സഞ്ചരിച്ച് ഭാരതീയ ചിത്രകലയുടെ ഉള്ളറിഞ്ഞ്,പൊരുളറിഞ്ഞ് അവയെ ലോകത്തിനു മുന്നിലെത്തിച്ച ഒരാൾ കൂടിയാണ് രാമചന്ദ്രനെന്ന മഹാ പ്രതിഭയെന്ന് നിസ്സംശയം പറയാം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി