Connect with us

National

ജൂലിയന്‍ അസാഞ്ചിന്റെ നില അതീവ ഗുരുതരം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന് ഡോക്ടര്‍മാര്‍

Published

|

Last Updated

ലണ്ടന്‍ | അമേരിക്കക്കെതിരായ ചാരപ്രവര്‍ത്തന കേസില്‍ പ്രതിയായി ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ ആരോഗ്യനില അത്യന്തം വഷളായതായി ഡോക്ടര്‍മാര്‍. അസാഞ്ച് ജയിലില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കി വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 60 ഡോക്ടര്‍മാര്‍ ഒപ്പിട്ട തുറന്ന കത്ത് തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റണമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനു നല്‍കിയ കത്തില്‍ പറയുന്നു. അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഇറ്റലി, ജര്‍മനി, ശ്രീലങ്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടര്‍മാരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.

2019 ഏപ്രിലില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ആസ്‌ത്രേലിയന്‍ പൗരനും 48കാരനുമായ അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. സ്വീഡനിലേക്ക് അയക്കുന്നത് ഒഴിവാക്കാന്‍ 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു അസാഞ്ച്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 50 ആഴ്ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹം നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് കഴിയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു എസ് നടത്തിയ ബോംബാക്രമണങ്ങള്‍ സംബന്ധിച്ച സൈനിക, നയതന്ത്ര രേഖകള്‍ വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചുവെന്നതാണ് അസാഞ്ചിനെതിരായ ആരോപണം. എന്നാല്‍, ആരോപണം അസാഞ്ച് നിഷേധിച്ചിട്ടുണ്ട്.

Latest