Connect with us

National

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ പത്തരക്ക് ഉത്തരവെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ രൂപവത്ക്കരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാളെ പത്തരക്ക് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍ ബന്ധപ്പെട്ട കക്ഷികളുടേയെല്ലാം വാദം പൂര്‍ത്തിയാക്കി ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റിവെച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തുമെന്നത് സംബന്ധിച്ച് കോടതി തീരുമാനം ഒരു ദിവസം കൂടി വൈകിയതിനാല്‍ ഫലത്തില്‍ ബി ജെ പിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നിരിക്കുകയാണ്. ഇനി നാളെ 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടാലും ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഇന്നും നാളേയുമടക്കം 48 മണിക്കൂറാണ് ലഭിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് സമയം വൈകുന്നത് അനുസരിച്ച് കുതിരക്കച്ചവട സാധ്യതയും വര്‍ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്രയില്‍ ബി ജെ പിയെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ഇന്നലെ ത്രികക്ഷി സഖ്യത്തിന്റെ ഹരജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട മൂന്ന് രേഖകളും സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കി. ഫഡ്‌നാവിസ് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കി കത്തും ഗവര്‍ണര്‍ ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചുള്ള കത്തും എന്‍ സി പിയുടെ എം എല്‍ എമാരുടെ പിന്തുണ കത്തുമാണ് കോടതിയില്‍ ഹാജരാക്കിയത്. 54 എന്‍ സി പി എം എല്‍ എമാരുടെ പിന്തുണ കത്താണ് ഹാജരാക്കിയത്.

എന്നാല്‍ രേഖകളെല്ലാം ലഭിച്ചെങ്കിലും ഗവര്‍ണര്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലേക്ക് ഇപ്പോള്‍ കോടതി കടക്കുന്നില്ലെന്നും തങ്ങള്‍ക്ക് മുന്നിലുള്ള വിഷയം വിശ്വാസ വോട്ടെടുപ്പ് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായി ഇത് വലിച്ച് നീട്ടാന്‍ കോടതിക്ക് താത്പര്യമില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. ഗവര്‍ണറുടെ മുമ്പിലല്ല, സഭയിലാണ് വിശ്വാസം തെളിയിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികളുടേയെല്ലാം വാദംകേട്ട ശേഷം കോടതി തീരുമാനം നാളെ അറിയിക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പ് നടത്തിയേ പറ്റൂവെന്നും എന്നാല്‍ അതിന് സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് ആവില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകള്‍ റോത്തഗി വാദിച്ചു. ഹാജരാക്കിയ രേഖകളൊന്നും വ്യാജമല്ല. അജിത് പവാറാണ് എന്‍ സി പിയുടെ നിയമസഭാ കക്ഷി നേതാവ്. അദ്ദേഹം നല്‍കി പിന്തുണ കത്ത് ശരിയായിട്ടുള്ളതാണ്. ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ പവാര്‍ കുടുംബത്തില്‍ ചില തര്‍ക്കങ്ങളുണ്ട്. കുടുംബവും പാര്‍ട്ടിയും ഒരു പിളര്‍പ്പിലാണുള്ളത്. ഇതിനാല്‍ എം എല്‍ എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വന്തമാക്കാന്‍ മറ്റൊരു പവാര്‍ (ശരത് പവാര്‍) ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുകള്‍ റോത്തഗി പറഞ്ഞു. സര്‍ക്കാറിന് വിശ്വാസം തെളിയിക്കാന്‍ 14 ദിവസത്തെ സമയം കോടതി അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ അധികാരത്തില്‍ കോടതി ഇടപെടരുതെന്ന് അജിത് പവാറിനായി ഹാജരായ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. അജിത് പവാറാണ് എന്‍ സി പി നേതാവ്. ഫഡ്‌നാവിസിന് പിന്തുണ അറിയിച്ച് നല്‍കിയ കത്ത് നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കുന്നതാണെന്ന് അജിതിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തുഷാര്‍ മേത്തയും വാധിച്ചു.

എന്നാല്‍ ബി ജെ പി സര്‍ക്കാറിനൊപ്പമില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ സി പി എം എല്‍ എമാര്‍ ഒപ്പിട്ട കത്ത് കപില്‍ സിബല്‍
കോടതിയില്‍ ഹാജരാക്കി. കൂടാതെ സഭയിലെ 154 എം എല്‍ എമാര്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള കത്തും കബില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കി. യഥാര്‍ഥ എന്‍ സി പി ശരത് പവാറിനൊപ്പമാണ്. അജിത് പവാര്‍ നല്‍കി കത്തിന് വിലയില്ല. ഇതിനാല്‍ 24 മണിക്കൂറിനകം സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടണം. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ സഭ നിയന്ത്രിക്കാന്‍ പ്രോട്ടം സ്പീക്കറാക്കണം. ഇത് കോടതി തന്നെ നിശ്ചയിക്കണമെന്നും എന്‍ സി പിക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അജിത് പവാര്‍ ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. കബില്‍ സിബല്‍ ഹാജരാക്കിയ 154 പേര്‍ ഒപ്പിട്ട സത്യവാഗ്മൂലം പിന്‍വലിക്കുകയാണെന്ന് സിംഗ്വി അറിയിച്ചു. ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകള്‍ റോത്തഗി സിബലിന്റെ സത്യവാംഗ്മൂലത്തിന് എതിര്‍ സത്യവാഗ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത്വം ചൂണ്ടിക്കാട്ടി വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് ബന്ധപ്പെട്ട കക്ഷികളെല്ലാം പറയുന്നു. പിന്നെ എന്തിന് ഇത് നീട്ടിവെക്കുന്നതെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. വിശ്വാസ വോട്ടെടുപ്പ് രഹസ്യമായി നടത്തേണ്ടതില്ലെന്നും ജനാധിപ്യത്തിന്റെ പരിശുദ്ധി സംരക്ഷിക്കാന്‍ ഇന്നോ, നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടണമെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest