Connect with us

National

പിന്തുണ കത്തില്‍ എന്‍ സി പിയുടെ മുഴുവന്‍ എം എല്‍ എമാരും ഒപ്പിട്ടു: ബി ജെ പി അഭിഭാഷകന്‍

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും എന്‍ സി പിയും സമര്‍പ്പിച്ച ഹരജി അല്‍പ്പ സമയത്തിനകം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ എല്ലാം ന്യായീകരിച്ച് ബി ജെ പി അഭിഭാഷന്‍. ബി ജെ പി സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമായിരുന്നെന്നും ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ എന്‍ സി പി എം എല്‍ എമാരുടെ പിന്തുണ കത്തുമുണ്ടെന്ന് അഭിഭാഷകനായ മുകള്‍ റോത്തഗി പറഞ്ഞു. മുഴുവന്‍ എന്‍ സി പി എം എല്‍ എമാരും ഇതില്‍ ഒപ്പിട്ടട്ടിട്ടുണ്ടെന്നും റോത്തഗി പറഞ്ഞു. ബി ജെ പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷനായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

അതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എം എല്‍ എമാര്‍ക്ക് അജിത് പവാര്‍ വിപ്പ് നല്‍കുമെന്നും വിവരമുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി എന്‍ സി പി തെരഞ്ഞെടുത്തിരുന്നു. അജിത് പവാര്‍ സ്വന്തം നിലക്ക് തന്റെയും പാര്‍ട്ടി എം എല്‍ എമാരുടെയും പിന്തുണ ബി ജെ പിക്കാണെന്ന് അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഈ നീക്കത്തെ മറികടക്കാനുള്ള ശ്രമം പാര്‍ട്ടിയും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എം എല്‍ എമാരുടെ യോഗം ചേര്‍ന്ന് നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി പകരം ജയന്ത് പാട്ടീലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഇന്നലെ തന്നെ ജയന്ത് പാട്ടീല്‍ രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവര്‍ണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് നല്‍കി ജയന്ത് മടങ്ങുകയായിരുന്നു.

Latest