Connect with us

National

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി; പാര്‍ലിമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും പൂര്‍ത്തിയാക്കി പ്രഖ്യാപനത്തിന് തയ്യാറായി നില്‍ക്കെ ഒരു രാത്രികൊണ്ട് എല്ലാം തകടിം മറിച്ച് ബി ജെ പി അധികാരം പിടിച്ച സംഭവം ഇന്ന് പാര്‍ലിമെന്റിനെ പ്രക്ഷുഭ്ദമാക്കും. പാര്‍ലിമെന്റിന്റെ ഇരു സഭയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ശിവസേനയും നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലിമെന്റ് സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം ശിവസേനയുടെ എം പിമാര്‍ സ്വീകരിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഭരഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത്, എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് ബി ജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റതെന്നാണ് പ്രതിപക്ഷ ആരോപണം. എല്ലാ നീക്കങ്ങളും നടന്നത് അര്‍ധ രാത്രിയിലാണ്. രാഷ്ട്രപതിയേയും ഗവര്‍ണറേയുമെല്ലാം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ബി ജെ പി ഉപയോഗിച്ചെന്നാണ് പ്രധാന ആരോപണം.

രാഷ്ട്രപതി ഭരണം പിന്‍വലിച്ച് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ എപ്പോഴാണ് തീരുമാനം എടുത്തത്. രാത്രി ഒരു മണിക്ക് എങ്ങനെയാണ് ഗവര്‍ണര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് എന്‍ സി പി എം എല്‍ എമാരുടെ പിന്തുണ ഉണ്ടെന്ന് ഉറപ്പിച്ചത്?. സത്യപ്രതിജ്ഞക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചത് എന്തുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചില്ല?. ഭൂരിഭക്ഷം തെളിയിക്കാന്‍ എന്തുകൊണ്ട് ഗവര്‍ണര്‍ ഫഡ്‌നാവിസിന് സമയ പരിധി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം പ്രതിപക്ഷം സഭയിലുന്നയിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്നാണ് എല്ലാ നാടകങ്ങളും നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇരുവരേയും ലക്ഷ്യമിട്ടായിരിക്കും ഇന്ന് പ്രധാനമായും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍.