Connect with us

Kozhikode

ജോളിയുടെ ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ചുരുളഴിയുന്നു

Published

|

Last Updated

താമരശ്ശേരി | സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയ ജോളിയുടെ ദുരൂഹതകൾ നിറഞ്ഞ ജീവിതത്തിന്റെ ചുരുളഴിയുമ്പോൾ ഉൾക്കൊള്ളാനാവാതെ നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും. പഠന കാലം മുതൽ ദുരൂഹമായ ജീവിതം നയിച്ച ജോളി കൊലപാതകം പരിശീലിച്ചത് വീട്ടിലെ വളർത്തുനായയെ കൊലപ്പെടുത്തിയായിരുന്നുവെന്ന വെളിപ്പെടുത്തൽ ആസൂത്രണത്തിന്റെ ആഴങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കട്ടപ്പനയിലെ തറവാട് വീട്ടിൽ കാർഷിക ആവശ്യത്തിനായി പിതാവ് സൂക്ഷിച്ച വിഷം വീട്ടിലെ വളർത്തുനായക്ക് നൽകിയാണ് ജോളി കൊലപാതകം പരിശീലിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വളർത്തുനായ ചത്തപ്പോൾ ആർക്കും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. വിഷം നൽകി കൊലപ്പെടുത്തിയാൽ തിരിച്ചറിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് അന്നമ്മക്ക് വിഷം നൽകാൻ തീരുമാനിച്ചത്. ഇതിന്നായി ജോളി തിരഞ്ഞെടുത്തത് 2005 ൽ കേന്ദ്ര സർക്കാർ നിരോധിച്ച ഗോഡ് കിൽ എന്ന വിഷമായിരുന്നു.

2000 ജൂലൈയിലാണ് ഇത് കോഴിക്കോട്ടെ മരുന്ന് കടയിൽ നിന്നും വാങ്ങിയത്. ജില്ലാ മൃഗാശുപത്രിയിൽ നിന്നുള്ള കുറിപ്പുമായെത്തിയാണ് വിഷം വാങ്ങിയത്. ആട്ടിൻസൂപ്പിൽ ഡോഗ് കിൽ കലർത്തി അന്നമ്മക്ക് നൽകിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനാൽ മരിച്ചില്ല. മൂന്നാഴ്ച കഴിഞ്ഞാണ് വീണ്ടും ആട്ടിൻ സൂപ്പിൽ വിഷത്തിന്റെ അളവ് കൂട്ടി അന്നമ്മക്ക് നൽകിയത്.

പഠന കാലത്ത് മോഷണത്തിനും മറ്റും പിടിക്കപ്പെട്ട ജോളിയുടെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമാണ്. വിദ്യാസമ്പന്നരായ പൊന്നാമറ്റം കുടുംബത്തിലേക്കെത്താൻ നിരവധി കളവുകളാണ് ജോളി പറഞ്ഞത്. എം കോംകാരിയെന്ന് പരിചയപ്പെടുത്തിയ ജോളിയെ തുടർ പഠനത്തിനും ജോലി നേടുന്നതിനും നിർബന്ധിച്ചതാണ് അന്നമ്മ ടീച്ചറെ വകവരുത്താനുള്ള കാരണം. തുടർ പഠനത്തിനെന്ന പേരിൽ കോട്ടയം പാലായിലെ ഹോസ്റ്റലിലും ബന്ധു വീട്ടിലുമായി താമസം ആരംഭിച്ച ജോളിയുടെ നീക്കങ്ങളിൽ സംശയം തോന്നിയ അന്നമ്മ ടീച്ചർ ജോളിയെ പിന്തുടർന്നു. അവർ പാലായിലെത്തി ജോളിക്കൊപ്പം താമസിച്ചതോടെ ആ നാടകവും പൊളിഞ്ഞു. ഇനിയും അന്നമ്മയെ ജീവിക്കാൻ അനുവദിച്ചാൽ തന്റെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തറിയുമെന്ന് മനസ്സിലാക്കിയ ജോളിക്ക് പിന്നീട് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

അന്നമ്മയുടെ മരണത്തോടെ ജോളിയുടെ ജീവിതം കൂടുതൽ വഴിവിട്ടതായപ്പോൾ നിയന്ത്രിക്കാൻ ഭർത്താവ് റോയ് തോമസിനോ പിതാവ് ടോം തോമസിനോ കഴിഞ്ഞിരുന്നില്ല. ജോളിയുടെ പല ബന്ധങ്ങളെയും റോയ് തോമസ് എതിർത്തെങ്കിലും ഇതൊന്നും ജോളിക്ക് തടസ്സമായില്ല.
ബാക്കിയുള്ള സ്വത്തിൽ റോയിക്ക് അവകാശമില്ലെന്ന ടോം തോമസിന്റെ വാക്കാണ് അന്നമ്മയെ കൊലപ്പെടുത്തി കൃത്യം ആറ് വർഷം തികയുമ്പോൾ ടോം തോമസിനെയും കൊലപ്പെടുത്താൻ ജോളിയെ പ്രേരിപ്പിച്ചത്. ഇതിനിടെ അന്നമ്മ ടീച്ചറുടെ സഹോദര പുത്രനായ എം എസ് മാത്യു എന്ന ഷാജിയുമായി ജോളി കൂടുതൽ അടുപ്പത്തിലാവുകയും സയനൈഡ് വാങ്ങിയെടുക്കുകയും ചെയ്തിരുന്നു. തേരോട്ടത്തിന് തടസ്സമായ ഭർത്താവിനെ ഇല്ലാതാക്കാനും ജോളിക്ക് മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല.

റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച അമ്മാവൻ മാത്യുവിനെയും ഇല്ലാതാക്കി ബി എസ് എൻ എൽ ജീവനക്കാരനും കൂടത്തായി സ്വദേശിയുമായ ജോൺസനെ വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ തീരുമാനം.
എന്നാൽ വിവാഹം കഴിക്കാൻ ജോൺസൺ തടസ്സങ്ങൾ ഉന്നയിച്ചതോടെയാണ് പേരിനൊരു ഭർത്താവെന്ന നിലയിൽ ഷാജുവിനെ വിവാഹം കഴിച്ചത്. ഇതിനായി കൊലപ്പെടുത്തിയത് ഷാജുവിന്റെ മകളായ ഒന്നര വയസ്സുകാരി ആൽഫൈനേയും മാതാവ് സിലിയേയും. കുടുംബത്തിൽ നിന്നുള്ള ആറ് പേരെ കൊന്ന് തള്ളിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ആർഭാട ജീവിതം നയിച്ച ജോളിയെ സാധാരണ സ്ത്രീയായി കാണാൻ കൂടത്തായിക്കാർക്കും കട്ടപ്പനക്കാർക്കും കഴിയുന്നില്ല.

Latest