Connect with us

National

മഹാരാഷ്ട്ര: ത്രികക്ഷി സഖ്യത്തിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ദേവേന്ദ്ര ഫഡ്‌നാവിസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ശിവസേന -എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത് .ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് .ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നതാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പു നേരിടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ശിവസേനക്ക് വേണ്ടി ആദ്യം കപില്‍ സിബിലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മറ്റ് ചിലരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അല്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കപില്‍ സിബില്‍ ചൂണ്ടിക്കാട്ടി. ഇന്ന് തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നും കപില്‍ സിപില്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ് മനുവി വാദിച്ചു. കുതിരക്കച്ചവടം ഇല്ലാതാക്കാന്‍ ഇതാണ് നല്ലതെന്നും അദ്ദേഹം വാദിച്ചു. അതേ സമയം ഹരജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും നിലനില്‍ക്കില്ലെന്നും ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോത്തഗി കോടതിയില്‍ വാദിച്ചു. ഹരജി സംബന്ധിച്ച് കോടതിയില്‍ വാദങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.